ന്യൂദല്‍ഹി: തെലങ്കാന ബില്‍ ലോക്സഭയില്‍ പാസാക്കിയെങ്കിലും ബില്‍ നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ഇനിയും കടമ്പകള്‍ ബാക്കി. ബില്ല് ഇനി രാജ്യസഭയില്‍ പാസാക്കേണ്ടതുണ്ട്. ഇതിനു ശേഷം രാഷ്ട്രപതിയുടെ കൂടി അംഗീകാരം നേടിയാലേ സംസ്ഥാന വിഭജനം നടപ്പാക്കാനാവൂ. ലോക്സഭയിലേക്കാള്‍ ഭരണപക്ഷത്തിന് അംഗങ്ങള്‍ കുറവുള്ള രാജ്യസഭയില്‍ ബില്ല് പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ വിഷമിക്കേണ്ടിവരും. ലോക്സഭയിലേക്കാളധികം തെലങ്കാന വിഷയം ആളിക്കത്തിയതും രാജ്യസഭയിലാണ്. തെലങ്കാനയെ എതിര്‍ക്കുന്ന എംപിമാരുടെ പ്രതിഷേധം മറികടന്ന് ബില്ല് പാസാക്കാന്‍ മൂന്ന് സഭാ സമ്മേളന ദിനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതിനിടെ പൊതു ബജറ്റ് ഉള്‍പ്പെടെ രാജ്യസഭ പാസാക്കേണ്ടതുണ്ട്. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട ബില്ലുകളൊന്നും ഈ സാഹചര്യത്തില്‍ സഭകളില്‍ അവതരിപ്പിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് ബോധ്യമുണ്ട്.
രാജ്യസഭയില്‍ നാളെ തെലങ്കാന ബില്‍ അവതരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. ഇന്നു തന്നെ ബില്ല് അവതരിപ്പിക്കുന്നതിനുള്ള സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. രാജ്യസഭയില്‍ രണ്ടു ദിവസത്തിനകം തെലങ്കാന ബില്‍ പാസായില്ലെങ്കില്‍ ഈ സഭാകാലാവധി അവസാനിക്കുന്നതിനാല്‍ ബില്‍ ലാപ്സാകുന്ന സാഹചര്യമുണ്ടാകും. ഇതോടെ തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമാകും. സീമാന്ധ്രയിലെ 23 സീറ്റുകളും ഇനി പ്രതീക്ഷിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്ല ബോധ്യമുണ്ടുതാനും.
അതിനിടെ രാജ്യസഭ ഇന്നലെ ചര്‍ച്ചകൂടാതെ റെയില്‍ ബജറ്റ് പാസാക്കി. ഇന്ന് തെലങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ലെങ്കില്‍ പൊതുബജറ്റ് അവതരിപ്പിച്ച് പാസാക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: