നിലമ്പൂര്‍: കോണ്‍ഗ്രസ്സ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജിവനക്കാരി രാധ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി ബിജുവിനെതിരെ പോലീസ് ലൈംഗികപീഡനകുറ്റവും ചുമത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.പി. വിജയകുമാര്‍ കഴിഞ്ഞ ദിവസം നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ റിമാന്റ് റിപ്പോര്‍ട്ടിലാണ് ബിജുവിനെതിരെ ലൈംഗികപീഡനകുറ്റവും ചുമത്തിയിരിക്കുന്നത്. ബലാത്സംഗം നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെങ്കിലും ജനനേന്ദ്രിയത്തില്‍ ചൂല് കുത്തിയിറക്കിയതാണ് പീഡനകുറ്റത്തിനാധാരം. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും പ്രതികളായ ബിജുവിനും ഷംസുദ്ദീനുമെതിരെ ചുമത്തിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി ബിജുവിന്റെ ജിവന് ഭീഷണിയുണ്ടെന്ന് പരാമര്‍ശമുണ്ടെങ്കിലും എവിടെനിന്നാണെന്നോ ആരാണ് ജീവന് ഭീഷണി ഉയര്ത്തുന്നതെന്നോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. രാധയുടെ മൃതദേഹം പ്രതികള്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ നിന്നും പുറത്തേക്കുകൊണ്ടുപോയ സമയം റിമാന്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. രാവിലെ 11 ഓടെ മൃതദേഹം കൊണ്ടുപോയെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞിരുന്നത്. രാധ ജോലി ചെയ്തിരുന്ന മറ്റ് ഓഫീസുകളെക്കുറിച്ചുള്ള പരാമര്‍ശവും റിമാന്റ് റിപ്പോര്‍ട്ടില്‍ ഇല്ല. ബിജുവിന്റെ മൊബെയില്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയതെന്നും സംശയം തോന്നിയ 12 പേരടക്കം 69 പേരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേസില്‍ മൂന്നാമെതാരാള്ക്ക് പങ്കുണ്ടോ എന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ ചില പ്രധാന സാക്ഷികളുടെ മൊഴികള്‍ അന്വേഷണ സംഘം അവഗണിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ രാധയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ ദിവസം പുലര്‍ച്ചെ കുളത്തിന് സമീപം കാര്‍ കണ്ടെന്ന് മൊഴി നല്കിയ ടാപ്പിംഗ് തൊഴിലാളിയില്‍ നിന്നും അന്വേഷണസംഘം മൊഴി എടുത്തില്ലെന്നാണ് പറയുന്നത്. കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുന്നതിന് മുമ്പ് പോലീസ് ഇയാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
അതോടൊപ്പം കേണ്‍ഗ്രസ്സ് ഓഫീസിന് സമീപത്തെ കടക്കാരില്‍ നിന്നും മൊഴി എടുത്തിട്ടില്ലെന്നും ആരെയോ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കിയതെന്നും ആരോപണമുണ്ട്.
അതേസമയം കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും ശക്തമാവുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ഇന്നലെ മലപ്പുറത്ത് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: