അരുവിപ്പുറം പ്രതിഷ്ഠാ ശതോത്തര രജതജൂബിലി, ആലുവ അദ്വൈതാശ്രമം ശതാബ്ദി, ദൈവദശകം രചനാ ശതാബ്ദി എന്നിവയോടനുബന്ധിച്ച് മദ്യത്തിനും ജാതിക്കുമെതിരെ ഗുരുധര്‍മ്മപ്രചാരണ സഭ നടത്തുന്ന ഗുരുസന്ദേശയാത്ര 23 ന് അരുവിപ്പുറത്ത് സമാപിക്കുന്നതിനെക്കുറിച്ച് ഒരു വിചാരം
മനുഷ്യകുലം നേരിടേണ്ടി വരുന്ന സമസ്ത പ്രശ്നങ്ങള്‍ക്കും ലളിതമായി ഭാഷ്യം രചിച്ചു പരിഹാരം കണ്ടെത്തുകയും സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കായി മഹത്തായ സംഭാവന ചെയ്യുകയും ചെയ്ത മഹാമനുഷ്യനായിരുന്നു ശ്രീനാരായണ ഗുരുദേവന്. ഒരു അത്ഭുതപ്രതിഭാസമായി ഗുരുദേവനും ഗുരുദേവ ദര്‍ശനവും ലോകത്തിനു വഴികാട്ടിയായി ഇന്നും നിലകൊള്ളുന്നു.
വിദ്യാഭ്യാസം സര്‍വരുടെയും പുരോഗതിക്കു വഴിതുറക്കും എന്നു കണ്ടറിഞ്ഞ ഗുരുദേവന് വിദ്യകൊണ്ടു സ്വതന്ത്രരാകാമെന്നു ഉപദേശിച്ചു. ആ ഉപദേശം വാക്കുകളില്‍ തളച്ചിടുക മാത്രമായിരുന്നില്ല. ഫലപ്രദമായി കര്മ്മപദത്തിലെത്തിച്ചുകൊണ്ടു വലിയൊരു പരിവര്‍ത്തനം തന്നെ സൃഷ്ടിച്ചു. ഗുരുവിന്റെ വിദ്യാഭ്യാസ ദര്‍ശനം ഏറ്റെടുക്കുന്നതില്‍ മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങുകയായിരുന്നു കേരളം. പറ്റാതെവന്നവര്ക്കായി ഗുരുതന്നെ വിദ്യാലയം സ്ഥാപിച്ചു കൊണ്ടു പതിതവര്‍ഗത്തിന്റെ ഈ മേഖലയിലെ തടസങ്ങള്‍ പരിഹരിക്കുകയുണ്ടായി. ഇന്നു നമ്മുടെ സംസ്ഥാനം വിദ്യാഭ്യാസ മുന്നേറ്റത്തില്‍ രാജ്യത്തിനാകെ മാതൃകയായിതീര്ത്തതിനു പിന്നില്‍ ഗുരുദേവനും അവിടുത്തെ ദര്‍ശനവും മുന്നില്‍ നില്‍ക്കുന്നുവെന്നത് കൃതജ്ഞതയോടെ സ്മരിക്കപ്പെടും.
ഗുരുദേവന് സാമൂഹിക വിപ്ലവത്തിനു സമാരംഭം കുറിച്ചത് അരുവിപ്പുറം പ്രതിഷ്ഠയിലൂടെയായിരുന്നുവല്ലോ. 1888-ല്‍ ശിവരാത്രി നാളില്‍ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പ്രഖ്യാപനം നടത്തിയതു തന്നെ സര്‍വ്വരും ഒരു കുലത്തില്‍പ്പെട്ടവരാണെന്നുള്ള പ്രഖ്യാപനമായിരുന്നു. ആ പ്രഖ്യാപനത്തിന്റെ അലയടികള്‍ കൊണ്ടു മുഖരിതമായ നാട് പിന്നീട് മുന്നേറ്റത്തിന്റെ കാഹളമാണ് മുഴക്കിയത്. ഏതെങ്കിലും ഒരു മേഖലയില്‍ ഒതുങ്ങാതെ സമസ്ത മേഖലകളിലേക്കും അരുവിപ്പുറം പ്രതിഷ്ഠയുടെ സന്ദേശം പ്രഭ ചൊരിയുകയുണ്ടായി.
വിദ്യാഭ്യാസം നേടാനായാല്‍ ഒരുവന്റെ ജീവിത സൗഭാഗ്യം രൂപപ്പെടുമെന്നും അതു മറ്റുള്ളവര്‍ക്കു മാതൃകയാകുമെന്നും ഗുരു കണ്ടറിഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്ന് അവിടെ വിദ്യാലയവും ആരംഭിച്ചു. സംസ്കൃത പാഠശാലയ്ക്കു തുടക്കം കുറിച്ചു. അക്ഷരാഭ്യാസം സിദ്ധിക്കാത്തവരെ ദൂരെ മാറ്റി നിര്‍ത്തുമെന്നും അവസരങ്ങള്‍ അവനു മുന്നില്‍ നിഷേധിക്കപ്പെടുമെന്നും കണ്ടറിഞ്ഞ ഗുരുവിലെ ക്രാന്തദര്‍ശിത്വം പിന്നീട് ദേശത്തിന്റെ പല ഭാഗത്തും വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.
ഉന്നതതലത്തില്‍ വിദ്യ അഭ്യസിക്കുന്നതില്‍ പുരുഷന്മാര് തന്നെ അധികം ഇല്ലാതിരുന്ന വേളയില്‍ സ്ത്രീ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗുരുദേവന് തന്റെ പ്രവര്‍ത്തനം കരുപ്പിടിപ്പിച്ചു. സ്ത്രീ വിദ്യാഭ്യാസത്തെപ്പറ്റി ആലോചിക്കുക പോലും ഉണ്ടായിട്ടില്ലാത്ത കാലത്തായിരുന്നു ഗുരുവിന്റെ ഉള്‍ക്കാഴ്ചയെന്നു കാണാം.
വിദ്യനേടുന്നവരില് തന്നെ ശുചിത്വബോധം താനെ ഉണ്ടാകണമെങ്കിലും അതിനുകഴിയാത്തവര്‍ ഉള്‍പ്പെടെ എല്ലാവരിലും ഈ അവബോധം രൂഢമൂലമാകണമെന്നുള്ള പ്രഖ്യാപനം പിന്നാലെ ഉണ്ടായി. അടുക്കളയില്‍ നിന്നും ശുചിത്വം രൂപപ്പെടണമെന്നും മാനവരാശിയുടെ നിലനില്‍പ്പു ശുചിത്വപൂര്‍ണമായ ജീവിതത്തിലൂടെയേ സാധ്യമാകൂ എന്നും പഠിപ്പിച്ചു ഗുരുദേവന്. ശുചിത്വം പാലിക്കുന്നതില്‍ സമീപ കാലങ്ങളില്‍ നമ്മുടെ നാടു വളരെ കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നതെന്നു സമീപകാല സംഭവങ്ങള്‍ പലതും സാക്ഷ്യം വഹിക്കുന്നു. മാലിന്യം നിറഞ്ഞ കേരളം എന്ന നിലയിലേക്കു സംസ്ഥാനത്തെ ആക്ഷേപിക്കേണ്ടി വരുന്ന വര്‍ത്തമാനകാലത്ത് സാംക്രമിക രോഗങ്ങള്‍, അന്തരീക്ഷമലിനീകരണം, എവിടെയും കൂട്ടമായി കിടക്കുന്ന അഴുകിയ വസ്തുക്കള്‍, അറപ്പുളവാക്കുന്ന നഗരപ്രദേശങ്ങള്‍, മാലിന്യം നിറഞ്ഞ ജലാശയങ്ങള്‍ ഇവ മനുഷ്യന്റെ ആരോഗ്യത്തെ കാര്‍ന്നു തിന്നുമെന്ന് കണ്ടറിഞ്ഞ യുഗപ്രഭാവനായ ഗുരുദേവന് ശുചിത്വത്തിനു നല്കിയ പ്രധാന്യം ഏറ്റെടുക്കുവാന്‍ ഏവരും സനനദ്ധരാകേണ്ടതാണ്. ഭരണകൂടങ്ങള്‍ അവരുടെ ഒഴിച്ചുകൂടാനാവാത്ത ചുമതലയായി മാലിന്യനിര്‍മാര്‍ജനത്തെ കാണേണ്ടതുണ്ട്.
ഈശ്വരഭക്തി നിത്യജീവിത്തിന്റെ ഭാഗമാണല്ലോ. ആരോഗ്യമുള്ള മനസിനെ രൂപപ്പെടുത്തുന്നതില്‍ ഈശ്വര ചിന്തയും ഭക്ത്യാധിഷ്ഠിത ജീവിതവും വളരെ സഹായം ചെയ്യുന്നു. മാലിന്യം കലരാത്ത മാനസികാവസ്ഥ പാകപ്പെടുത്തുന്നതിന് കാപട്യമില്ലാത്ത ആചാരാനുഷ്ഠാനങ്ങിലൂടെ കഴിയും. അനുഷ്ഠാനങ്ങള്‍ കമ്പോളവത്ക്കരണത്തിന്റെ ഭാഗമായി മാറ്റിയാല്‍ സമൂഹത്തിനു ഗുണത്തേക്കാളേറെ ദോഷമാകും ഭവിക്കുക. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ ഇന്നും മനുഷ്യരെ മതില്ക്കെട്ടുകള്ക്കുള്ളില് തളച്ചിടുന്ന സമ്പ്രദായങ്ങള്‍ക്കു ഗുരുദേവദര്‍ശനം താക്കീതു നല്‍കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ ആവരുത് ഈശ്വരഭക്തിയെന്നു ഗുരു ചൂണ്ടിക്കാട്ടിയുണ്ട്. ക്ഷേത്രങ്ങള്‍ നല്ല വിചാരങ്ങള്‍ക്കും മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതിനും ഉതകുന്ന കേന്ദ്രങ്ങളാകണമെന്ന് ഗുരുവാണി നമ്മെ പഠിപ്പിക്കുന്നു. പ്രാകൃതമായ അനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുകയും ദുര്‍ദേവതകളെ അകറ്റി നിര്‍ത്തുകയും ചെയ്യുമ്പോള്‍ നന്മനിറഞ്ഞ ആശയങ്ങളും മനുഷ്യവര്‍ഗത്തിനു ഉന്നതിയെ പ്രാപിക്കുന്നതിനു കഴിയുന്ന പ്രവര്‍ത്തനങ്ങളും അതു വഴി ലക്ഷ്യബോധമുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിനും ഈശ്വരചിന്ത വഴിതുറക്കണമെന്നാണ് ഗുരുദേവ പക്ഷം.
ലോകോദ്ധാരണത്തിന് ജനതയ്ക്കു വിദ്യാഭ്യാസവും ശുചിത്വവും ഈശ്വരഭക്തിയും വന്നുചേര്‍ന്നാല്‍ കൂട്ടായ്മകള്‍ക്കായി സംഘടനകളും നിലനില്‍പ്പിനായി കൃഷി, കച്ചവടം കൈത്തൊഴില്‍ എന്നിവ അനിവാര്യഘടകങ്ങളായിക്കൊള്ളുമെന്നും ഉറച്ചുവിശ്വസിക്കുകയും അതിനു പ്രേരിപ്പിക്കുയും ചെയ്ത ഗുരുദേവന് വളര്‍ന്നുവരുന്ന ലോകത്തിന് സാങ്കേതിക പരിശീലനം അത്യന്താപേക്ഷിതമാണെന്നും നിര്‍ദ്ദേശിച്ചു. ആധുനിക ലോകം ഇന്ന് എത്തിനില്ക്കുന്നതു ശാസ്ത്രസാങ്കേതിക രംഗത്തെ അനുദിന വളര്‍ച്ചയിലാണ്.
എട്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ ശ്രീനാരായണ ഗുരുദേവന് മുന്‍കൂട്ടി തുറന്ന പാതയിലൂടെ തന്നെ ലോകം സഞ്ചരിക്കുമ്പോഴാണ് ആ ദിവ്യതേജസിന്റെ അമാനുഷികപ്രഭാവം നമുക്കു ബോധ്യപ്പെടുക. ലോക ഗുരുക്കന്മാര്ക്കെല്ലാം ഗുരുവായി ശ്രീനാരായണപരമഹംസ ദേവന് വിരാജിക്കുന്നത് അവിടുത്തെ ഈ അത്ഭുത പ്രതിഭാസമാണ്. സമസ്ത രംഗത്തും തെളിച്ചം പകരുന്ന ദാര്‍ശിനികനായ മറ്റൊരു പുണ്യാത്മാവിനെ ചൂണ്ടിക്കാട്ടുവാന്‍ ലോകത്തൊരിടത്തും കഴിഞ്ഞിട്ടില്ല.
ശ്രീനാരായണ ഗുരുദേവന് കൈവച്ചിട്ടില്ലാത്ത ഗുരുവിന്റെ ചിന്തയില്‍പ്പെടാത്ത സാമൂഹിക പ്രതിഭാസങ്ങള്‍ ഒന്നും തന്നെ നമുക്കിടയിലില്ല എന്നു കാണാം. കേരളത്തിലോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലോ ലോകത്തിന്റെ ഏതൊരു കോണിലോ സൂക്ഷ്മനിരീക്ഷണം നിര്‍വഹിച്ചാല്‍ ഇത്ര ഉന്നതമായതും ഉദാത്തമായതുമായ ചിന്താധാരയിലൂടെ മനുഷ്യകുലത്തിനു സമ്പന്നമായ ജീവിതം കാട്ടിക്കൊടുത്ത മഹാത്മാവിനെ കണ്ടെത്താനാവില്ലെന്നു കാണാം. തികഞ്ഞ അദ്വൈതിയും പ്രായോഗിക ജീവിതത്തിന്റെ നിത്യശോഭ പകര്‍ന്ന യതിവര്യനും സാമൂഹിക പരിഷ്കര്‍ത്താവും അനാചാര വിധ്വംസകനുമായി പരിലസിക്കുന്ന പുണ്യാത്മാവായി ഗുരുദേവപരമഹംസദേവനെ നമുക്കു ദര്‍ശിക്കാനാവുന്നു. അതുകൊണ്ടു തന്നെ നമുക്കു ഗുരുദേവനിലേക്കു മടങ്ങാം, ലോകമോക്ഷത്തിനായി.
സ്വാമി ഗുരുപ്രസാദ് (ശിവഗിരി മഠത്തിലെ ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: