ന്യൂദല്‍ഹി: പത്തു വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് തകര്‍ത്തു. എന്‍ഡിഎ സര്‍ക്കാര്‍ ഭരണമൊഴിയുമ്പോഴുള്ള വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായിരുന്നു. എന്നാല്‍ 2014ല്‍ രാജ്യത്തിന്റെ വളര്‍ച്ച കേവലം 4.5% ആയി കുറഞ്ഞതായി ബജറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിലക്കയറ്റവും അഴിമതിയും മാത്രമാണ് പത്തു വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ ഉപഭോക്തൃവില സൂചിക 2004ല്‍ 3.9% ആയിരുന്നത് 2013-2014ല്‍ 10.8% ആയി ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര നിക്ഷേപത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം മാത്രമുണ്ടായിരിക്കുന്ന കുറവ് ഞെട്ടിക്കുന്നതാണ്. 2010-11ല്‍ 17.3 ലക്ഷം കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം നടന്നപ്പോള്‍ 2012-13ല്‍ 5.6 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങി. കേന്ദ്രസര്‍ക്കാരിലുള്ള നിക്ഷേപകരുടെ വിശ്വാസം നഷ്ടമായതിന്റെ പ്രകടമായ ഉദാഹരണമാണ് ആഭ്യന്തരനിക്ഷേപത്തിലുള്ള കുറവെന്ന് വ്യക്തം.
മൂലധന ആസ്തിയും മൂലധന ചിലവും സൃഷ്ടിക്കുന്നതിനുള്ള ഗ്രാന്റുകളില്‍ വരുത്തിയ 91,000 കോടി രൂപയുടെ കുറവ് ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ 0.8% നേരിട്ടു ബാധിക്കും. വിവിധ മന്ത്രാലയങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്ന തുകയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് വരുത്തിയിരിക്കുന്നത്.
കുടിവെള്ളം സാനിറ്റേഷന്‍ മന്ത്രാലയത്തിന് 21.3 ശതമാനവും ആരോഗ്യ-കുടുംബക്ഷേമകാര്യമന്ത്രാലയത്തിന് 20.6 ശതമാനവും, നഗരദാരിദ്ര്യ നിര്‍മ്മാണ-ഭവനമന്ത്രാലയത്തിന് 41.97 ശതമാനവും കുറവു വരുത്തി. ആഭ്യന്തരമന്ത്രാലയത്തിന് 31.3 ശതമാനം കുറച്ചപ്പോള്‍, മാനവവിഭവശേഷി മന്ത്രാലയത്തിന് ആറു ശതമാനം കുറച്ചു. റോഡ് ട്രാന്‍സ്പോര്‍ട്ട്-ദേശീയപാതാ മന്ത്രാലയത്തിന് 18.72 ശതമാനം കുറച്ചത് അടിസ്ഥാന സൗകര്യവികസനമൊരുക്കുന്നതില് യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ന്നു വന്ന അലംഭാവത്തിന്റെ തെളിവാണ്. ഗ്രാമവികസന മന്ത്രാലയത്തിന് 22.92 ശതമാനവും മുന്‍ വര്‍ഷത്തേതില്‍ നിന്നും തുക കുറച്ചാണ് വകയിരുത്തിയിരിക്കുന്നത്.
സാമൂഹ്യമേഖലയുമായും അടിസ്ഥാന സൗകര്യ വികസനവുമായും ബന്ധപ്പെട്ടു കിടക്കുന്ന വകുപ്പുകള്‍ക്ക് തുക കുറച്ചു നല്‍കിയാണ് ധനക്കമ്മി കുറച്ചിരിക്കുന്നതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാനാകും. എന്നാല്‍ ധനമന്ത്രാലയത്തിന് 18.3 ശതമാനം തുക കൂടുതല്‍ നല്കി തന്റെ ഒന്‍പതാം ബജറ്റവതരിപ്പിച്ച പി. ചിംദബരം സ്വജനപക്ഷപാതം കാട്ടുകയും ചെയ്തു.
നിര്‍മ്മാണ മേഖലയിലെ തളര്‍ച്ച തൊഴില്‍ ലഭ്യതയിലും ബാധിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച എടുത്തുപറഞ്ഞ ധനമന്ത്രി ഗുജറാത്ത്,മധ്യപ്രദേശ്,ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ കാര്‍ഷിക രംഗത്ത് കൈവരിച്ച വലിയ വളര്‍ച്ചയുടെ മേന്മ സ്വന്തമാക്കാന്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: