അംബുജ: ബോര്‍ണോ പ്രവിശ്യയില്‍ ബോക്കോ ഹറം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 106പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യന്‍ വംശജര്‍ക്ക് നേരെയായിരുന്നു ആക്രമണം. അക്രമം ബോര്‍ണോ സംസ്ഥാനത്തെ സെനറ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ നൈജീരിയയിലെ ഇസ്ഗേ ഗ്രാമത്തിലാണ് ബോക്കോ ഹറം ഭീകരരുടെ നേതൃത്വത്തില്‍ കൂട്ടക്കുരുതി നടന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഇവിടെ ആയുധങ്ങളുമായെത്തിയ ഭീകരസംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒരുസംഘം യുവാക്കളെ വളഞ്ഞ് കൊലപ്പെടുത്തി ആരംഭിച്ച ആക്രമണം വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കൂട്ടക്കൊലയിലാണ് അവസാനിച്ചത്. കാണുന്നവരെയൊക്കെ വെടിവച്ച് കൊല്ലുകയായിരുന്നെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.
നൂറിലേറെ ഭീകരര്‍ അഞ്ച് മണിക്കൂറിലേറെ നിലയുറപ്പിച്ചാണ് ആക്രമണം അഴിച്ചു വിട്ടത്. കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നും നൈജീരിയന്‍ സേന പിന്‍വാങ്ങിയിരുന്നു. ഇത് മുതലെടുത്താണ് ഭീകരര്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങള്‍ തെരുവുകളില്‍ മറവ് ചെയ്യാതെ കിടക്കുകയാണ്. അക്രമികളെ പേടിച്ച് പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഭീകരര്‍ ഗ്രാമവാസികളോട് ആദ്യം ഒത്തുചേരാന്‍ നിര്‍ദേശിച്ചതായും തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൈജീരിയയുടെ വടക്കന്‍ ഭാഗങ്ങളില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായവരാണ് ബോക്കോ ഹറം ഭീകരര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: