കൊച്ചി: എറണാകുളം-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ യാത്ര അവസാനിപ്പിക്കുന്ന എറണാകുളത്ത് വേണ്ടത്ര പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാത്തത് ഒരേസമയം യാത്രക്കാരെയും ബസ് ജീവനക്കാരെയും വലയ്ക്കുന്നു. നൂറില്‍പരം സ്വകാര്യ ബസ്സുകളാണ് എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ ദിവസേന സര്‍വീസ് നടത്തുന്നത്. ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകള്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനു സമീപമാണു പാര്‍ക്ക് ചെയ്യുന്നത്. സ്ഥലപരിമിതിയില്ലാത്ത റോഡില്‍ പാര്‍ക്കിംഗ് നടത്തുന്നതുമൂലം മറ്റ് വാഹനങ്ങള്‍ക്കും നിരവധി യാത്രക്കാര്‍ക്കും ഇത് മാര്‍ഗ തടസം സൃഷ്ടിക്കുന്നത് ഇവിടെ നിത്യ സംഭവമാണ്. വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെ ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന ഇവിടെ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതു ഗതാഗതകുരുക്ക് ഉണ്ടാക്കുന്നതിനൊപ്പം അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. ജംഗ്ഷനില്‍ തിരക്കേറുന്ന രാവിലെയും വൈകുന്നേരങ്ങളിലും ട്രാഫിക് വാര്ഡന്മാരെ ഉപയോഗിച്ചാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. അതുകൊണ്ടിവിടെ വൈപ്പിന്‍ ബസ്സുകള്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കണമെന്ന ആവശ്യം ശക്തവുമാണ്.
യാത്രക്കാര്‍ക്കു പുറമേ ബസ് ജീവനക്കാരും പാര്‍ക്കിംഗ് സ്ഥലം ഇല്ലാത്തതിനാല്‍ ഏറെ വലയുന്നുണ്ട്. രണ്ട് മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കു ശേഷമാണു വൈപ്പിന്‍ ബസുകള്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തുന്നത്. എന്നാല്‍ പാര്‍ക്കിംഗിന് ഇടമില്ലാത്തതിനാല്‍ വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ പോലും ഇവര്‍ക്ക് കഴിയാറില്ല. റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഇപ്പോള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. പാര്‍ക്കിംഗിന് ഇടമില്ലാത്തതിനാല്‍ എറണാകുളത്തുനിന്നു വൈപ്പിന്‍ ഭാഗത്തേക്കു സര്‍വീസ് ആരംഭിക്കുമ്പോള്‍ വൈപ്പിന്‍ ഭാഗത്തേക്കുള്ള സ്റ്റോപ്പിലെത്തണമെങ്കില് ബസ് ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തി യു ടേണ്‍ എടുക്കണം. തിരക്കേറിയ ജംഗ്ഷനില്‍ യു ടേണ്‍ എടുക്കുന്നത് ശ്രമകരമാണെന്നാണു ഡ്രൈവര്‍മാരുടെ പക്ഷം.
സ്വകാര്യ ബസിനു പുറമേ വൈപ്പിന്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍, മുനമ്പം, വല്ലാര്‍പാടം, പനമ്പുകാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസിക്കും സര്‍വീസുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് എറണാകുളം ബോട്ട് ജെട്ടിയിലുള്ള സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ സൗകര്യമുള്ളതിനാല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ ഈ പ്രതിസന്ധി അവരെ അലട്ടാറില്ല. എറണാകുളം-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനു സമീപം വിശാലകൊച്ചി വികസന അതോറിട്ടിയുടെ (ജിസിഡിഎ) സ്ഥലം വിട്ടു നല്‍കണമെന്നു വര്‍ഷങ്ങള്‍ക്കു പല കോണുകളില്‍നിന്നും നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു. വൈപ്പിന്‍ ബസുകളുടെ ട്രിപ്പ് വൈറ്റില ഹബ്ബിലേക്ക് നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ നഗരത്തിലെ ഗതാഗതത്തിരക്ക് കണക്കിലെടുത്താല്‍ നിലവിലെ സാഹചര്യത്തില്‍ വൈറ്റിലയിലേക്ക് വൈപ്പിന്‍ ബസുകളുടെ സര്‍വീസ് നീട്ടുന്നത് പ്രയാസകരമാണ്. നഗരത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വൈപ്പിന്‍ ബസുകള്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: