1934-ലെ രണ്ടാം ലോകകപ്പിന് വേദിയായത് ഇറ്റലിയായിരുന്നു. ഉറുഗ്വെയില്‍ നടന്ന ആദ്യ ലോകകപ്പില്‍ 13 രാജ്യങ്ങളായിരുന്നു പങ്കെടുത്തതെങ്കില്‍ ഇത്തവണ നാല് വന്‍കരകളില്‍ നിന്നായി 16 ടീമുകള്‍ പോരടിച്ചു. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെ രണ്ടാം ലോകകപ്പില്‍ കളിച്ചില്ല. മെയ് 27 മുതല്‍ ജൂണ്‍ 10 വരെയായിരുന്നു ഫൈനല്‍ റൗണ്ട്.
അര്‍ജന്റീന, ആസ്ട്രിയ, ബല്‍ജിയം, ബ്രസീല്‍, ചെക്കോസ്ലൊവാക്യ, ഈജിപ്റ്റ്, ഫ്രാന്‍സ്, ജര്‍മ്മനി, ഹംഗറി, ഇറ്റലി, ഹോളണ്ട്, റുമാനിയ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലന്റ്, അമേരിക്ക എന്നിവരാണ് രണ്ടാം ലോകകപ്പില്‍ പങ്കെടുത്തത്. പെറുവും ചിലിയും പിന്‍വാങ്ങിയതിനാല്‍ ബ്രസീലും അര്‍ജന്റീനയും നേരിട്ട് യോഗ്യത നേടുകയായിരുന്നു.
ഗ്രൂപ്പ് തിരിച്ചുള്ള മത്സരമായിരുന്നില്ല ഇക്കുറി നടന്നത്. നേരിട്ടുള്ള നോക്കൗട്ട് റൗണ്ടായിരുന്നു. ഓരോ ടീമിനും ആദ്യ റൗണ്ടില്‍ ഒരു കളി മാത്രം. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ പുറത്ത്. നിശ്ചിത സമയത്ത് ടീമുകള്‍ ഒപ്പത്തിനൊപ്പം നിന്നാല്‍ അധികമായി 30 മിനിറ്റുകൂടി നല്‍കും. അതും സമനിലയിലായാല്‍ മത്സരം അടുത്ത ദിവസം വീണ്ടും നടക്കും.
17 കളികളിലായി ആകെ 70 ഗോളുകള്‍ ഇറ്റാലിയന്‍ ലോകകപ്പില്‍ പിറന്നു. ഇതില്‍ മൂന്ന് ഹാട്രിക്കുകളും ഉള്‍പ്പെടും. ആദ്യ റൗണ്ടില്‍ അമേരിക്കക്കെതിരായ മത്സരത്തില്‍ ഇറ്റലിയുടെ ആഞ്ചലോ ഷിയാവിയോയും ബല്‍ജിയത്തിനെതിരെ ജര്‍മ്മനിയുടെ എഡ്മുണ്ട് കോനനും ജര്‍മ്മനിയോടുള്ള സെമിഫൈനലില്‍ ചെക്കോസ്ലൊവാക്യയുടെ ഓള്‍ഡ്റിച്ച് നെജഡ്ലിയും ഹാട്രിക്കിന് അവകാശികളായി.
ആദ്യ റൗണ്ടില്‍ ഇറ്റലി അമേരിക്കയെയും സ്പെയിന് ബ്രസീലിനെയും ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി എക്സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തില്‍ ആസ്ട്രിയ ഫ്രാന്‍സിനെയും ഹംഗറി ഈജിപ്റ്റിനെയും ചെക്കോസ്ലൊവാക്യ റുമാനിയയെയും സ്വിറ്റ്സര്‍ലന്റ് ഹോളണ്ടിനെയും ജര്‍മ്മനി ബല്‍ജിയത്തെയും സ്വീഡന് അര്‍ജന്റീനയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടറില്‍ ഇറ്റലിക്ക് എതിരാളികള്‍ സ്പെയിനായിരുന്നു. 1934 മെയ് 31ന് നടന്ന മത്സരം മുഴുവന്‍ സമയത്തിനും അധികസമയത്തിനുംശേഷം 1-1ന് സമനിലയില്‍ പിരിഞ്ഞു. അതോടെ അടുത്ത ദിവസം വീണ്ടും കളി നടന്നു. അതില്‍ 1-0ന് വിജയിച്ച് ഇറ്റലി സെമിയില്‍ പ്രവേശിച്ചു.
മറ്റ് മത്സരങ്ങളില്‍ ആസ്ട്രിയ 2-1ന് ഹംഗറിയെയും ചെക്കോസ്ലൊവാക്യ 3-2ന് സ്വിറ്റ്സര്‍ലന്റിനെയും ജര്‍മ്മനി 2-1ന് സ്വീഡനെയും പരാജയപ്പെടുത്തി അവസാന നാലില്‍ കടന്നു. സെമിയില്‍ ഇറ്റലിയുടെ എതിരാളികള്‍ ആസ്ട്രിയ. ആരാധകരുടെ പിന്തുണയോടെ കളിച്ച അസൂറിപ്പട എതിരില്ലാത്ത ഒരു ഗോളിന് ആസ്ട്രിയയെ വീഴ്ത്തി കലാശക്കളം ഉറപ്പിച്ചു. ജര്‍മ്മനിയെ 3-1ന് കീഴടക്കി ചെക്കോസ്ലൊവാക്യയും ഫൈനലില്‍ പ്രവേശിച്ചു.
ജൂണ്‍ 10ന് റോമിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ അധികസമയത്തേക്ക് നീണ്ട കലാശപ്പോരാട്ടത്തിനൊടുവില്‍ ചെക്കോസ്ലോവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അതിജീവിച്ച ഇറ്റലി സ്വന്തം മണ്ണില്‍ ലോകഫുട്ബോളിലെ രാജാക്കന്മാരായി.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണ പ്പന്ത് ഇറ്റലിയുടെ ഗ്വിസെപ്പെ മെയ്സയും വെള്ളിപ്പന്ത് ആസ്ട്രിയയുടെ മാത്ത്യാസ് സിന്‍ഡ്ലറും വെങ്കലപ്പന്ത് ചെക്കോസ്ലൊവാക്യയുടെ ഓള്‍ഡ്റിച്ച് നെജഡ്ലിയും സ്വന്തമാക്കി.
ടോപ് സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം അഞ്ച് ഗോളുകള്‍ നേടിയ ചെക്കോസ്ലൊവാക്യയുടെ ഓള്‍ഡ്റിച്ച് നെജഡ്ലിയും വെള്ളി പാദുകം നാല് ഗോളുകളോടെ ഇറ്റലിയുടെ ആഞ്ചലോ ഷിയാവിയോയും ജര്‍മ്മനിയുടെ എഡ്മുണ്ട് കോനനും വെങ്കല പാദുകം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: