ആലപ്പുഴ: സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്ത് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ വീണ്ടും രാജ്യത്തിന്റെ പരമാധികാരം വിദേശികളുടെ കൈകളിലേക്ക് കൈമാറിയിരിക്കുകയാണെന്ന് ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് കെ.വേണു. ബജ്രംഗ്ദള് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ പണമുള്ളവര്‍ വിലയ്ക്കു വാങ്ങുകയാണ്. പണമുള്ളവര്‍ക്കായി പ്രത്യേക നിമയങ്ങള്‍ കൊണ്ടുവരുന്നു. നാടിന്റെ സംസ്ക്കാരവും പരിസ്ഥിതിയും ഭാഷയും ഭക്ഷണവും ഇവിടെ പ്രശ്നമാകുന്നില്ല. ഉപഭോഗ സംസ്ക്കാരത്തിനടിമകളായതോടെ ചൂഷണവും മോഷണവും വര്‍ധിച്ചു. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് വീണുകൊണ്ടിരിക്കുന്നു. കസ്തൂരി രംഗന്-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളെ വെല്ലുവിളിച്ച് ജാലിയന്‍വാലാബാഗ് നടത്തുമെന്ന് സംഘടിത മതം വെല്ലുവിളിക്കുന്നു. ഫോറസ്റ്റ് ഓഫീസുകള്‍ അഗ്നിക്കിരയാക്കുന്നവര് തങ്ങള്‍ ഗാന്ധിജിയുടെ സഹനസമരമാണ് നടത്തുന്നതെന്ന് പറഞ്ഞ് ജനാധിപത്യ വിശ്വാസികളെ അവഹേളിക്കുന്നു.
മദ്യപാനത്തിനും മയക്കുമരുന്നിനും ആത്മഹത്യക്കും ഹിന്ദുസമൂഹം അടിമകളാകുന്നു. ജാതീയതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ജാതിചിന്ത വര്‍ധിപ്പിക്കാനുള്ള ഗൂഢശ്രമം നടക്കുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് ലാന്‍ഡ് ജിഹാജും, ലൗ ജിഹാദും. കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും വേണ്ടി ജില്ലകള്‍ തോറും വിമാനത്താവളങ്ങള്‍ പണിത് ഭരണാധികാരികള്‍ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹം പ്രതിസന്ധികളെ അതിജീവിച്ച് കരുതലോടെയും കരുത്തോടെയും മുന്നേറണം. പരാതികളും പരിഭവങ്ങളും മാറ്റിവച്ച് മുന്നേറാനുള്ള ദൃഢപ്രതിജ്ഞയുമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി.ജി.കണ്ണന്, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.മല്ലിക, ബജ്രംഗ്ദള് സംസ്ഥാന സമിതി അംഗം അഡ്വ.അനുരാഗ് എന്നിവ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: