തിരുവനന്തപുരം: വിമാന ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി തോന്നയ്ക്കലില്‍ മരത്തിലിടിച്ചു മറിഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ക്കു പരുക്കേറ്റു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വാഹനം ഉയര്‍ത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കു തോന്നയ്ക്കലിനു സമീപം പതിനാറാം മെയിലിലാണു ടാങ്കര്‍ ലോറി മറിഞ്ഞത്. സ്ഥിരം അപകട മേഖലയായ കോരാണിയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ മാത്രമാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ഏവിയേഷന്‍ ഫ്യുവല്‍ കയറ്റി വന്നതായിരുന്നു ലോറി. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു. നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ചു തലകീഴായി ഉപയോഗത്തിലില്ലാത്ത പഴയ ദേശീയപാതയിലേക്കു മറിയുകയായിരുന്നു. ഇതിന് എട്ടടിയോളം താഴ്ചയുണ്ട്. ഇന്ധനം ചോര്‍ന്നു തുടങ്ങിയതോടെ നാട്ടുകാര്‍ ആദ്യം പരിഭ്രാന്തരായി. പിന്നീട് നാട്ടുകാര്‍ കുപ്പികളിലും പാത്രങ്ങളിലുമായി ഇന്ധനമെടുക്കാന്‍ തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനു പകരം ഇന്ധമെടുക്കാനെത്തിയവരെ ഒടുവില്‍ പോലീസ് വിരട്ടിയോടുച്ചു.
ഫയര്‍ഫോഴ്സെത്തി ഇന്ധനച്ചോര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും മുകളിലത്തെ അടപ്പിലൂടെ ചോര്‍ച്ചയായതിനാല്‍ അതു നിയന്ത്രിക്കാനായില്ല. ഇതിനിടെ രണ്ടു ക്രെയ്നുകളെത്തി ടാങ്കറിനെ ഉയര്‍ത്താന്‍ ശ്രമം തുടങ്ങി. വിമാന ഇന്ധനമായതിനാല്‍ വേഗത്തില്‍ കത്തിപ്പിടിക്കില്ലെന്നു ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
പെട്രോള്‍ പോലെ തീപ്പൊരിയുണ്ടായാല്‍ ഇതു കത്തിപ്പടരില്ലെന്നതിനാല് ആള്ക്കാര് ഭയപ്പെടേണ്ടതില്ലെന്നു ഫയര്‍ഫോഴ്സ് അറിയിച്ചു. രണ്ടു സ്വകാര്യ ക്രെയ്നുകളെത്തി മണിക്കൂറുകള്‍ ശ്രമിച്ചാണു ലോറിയെ ഉയര്‍ത്തിയത്. അതോടെ ഇന്ധനച്ചോര്‍ച്ചയും നിന്നു. പരുക്കേറ്റ ഡ്രൈവര്‍ അശോക് കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍കോളെജ് ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: