ഹോങ്കോങ്ങ്: നിശ്ചലമായ ചൈനീസ് പര്യവേക്ഷണ വാഹനം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ചാന്ദ്രയാന്‍ ദൗത്യത്തിനായാണ് ജാഡി റാബിറ്റ് എന്ന പര്യവേക്ഷണ വാഹനം ചൈന ചന്ദ്രനിലിറക്കിയത്. ചൈന ജാഡിയെ സുരക്ഷിതവും കുറ്റമറ്റതുമായ രീതിയില്‍ ചന്ദ്രനെ എത്തിച്ചെങ്കിലും കഴിഞ്ഞ മാസത്തോടെ സിഗ്നല്‍ ലഭിക്കാതാകുകയും പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു.
നിലവില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ വാഹനം എത്രകാലം മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞന്മാര്ക്ക് ആശങ്കയുണ്ട്. അനുകൂലമല്ലാത്ത കാലാവസ്ഥയായതിനാല്‍ ജാഡി റാബിറ്റിനെ ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന റോവറിയെ താത്കാലികമായി പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിനിടെയാണ് സിഗ്നല്‍ നഷ്ടപ്പെട്ടത്.തുടര്‍ന്ന് ഭൂമിയുമായി ബന്ധം നഷ്ടപ്പെട്ട വാഹനത്തെ ബന്ധിക്കുന്നതിനുള്ള ശാസ്ത്രജ്ഞന്മാരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
സൗരോര്‍ജ പാനലുകള്‍ വഴിയാണ് സിഗ്നല്‍ ഉള്‍പ്പെടെയുള്ള ജാഡി റാബിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ സൗരോര്‍ജ പാനലുകളില്‍ ബന്ധിപ്പിച്ചിരുക്കുന്ന സുരക്ഷാ കവചം പ്രവര്ത്തിക്കുന്നതിനെടുത്ത കാലതാമസവും കടുത്ത തണുപ്പുമാണ് റോവറിന് തകരാറുണ്ടാകാന്‍ കാരണമായതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പിന്നീട് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് ജാഡി റാബിറ്റ് നിശ്ചലമായതായി ശാസ്ത്രജ്ഞര്‍ പ്രഖ്യാപിക്കുകയായിരുന്നു.
പര്യവേക്ഷണ വാഹനം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചിരുന്നു. പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഈ വാഹനം ഭൂമിയില്‍നിന്ന് സന്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങി. തുടര്‍ന്ന് തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമിയില്‍ നിന്നുമുള്ള സിഗ്നലുകള്‍ വാഹനം സ്വീകരിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതായും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: