ബംഗളൂരു: തെലങ്കാന ബില്ലിനെച്ചൊല്ലി പാര്‍ലമെന്റ് സ്തംഭിപ്പിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുലും നുണപ്രചാരണം നടത്തുന്നു. കുരുമുളക് സ്പ്രേയും കത്തിയും മറ്റുമായി പാര്‍ലമെന്റിലെത്തി അക്രമം കാണിച്ച് സഭാസമ്മേളനം അലങ്കോലപ്പെടുത്തിയ കോണ്‍ഗ്രസ് എംപിമാരാണെന്ന് വ്യക്തമായിട്ടും സഭാസ്തംഭനത്തിന് കാരണം ബിജെപിയാണെന്നാണ് കര്‍ണാടകയിലും കേരളത്തിലും ഇന്നലെ സംഘടിപ്പിച്ച പാര്‍ട്ടി സമ്മേളനങ്ങളില്‍ സോണിയയും രാഹുലും പറഞ്ഞത്. ഇവരുടെ പറച്ചില് കേട്ട് പാര്‍ട്ടി അണികള്‍ പോലും മൂക്കില്‍ വിരല്‍വെച്ചു.
അഴിമതിക്കെതിരായ ആറ് ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നും അത് പാസാക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം തങ്ങളെ തടയുകയാണെന്നും കര്‍ണാടകയിലെ ബെല്‍ഗാമില്‍ നടത്തിയ സമ്മേളനത്തിലാണ് രാഹുല്‍ അവകാശപ്പെട്ടത്.
തെലങ്കാന ബില്‍ പാസാക്കിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും വന്ന വീഴ്ച മറച്ചുപിടിച്ചുകൊണ്ട് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് കേരളത്തിലെ യോഗങ്ങളില്‍ സോണിയ ചെയ്തത്. ബിജെപി പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തുകയാണെന്ന് പറഞ്ഞ സോണിയ തെലങ്കാന ബില്ലവതരണ വേളയില്‍ സ്വന്തം പാര്‍ട്ടിക്കാരായ എംപിമാര്‍ കാട്ടിക്കൂട്ടിയ വിക്രിയകളെക്കുറിച്ച് മൗനം പാലിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് തെലങ്കാന ബില്ലവതരണ വേളയില്‍ പാര്‍ട്ടി എംപിമാര്‍ രാജ്യത്തെ നാണംകെടുത്തുന്ന തരത്തില്‍ അക്രമപ്പേക്കൂത്തുകള്‍ നടത്തിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുംവിധമാണ് സോണിയയും രാഹുലും നടത്തുന്ന നുണപ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: