വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയുമായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ നാന്‍സി പവല്‍ നടത്തിയ കൂടിക്കാഴ്ചയെ പ്രമുഖ അമേരിക്കന്‍ പത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ സ്വാഗതം ചെയ്തു. അത്യാവശ്യവും പ്രായോഗികവുമായ ഒരു നടപടിയാണിതെന്ന് പത്രം വിശേഷിപ്പിച്ചു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവാന്‍ സാധ്യതയുള്ള വ്യക്തിയാണ് മോദിയെന്നും മുഖപ്രസംഗത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
കൂടുതല്‍ ഇന്ത്യന്‍ നേതാക്കളുമായി ബന്ധം സ്ഥാപിക്കുകയെന്ന അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമാണ് മോദി-പവല്‍ കൂടിക്കാഴ്ചയെന്നാണ് ‘ഇന്ത്യയുമായി കൂടുതല്‍ ഇടപഴകല്‍’ എന്ന തലക്കെട്ടിലുള്ള പ്രസംഗത്തില്‍ പത്രം പറയുന്നത്. ഇത്തരം നീക്കങ്ങള്‍ വളരെക്കാലമായി നടക്കാറില്ലെന്നും പ്രസിഡന്റ് ഒബാമ ഇന്ത്യയുടെ കാര്യത്തില്‍ ജോര്‍ജ് ബുഷിനെപ്പോലെ ശ്രദ്ധ കൊടുക്കുന്നില്ലെന്നും മുഖപ്രസംഗം പറയുന്നു. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും താത്പര്യമെടുക്കുന്നില്ലെന്നും പത്രം പരാതിപ്പെടുന്നു. “പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പിന്‍ഗാമിയായി ആര് വരുന്നത് എന്നത് പ്രശ്നമല്ല. ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും വളരെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. മോദിയുമായി ബന്ധം സ്ഥാപിക്കേണ്ടത് ഇതിന്റെ ഒരു തുടക്കമാണ്,” മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: