കൊച്ചി: കോഴി വളര്‍ത്തല്‍ മേഖലയിലെ വ്യവസായിക സാദ്ധ്യതകള്‍, നിലവിലുള്ള സാങ്കേതിക വിദ്യകള്‍, യന്ത്ര സാമഗ്രികള്‍ എന്നിവ പരിചയപ്പെടുത്താനായി സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് സംഘടിപ്പിക്കുന്ന നാഷണല്‍ പൗള്‍ട്രി എക്സ്പോ കൊച്ചിയില്‍.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്നു വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കോഴി വളര്‍ത്തല്‍ വ്യവസായത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബ്രീഡര്‍മാര്‍, ഹാച്ചറി ഉപകരണനിര്‍മ്മാതാക്കള്‍, മാംസ സംസ്ക്കരണ പ്ലാന്റ് നിര്‍മ്മാതാക്കള്‍, ഫാം ഉപകരണ നിര്‍മ്മാതാക്കള്‍, മരുന്ന്, അസംസ്കൃത വസ്തുക്കളുടെ വിതരണക്കാര്‍ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ ഏജന്‍സികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
അലങ്കാര പക്ഷികളുടേയും മൃഗങ്ങളുടേയും പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയും പ്രശസ്തരായ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികളും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതിമാസം 30 കോടിയോളം മുട്ടയും മൂന്നു കോടി കിലോയിലധികം മാംസവും ആവശ്യമുള്ള സംസ്ഥാനത്തില്‍ കോഴിവളര്‍ത്തല്‍ മേഖലയുടെ നിയന്ത്രണം അന്യസംസ്ഥാന ലോബികളുടെ കയ്യിലാണ്. കേരളത്തില്‍ കോഴിവളര്‍ത്തല്‍ മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന വിധത്തില്‍ കര്‍ഷകര്‍ക്ക് ദിശാബോധം നല്കുവാനും പൊതുജനങ്ങളെ ഈ വ്യവസായ സാദ്ധ്യതകള്‍ ബോധവത്ക്കരിക്കുവാനുമാണ് എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് കെപ്കോ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെപ്കോ ചെയര്മാന് കെ.പത്മകുമാര്‍, എം.ഡി.ഡോ.നൗഷാദ് അലി, എറണാകുളം എ.ഡി.എം. രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: