ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എളമക്കരയിലെ ഭാസ്ക്കരീയം സഭാ ഗൃഹത്തില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസഹിതം പോകേണ്ടിവന്നു.
നിരവധി മാസങ്ങള്‍ക്കുശേഷമാണ് ആ യാത്രയുണ്ടായത്. സ്വാഭാവിമായും പ്രാന്തകാര്യാലയമായ മാധവനിവാസില്‍ കയറി അല്‍പ്പസമയം ചെലവഴിച്ചു. 1977 മുതല്‍ 2000-വരെ അവിടെ അന്തേവാസിയായിക്കഴിഞ്ഞ ആളായതിനാല്‍ കുടുംബഗൃഹത്തില്‍ ചെന്ന അനുഭവമാണുണ്ടായത്. കാര്യാലയത്തില്‍ മോഹന്ജിയേയും എം.എ.(കൃഷ്ണന്)സാറിനേയും കാണാമെന്ന് പ്രതീക്ഷിച്ചു. പ്രമുഖരായി മറ്റാരും ഉണ്ടായിരുന്നില്ല. മോഹന്‍ജിക്കും എംഎസാറിനും എനിക്കുമിടക്ക് സവിശേഷമായ ബന്ധമാണുള്ളത്. 1959 ലെ തൃതീയ വര്‍ഷ ശിക്ഷണത്തിന് കേരളവും തമിഴ്നാടും ചേര്‍ന്ന് മദ്രാസ് പ്രാന്തില്നിന്ന് പോയവരില്‍ അവശേഷിക്കുന്നത് ഞങ്ങള്‍ മൂവരുമാണ്. മൂന്നുപേര്‍ക്കും ഇന്ന് ആരോഗ്യപരമായ അവശത അനുഭവിക്കേണ്ടിവരുന്നുണ്ട്. ‘തമ്മില്‍ ഭേദം തൊമ്മന്’ എന്നു പറഞ്ഞതുപോലെ ഭേദം ഞാന്‍ തന്നെയാണ്. മോഹന്‍ജിയും ഞാനും മൂന്നു സംഘപരിശീലനവും ഒരുമിച്ച് ഒരേ ഗണയില്‍ പൂര്‍ത്തിയാക്കിയവരാണ്. എന്നാല്‍ എന്റെ തിരുവനന്തപുരത്തെ വിദ്യാഭ്യാസ കാലത്തുതന്നെ എംഎ സാറിനെ അറിയാമായിരുന്നു. ഞാന്‍ ഇന്റര്‍മീഡിയറ്റ് പഠിക്കുമ്പോള്‍ എംഎ സാര്‍ സംസ്കൃത കോളേജില്‍ മഹോപാദ്ധ്യായ്ക്കു പഠിക്കുകയായിരുന്നു. അവിടത്തെ പുത്തന്‍ചന്ത ശാഖയുടെ മുഖ്യശിക്ഷക് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ വലതുകയ്യിലെ പെരുവിരലിന്റെ ആകൃതിയും കണ്ണുകളിലെ ഭാവവുമാണ് എനിക്കാകര്‍ഷകമായി തോന്നിയത്. മൃദുലമായി സംസാരിക്കുന്നതിന്റെ പിന്നില്‍ സംസ്കൃത പഠനം തന്നെയാണ് കാരണമായുള്ളതെന്ന് തോന്നി. എം.എ സാറിന്റെ മുഖത്തുനോക്കി ആര്‍ക്കും ഒന്നും നിരസിക്കാന്‍ തോന്നുകയില്ല എന്നതാണ് സവിശേഷത.
ഞാന്‍ പ്രചാരകനായി ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്നതിന് മുമ്പ് തൊടുപുഴയില്‍ ഏതാനും മാസക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തൊടുപുഴയിലെ സംഘപ്രവര്‍ത്തനത്തിന്റെ അടിത്തറ ഉറപ്പിച്ചത് അദ്ദേഹമാണെന്ന് പറയാം. അവിടെ ശാഖ ആരംഭിച്ച കാലത്ത് സംഘത്തോടു പുറംതിരിഞ്ഞു നിന്ന ഒട്ടേറെ പ്രമുഖരും സ്വാധീനശക്തിയുമുള്ള ഹിന്ദുക്കളെ സംഘോന്മുഖരാക്കിയത് അദ്ദേഹത്തിന്റെ നിശ്ശബ്ദമായ സഹവാസം കൊണ്ടായിരുന്നു. അക്കാലത്തു തൊടുപുഴയിലെ സ്വയംസേവകരുടെ ഒരു സഹല്‍ പരിപാടി കുമാരമംഗലത്തെ എം.കെ.എന്‍ യുപി സ്കൂളില്‍ നടത്തി. അതിനനുമതി തേടി എം.എ സാര്‍ സ്കൂള്‍ ഉടമസ്ഥനായ എം.കെ.രാമചന്ദ്രന് നായരെ സന്ദര്‍ശിച്ചിരുന്നു. ഹിന്ദുക്കളുടേതായ ഏതു കാര്യത്തിനും സഹകരിച്ചിരുന്ന അദ്ദേഹം സഹലിനും സൗകര്യങ്ങള്‍ നല്കി. രാമചന്ദ്രന് നായരുടെ പൗത്രന്റെ വിവാഹമായിരുന്നു ഞായറാഴ്ച ഭാസ്കരീയത്തില്‍ നടന്നത്. അവരുടെ സ്കൂള്‍ ഇന്ന് ഹയര്‍ സെക്കന്ററി തലം വരെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമാണ്. വില്ലേജ് ഇന്റര്‍നാഷണല്‍ എന്ന ഒരു സ്വാശ്രയ വിദ്യാലയവും അവര്‍ മികച്ച നിലയില്‍ നടത്തുന്നു.
സംഘശിക്ഷാവര്‍ഗ് അടക്കം അനവധി ശിബിരങ്ങള്‍ക്ക് ആ വിദ്യാലയങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. തന്റെ ശാരീരികമായ അവശത അവഗണിച്ചുകൊണ്ട് എംഎ സാര്‍ ഭാസ്കരീയത്തിലെ വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തി.
പണ്ടു തൊടുപുഴയിലെ പഴയ സംഘപ്രവര്‍ത്തകര്‍ എംഎ സാറിനെ മാക്ക് (എം.എ.കെ.) എന്ന് വിളിച്ചുവന്നു. എം.എ.കൃഷ്ണന് എന്നതിന്റെ ചുരുക്കപ്പേരാണല്ലൊ അത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പണി ആരംഭിച്ചകാലത്ത് അങ്ങോട്ട് സാധനസാമഗ്രികള്‍ കൊണ്ടുപൊയ്ക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മാക്ക് എന്നായിരുന്നു പേര്. ഇന്നത്തെ ജെസിബി പോലത്തെ ഒരു ചുരുക്കപ്പേര്. ഒരുതരം ടിപ്പര്‍ തന്നെയായിരുന്നു അവ. എംഎ സാറിന്റെ കാര്യനിര്‍വഹണ ശേഷിയുമായി താരതമ്യം ചെയ്താവണം അവരിങ്ങനെ വിളിച്ചത്.
അദ്ദേഹത്തിന്റെ സങ്കല്‍പ്പന ശക്തി അപാരമാണെന്ന് നമുക്കറിയാമല്ലൊ. കേരളത്തില്‍ നദീ സംരക്ഷണം, പ്രകൃതി പര്യാവരണ പരിരക്ഷ എന്നീ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം, എംഎ സാര്‍ പത്രാധിപരായിരുന്നപ്പോള്‍ കേസരി വാരിക പുറത്തിറക്കിയ നിളാ പതിപ്പ് എന്ന വാര്ഷികപ്പതിപ്പായിരുന്നു. മലയാളത്തിലെ ഏതാണ്ടെല്ലാ സാഹിത്യ, സാംസ്ക്കാരിക, കലാനായകന്മാരെയും നേരിട്ട് ബന്ധപ്പെട്ട് ആ നിളാപ്പതിപ്പിനെ സമ്പന്നമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അന്നത്തെ പരിമിതമായ അച്ചടി സാങ്കേതിക വിദ്യ പരിഗണിച്ചാല്‍ തന്നെ ആ വാര്‍ഷികപ്പതിപ്പ് അന്യാദൃശമായിരുന്നുവെന്നു പറയാം.
1974 ല്‍ തൃശ്ശിവപേരൂര്‍ ജില്ലയിലെ പാഞ്ഞാള്‍ ഗ്രാമത്തില്‍ നിശ്ചയിക്കപ്പെട്ട അതിരാത്രയാഗത്തില് പശ്വാലംഭനമെന്ന ചടങ്ങിനായി ആടിനെ കൊല്ലുന്ന ക്രിയയുണ്ടെന്നറിഞ്ഞപ്പോള് അതിനെതിരെ ശബ്ദമുയര്‍ത്തിയതില്‍ മുമ്പന്‍ എംഎ സാര്‍ തന്നെയായിരുന്നു. അജഹത്യ ഉപേക്ഷിക്കാന്‍ യാഗ നടത്തിപ്പുകാര്‍ സന്നദ്ധരായത് എംഎ സാറിന്റെ ശ്രമഫലമായിരുന്നു. കലാസാഹിത്യ വേദിയായ തപസ്യയും മുഖവുരയും വിശദീകരണവുമാവശ്യമില്ലാത്ത ബാലഗോകുലവും സംസ്കൃതിജ്ഞാന പരീക്ഷകള്‍ നടത്തുന്ന അമൃത ഭാരതി വിദ്യാപീഠവും വിഭാവനം ചെയ്തു ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുക്കാന്‍ ആ അസാമാന്യ പ്രതിഭാശാലിക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. ഈ പ്രസ്ഥാനങ്ങളെല്ലാം സമാനതകളില്ലാതെ അന്യാദൃശ്യങ്ങളാകുന്നു.
എംഎ സാറിന്റെ ഭാവനയില്‍ വിരിഞ്ഞ അതിബൃഹത്തായൊരു മഹാസംരംഭം ഇന്ന് പ്രായോഗിക രൂപം ലഭിക്കാതെ നില്‍ക്കുകയാണ്. തൃശ്ശിവപേരൂര്‍ ജില്ലയിലെ കൊടകരയ്ക്കടുത്ത് കനകമലയുടെ സാനുപ്രദേശത്ത് നിര്‍മിക്കാന്‍ പരിപാടിയിടപ്പെട്ട അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തെയാണിവിടെ ഉദ്ദേശിക്കുന്നത്. ഏതാണ്ട് നൂറേക്കര്‍ വിസ്തൃതിയില്‍ ഭഗവാന് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് ഒട്ടേറെ സൃഷ്ടികള്‍ സ്ഥാപിച്ച്, ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമാണ് എംഎ സാറിന്റെ ഭാവനയിലുള്ളത്. അതിനാവശ്യമായ സ്ഥലത്തിന്റെ ഏതാണ്ട് പകുതിയോളം സമ്പാദിക്കാന്‍ കഴിഞ്ഞുവെന്നാണറിയുന്നത്. കൃഷ്ണകേന്ദ്രത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനും മറ്റുമായി അനേകം ആലോചനാ യോഗങ്ങളും മറ്റു നടപടികളും കഴിഞ്ഞതായും മനസ്സിലാക്കുന്നു.
എന്താണ് പ്രശ്നത്തിന്റെ മര്മമെന്നറിയില്ല. പക്ഷേ നിശ്ചയദാര്‍ഢ്യവും കര്‍മശേഷിയുമുള്ള ഒരാള്‍ക്ക് മാത്രമേ ആ പദ്ധതി മുഴുമിക്കാന്‍ കഴിയൂ എന്നുതീര്ച്ചയാണ്. സംഘപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ നിശ്ചിതസമയത്തിനകം തന്നെ പൂര്ത്തീകരിക്കുന്നതായാണനുഭവം. എളമക്കരയിലെ ഭാസ്കരീയം തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ലോകപ്രശസ്തമായ കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകവും വിവേകാനന്ദ കേന്ദ്രവും അസാധ്യമായി ഒന്നുമില്ല എന്ന സത്യത്തിന്റെ ഉജ്ജ്വല പ്രഖ്യാപനമാണല്ലൊ. മനുഷ്യന് സങ്കല്പ്പിക്കാന് കഴിയാത്തതായ നിരവധി തടസ്സങ്ങളും ദുര്‍ഘടങ്ങളും എതിര്‍പ്പുകളും മറികടന്ന് ആധുനിക ഭഗീരഥന് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഏകനാഥ് റാനഡേ അതിസാഹസികമായ നീക്കങ്ങളിലൂടെ ആ സ്മാരകം ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് പൂര്‍ത്തിയാക്കി. തനിക്ക് എന്തൊക്കെ തടസ്സങ്ങളെയാണ് മറികടക്കേണ്ടിവന്നത്. അതിന് എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിച്ചു എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് അക്ഷോഭ്യനായി, നിശ്ചയദാര്‍ഢ്യത്തിന് അയവു വരുത്താന്‍ അനുവദിക്കാതെ നീങ്ങിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചിട്ടുണ്ട്. അതിനാവശ്യമായ ആളും അര്‍ത്ഥവും ഏകനാഥജിസമാഹരിച്ചതും അന്യാദൃശമായ വിധത്തിലായിരുന്നു.
അതുപോലെയുള്ള ഒരു പ്രതിഭാശാലിയെ കണ്ടെത്തി ഭാരമേല്‍പ്പിച്ചാല്‍ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം തീര്‍ച്ചയായും യഥാര്‍ത്ഥമാക്കാം. എംഎ സാറിന്റെ ആ സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കിയാല്‍ അതുവലിയ നേട്ടമായിരിക്കും. ഏതൊരു സാധാരണ മനുഷ്യനേയും തകര്‍ന്നടിയാന്‍ ഇടവരുത്തുന്നത്ര ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം തന്റെ പ്രത്യാശ കൈവെടിയാതെ നീങ്ങുന്നു. അദ്ദേഹത്തിന്റെ മുന്നില്നില്ക്കുമ്പോള് പറയാന്‍ വാക്കുകളില്ലാതാകുകയാണ്.
“ഇതേ മെയ്യും കണ്ണും കൊണ്ടേ
കാര്യപൂര്‍ത്തി നേടും
എന്നതാമാസ്വപ്നമശേഷം
പൂര്ണമാക്കിടാം നാം”
എന്നു പൂജനീയ ഡോക്ടര്‍ജിയെക്കുറിച്ചുള്ള ഗീതത്തിലെ വരികള്‍ ഓര്‍മിപ്പിച്ചുകൊണ്ടു വിരമിക്കുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: