ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന മകം തൊഴല്‍ വൈകിട്ട് 8.30 വരെ നീളും. മകം തൊഴലിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കൊച്ചി ദേവസ്വം അധികൃതര്‍ അറിയിച്ചു. ഇത്തവണ തിക്കും തിരക്കും നിയന്ത്രിക്കാന്‍ വിപുലമായ സജീകരണങ്ങളാണ് ക്ഷേത്രം അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മകംതൊഴാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ബാരിക്കേഡുകള്‍ വഴിയാണ് പ്രവേശനം. തനിച്ച് എത്തുന്ന സ്ത്രീകള്‍ക്ക് പടിഞ്ഞാറെ നടയിലൂടെ പ്രവേശിച്ച് വടക്കേ വാതില്‍ വഴിയും കുടുംബസമേതമെത്തുന്നവര്‍ക്കും പുരുഷന്മാര്ക്കും പൂരപ്പറമ്പില്‍നിന്ന് വടക്കേ കവാടം വഴി അകത്തുകടന്ന് കിഴക്കേ നടയിലൂടെയും ദര്‍ശനം നടത്താന്‍ കഴിയുംവിധമാണ് ബാരിക്കേഡുകള്‍ ഒരുക്കിയിരിക്കുന്നത്. കനത്ത ചൂടിനെ പ്രതിരോധിക്കാനായി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ട് കഴിഞ്ഞ് പൂരപ്പറമ്പിലെത്തി എന്‍എസ്എസ് കരയോഗത്തിലെ പറയെടുപ്പിനുശേഷം മകം എഴുന്നള്ളിപ്പ് തുടങ്ങും. ഒരു മണിക്ക് മകം ദര്‍ശനത്തിനായി ഭഗവതിയെ ഒരുക്കുന്നതിനായി നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: