കൊച്ചി: ആറന്മുള വിമാനത്താവള സാധ്യത പഠനത്തിന്റെ പേരില്‍ സര്‍ക്കാരും കെജിഎസും നടത്തിയ കള്ളക്കളികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പഠനത്തിന് സര്‍ക്കാര്‍ കിറ്റ്കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കെജിഎസ് ഗ്രൂപ്പാണ് കിറ്റ്കോയെ പഠനത്തിന് ഏല്‍പ്പിച്ചത് എന്നാണ് പറയുന്നത്. സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള വിമാനത്താവള പദ്ധതിയെക്കുറിച്ച് പടനം നടത്താന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയത് അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കിറ്റ്കോയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം വിമാനത്താവളത്തിന് തടസ്സമാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് വിവാദമായത്. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ കെജിഎസ് ഗ്രൂപ്പിനോട് വിശദീകരണം തേടുകയായിരുന്നുവെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്കോ സര്‍ക്കാര്‍ അനുവാദമില്ലാതെ ഇത്തരമൊരു സാധ്യതാ പഠനം നടത്താനിടയില്ല. കെജിഎസ് ആവശ്യപ്പെട്ടതു പ്രകാരമാണ് തങ്ങള്‍ സാധ്യതാ പഠനം നടത്തിയതെന്നും എന്നാല്‍ കൊടിമരത്തിന്റെ ഉയരം കുറക്കണമെന്ന പരാമര്‍ശം തങ്ങളുടെ റിപ്പോര്‍ട്ടിലില്ല എന്നുമാണ് കിറ്റ്കോയുടെ നിലപാട്.
ഇത് കെജിഎസ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തതാണ് എന്നും കിറ്റ്കോ അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ അനുവാദത്തോടെ കിറ്റ്കോ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കെജിഎസ് ഗ്രൂപ് തിരുത്തല്‍ വരുത്തിയെന്നാണ്് ഇതോടെ വ്യക്തമാവുകയാണ്. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും സര്‍ക്കാര്‍ അറിഞ്ഞഭാവം നടിച്ചില്ല. ആറന്മുള വിമാനത്താവളത്തിനെതിരെ നടക്കുന്ന സമരം ക്ഷേത്രത്തിനു വേണ്ടിമാത്രമുള്ളതാണെന്ന് വരുത്തി തീര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് കെജിഎസ് ഗ്രൂപ്പിനുണ്ടായിരുന്നതെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ഇതിന് മൗനാനുവാദം നല്‍കുകയും ചെയ്തു. അതെ സമയം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കെജിഎസിനാണെന്ന വാദമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്. ഇത് കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണോയെന്നും സംശയമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: