റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റ രാജിവച്ചു. ക്യാബിനറ്റ് യോഗത്തിനുശേഷം ഇന്നലെ പ്രസിഡന്റ് ജോര്‍ജിയോ നാപ്പോളിറ്റാനോയെ കണ്ട ലെറ്റ രാജി സമര്‍പ്പിക്കുകയായിരുന്നു. പാര്‍ട്ടി തലവന്‍ മറ്റിയൊ റെന്സിയാവും അടുത്ത പ്രധാനമന്ത്രി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇടതുപക്ഷചായ്വുള്ള റെന്‍സി നേതൃത്തിലെത്തിയതിനെ തുടര്‍ന്ന് ഭരണതലത്തില്‍ മാറ്റം ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗവും രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച നടന്ന ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ലെറ്റ പരാജയപ്പെടുകയും ചെയ്തു. അധികാരക്കസേരയില്‍ ഒരുവര്‍ഷം തികയ്ക്കുന്നതിന് മുന്‍പാണ് ലെറ്റയുടെ തിരിച്ചിറക്കം. 2013 ഏപ്രിലില്‍ മരിയോ മോണ്ടിയുടെ പിന്‍ഗാമിയായാണ് ലെറ്റ ചുമതലയേറ്റത്.
അതേസമയം, ലെറ്റ- റെന്‍സി മൂപ്പിളമ തര്‍ക്കം ഇറ്റലിക്കാര്‍ക്ക് അത്ര രസിച്ചിട്ടില്ലെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 2015വരെ ഭരണത്തില്‍ തുടരാന്‍ ലെറ്റയെ അനുവദിക്കാമെന്ന ധാരണ ലംഘിച്ച റെന്‍സിയുടെ അധികാരമോഹത്തെ സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനവും എതിര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: