ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം ഇന്ത്യാക്കാരന് രൂപകല്പന ചെയ്ത് നിര്‍മ്മിച്ചതല്ല. പാര്‍ലമെന്ററി സംവിധാനത്തിന്റെ അലകും പിടിയും കടമെടുത്തതും ‘മരത്തിന്റെ വളവും ആശാരിയുടെ ഇരുത്തവും’ പ്രശ്നമാണെന്നതു പോലെയാണ് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ അപാകതയും. അത് തീരാനും തീര്‍ക്കാനും ഒരുപക്ഷേ കാലം എത്രയോ എടുത്തെന്നിരിക്കും.
വൃത്താകൃതിയില്‍ ആറേക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ സൗധം വൈസ്രോയി ഇര്വിന് പ്രഭുവാണ് ഉദ്ഘാടനം ചെയ്തത്. 1921 ഫിബ്രുവരി 12ന് തറക്കല്ലിട്ട മന്ദിരം പൂര്‍ത്തിയാക്കിയത് ആറുവര്‍ഷമെടുത്താണ്. 1927 ജനുവരി 18നായിരുന്നു ഉദ്ഘാടനം.
ലോകപ്രശസ്ത വാസ്തുശില്പികളായ എഡ്വിന് ല്യൂട്യന്സും ഹെര്‍ബര്‍ട്ട് ബേക്കറുമാണ് ഇതിന്റെ രൂപകല്പന നിര്‍വഹിച്ചത്. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടവും ഇവര്‍ക്കുതന്നെ. ന്യൂദല്‍ഹി നഗരത്തിന്റെ രൂപകല്പനയും ഇവരുടേതാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യത്തിലാണ് സെന്‍ട്രല്‍ ഹാള്‍. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷികളാണ് ഇതിന്റെ പരവതാനിയും തൂണുകളും ചുമരുകളും. ഭരണഘടനാ നിര്‍മ്മാണസഭ സമ്മേളിച്ചിരുന്ന ഈ ഹാളിലാണ് 1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രി ബ്രിട്ടീഷുകാരന് അധികാരം കൈമാറിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ഒന്നിച്ചുകൂടുന്നതും ഈ ഹാളില്‍ തന്നെ. പ്രഗത്ഭരായ ദേശീ നേതാക്കളുടെ ഛായാചിത്രങ്ങളാല്‍ അലംകൃതമാണ് ഈ ഹാള്‍. ഇതിന്റെ പാര്‍ശ്വങ്ങളിലാണ് ലോക്സഭയും രാജ്യസഭയും ചേരാനുള്ള ചേമ്പര്‍. ലോക്സഭാ ഹാളിലെ പരവതാനി പച്ചയും രാജ്യസഭയുടേത് ചുവപ്പും. പച്ചപ്പരവതാനി ഈ ഫിബ്രുവരി 13ന് കഴുകിയത് സഭാംഗങ്ങളുടെ കണ്ണീരുകൊണ്ട്. ആണുങ്ങളും പെണ്ണുങ്ങളും കണ്ണീരൊഴുക്കിയത് പ്രജകളുടെ ദാരിദ്ര്യവും ദുഃഖവും ദുരന്തവും ഓര്‍ത്തിട്ടല്ല. രൂപയുടെ വിലയിടിവോ സാധനങ്ങളുടെ വിലക്കയറ്റമോ പ്രശ്നമായി കാണാതിരുന്ന പാര്‍ലമെന്റിലെ വരേണ്യ വര്‍ഗ്ഗം പെപ്പറും പേനാക്കത്തിയുമായി സഭയിലെത്തി വിപ്ലവവീര്യം പ്രകടിപ്പിച്ചാണ് സ്പീക്കറുടേതടക്കം കണ്ണീരൊലിപ്പിച്ചത്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ നടത്തിയ തെലങ്കാന ബില്‍ അവതരണമാണ് വിഷയം. ഇത് സഭയുടെ ചരിത്രത്തിലില്ലാത്ത കയ്യാങ്കളിയിലാണെത്തിയത്. ഏറ്റുമുട്ടിയ അംഗങ്ങള്‍ കത്തി വീശി, കുരുമുളക് സ്പ്രേ അടിച്ചു. നില്‍ക്കക്കള്ളിയില്ലാതെ അംഗങ്ങള്‍ പാര്‍ലമെന്റ് ഹൗസിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തെലങ്കാന ബില്‍ അവതരണത്തില്‍ പ്രതിഷേധിച്ച അംഗങ്ങളെ കോണ്‍ഗ്രസ് എംപിമാരാണ് മര്‍ദിച്ചത്. മൈക്കുകളും കംപ്യൂട്ടറുകളും വലിച്ചെറിഞ്ഞു. പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ സംഭവം എന്നതിനെ ലജ്ജയോടെ ഓര്‍മ്മിക്കാം.
ദേഹാസ്വാസ്ഥ്യമുണ്ടായ എംപിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിഭ്രാന്തിക്കിടെ ടിഡിപി എംപി കെ നാരായണറാവു കുഴഞ്ഞുവീണു. സംഭവത്തെ തുടര്‍ന്ന് 17 എംപി മാരെ സ്പീക്കര്‍ മീരാകുമാര്‍ സസ്പെന്‍ഡ് ചെയ്തു. അതേസമയം, നടുത്തളത്തിലിറങ്ങിയ പള്ളം രാജു ഉള്‍പ്പെടെയുള്ള മന്ത്രിമാരെ നടപടിയെടുക്കാതെ സംരക്ഷിച്ചു. ടിഡിപി അംഗം കത്തിവീശിയതായി താന്‍ കണ്ടെന്ന് മന്ത്രി കമല്‍നാഥ് സ്ഥിരീകരിച്ചു. പാര്‍ലമെന്റിന് പുറത്തും തെലങ്കാന അനുകൂലികളും സീമാന്ധ്രക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇന്നത്തെ കോണ്‍ഗ്രസുകാരും ഇന്നലത്തെ കോണ്‍ഗ്രസ്സുകാരുമാണ് കോപ്രായങ്ങളെല്ലാം നടത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വ്യാഴാഴ്ച സഭയിലെത്തിയില്ല. പകല്‍ 11ന് ലോക്സഭ ചേര്‍ന്നെങ്കിലും ബഹളംമൂലം 12 വരെ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ തീരുമാനമനുസരിച്ചാണ് തെലങ്കാന ബില്‍ അവതരിപ്പിച്ചത്. സഭ ചേര്‍ന്നയുടന്‍ ബില്ലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നടുത്തളത്തിലേക്ക് ഇറങ്ങി. ബില്ലിനെ എതിര്‍ക്കുന്ന ടിഡിപിയിലെ എം. വേണുഗോപാലറെഡ്ഡി സ്പീക്കറുടെ അടുത്തേക്ക് നീങ്ങി സെക്രട്ടറി ജനറലിന്റെ മൈക്ക് പറിച്ചെടുത്ത് വീശി. റെഡ്ഡി കത്തിവീശിയെന്നും ആരോപണമുയര്‍ന്നു. തെലുങ്കാന ബില്‍ വരുമെന്നുറപ്പുള്ളപ്പോള് എന്തുകൊണ്ട് മേല്‍പ്പറഞ്ഞ രണ്ടുപേര്‍ സഭയിലെത്തിയില്ല എന്ന ചോദ്യം പ്രസക്തമാണ്. എല്ലാം ഇവര്‍ക്കറിയാമായിരുന്നു.
കുഴപ്പക്കാരായ എംപിമാരെ നിയന്ത്രിക്കാന്‍ 30 കോണ്‍ഗ്രസ് അംഗങ്ങളെ നിര്‍ത്തിയിരുന്നു. ഇവര്‍ വേണുഗോപാലറെഡ്ഡിയെ കൈയേറ്റം ചെയ്ത വേളയിലാണ് വിജയവാഡ എംപിയും വന്‍ വ്യവസായിയും 300 കോടി പ്രഖ്യാപിത ആസ്തിയുമുള്ള എല്‍.രാജഗോപാല്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. ഈ സമയം സ്പീക്കര്‍ തെലങ്കാന ബില്‍ അവതരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ ക്ഷണിച്ചു. ബില്ലിന് സഭയുടെ അനുമതി തേടവെ സ്പ്രേ ശ്വസിച്ച സ്പീക്കര്‍ മീരാകുമാര്‍ ചുമയ്ക്കാന്‍ തുടങ്ങുകയും സഭ പിരിച്ചുവിട്ടു എന്നുപോലും പറയാതെ സ്വന്തം മുറിയിലേക്ക് ഓടുകയും ചെയ്തു. വിഷവാതകമെന്നുകരുതി എംപിമാരോട് പുറത്തുപോകാന്‍ സുരക്ഷാഗാര്‍ഡുകള്‍ ആവശ്യപ്പെട്ടു. സ്വയരക്ഷയ്ക്കാണ് സ്പ്രേ ഉപയോഗിച്ചതെന്നാണ് രാജഗോപാലിന്റെ വിശദീകരണം. ഉച്ചയ്ക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ എല്‍ രാജഗോപാല്‍, വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്റെഡ്ഡി തുടങ്ങി 17 പേരെ പുറത്താക്കിയതായി സ്പീക്കര്‍ അറിയിച്ചു.
വൈഎസ്ആര്‍ കോണ്‍ഗ്രസിലെ രണ്ടുപേരും ടിഡിപിയിലെ നാലുപേരും 11 കോണ്‍ഗ്രസ് എംപിമാരുമാണ് പുറത്താക്കപ്പെട്ടത്. ഇതിനിടയിലാണ് ടിഡിപിയിലെ കെ. നാരായണറാവു കുഴഞ്ഞുവീണത്. സയനൈഡ് കഴിച്ചെന്നായിരുന്നു ആദ്യപ്രചാരണം. നേരിയ ഹൃദയാഘാതമുണ്ടായതായി പിന്നീട് വിശദീകരിച്ചു. ഇതോടെ സഭ പിരിഞ്ഞു.
രാജ്യസഭയിലും സമാനമായ രംഗങ്ങള്‍ അരങ്ങേറി. ടിഡിപി അംഗം മൈക്ക് പൊട്ടിച്ചു. തെലങ്കാന ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ബില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്. മന്ത്രിമാര്‍ ഉള്‍പ്പെടെ സഭ തടസ്സപ്പെടുത്തുമ്പോള്‍ എങ്ങനെ ബില്‍ പാസാക്കുമെന്ന ചോദ്യമാണ് ഭൂരിപക്ഷം എംപിമാരും ഉയര്‍ത്തുന്നത്. ലോക്സഭയിലെ സംഭവങ്ങള്‍ അപമാനകരമാണെന്നും ജനാധിപത്യത്തിനേറ്റ പുഴുക്കുത്താണെന്നും സ്പീക്കര്‍ മീരാകുമാര്‍ പ്രതികരിക്കുമ്പോള്‍ അത്തരം പുഴുക്കളെ സഭയിലെത്തിച്ചവരെക്കുറിച്ച് സഹതപിക്കാം. കുരുമുളക് സ്പ്ര ചെയ്ത രാജഗോപാല്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. പ്രതിപക്ഷത്തെ നേരിടാനാണത്രെ കുരുമുളകുസ്പ്രേയുമായി സഭയിലെത്തിയത്. തോക്കെടുക്കാന്‍ തോന്നാത്തത് ഭാഗ്യം. എങ്കില്‍ കണ്ണീരിനു പകരം സഭയില്‍ ചോരവീണേനെ. പച്ചപ്പരവതാനി ചുവക്കുന്നതും കണ്ടേനെ.
ഫിബ്രുവരി 13ന് സമാനമായ സംഭവം നടന്നത് 2001 ഡിസംബര്‍ 13നാണ്. അന്നത്തേത് ഭീകരരായിരുന്നു. അവര്‍ക്ക് സഭയില്‍ കടക്കാനായില്ല. പുറത്തായിരുന്നു അങ്കം. ഇപ്പോള്‍ തൊഴുത്തിലാണ് കുത്ത്. പുറത്തേ അങ്കത്തിന്റെ മുഖ്യപ്രതിക്ക് തൂക്കുകയറുതന്നെ കിട്ടി. അകത്തെ പ്രതികാരത്തിന് പുറത്താക്കല്‍ കൊണ്ട് തൃപ്തിയടഞ്ഞാല്‍ മതിയോ? മോന്തായം വളഞ്ഞാല്‍ മേറ്റ്ല്ലാം എന്നു പറയാറുണ്ട്. ഒന്നും നേരെയല്ല. നേരെയാണെങ്കില്‍ പാര്‍ലമെന്റിലെത്താന്‍ പ്രധാനമന്ത്രിക്ക് നേരമുണ്ടാകുമായിരുന്നില്ലേ. മദാമ്മയും മകനും നേരാംവണ്ണമായിരുന്നെങ്കില് സ്വന്തം അണികളെ നിയന്ത്രിക്കുമായിരുന്നില്ലേ? നാഥനില്ലാത്ത കളരിയാകുമ്പോള്‍ എന്തും നടക്കാം.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: