1990 ല്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായതോടെ, ഇന്ത്യയിലാദ്യമായി ഐടിപാര്‍ക്ക് എന്ന ആശയം നടപ്പാക്കുന്ന സംസ്ഥാനം എന്ന പദവി കേരളം നേടിയെടുത്തു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്ക് എന്ന നിലയിലേക്ക് ടെക്നോപാര്‍ക്ക് ഉയര്‍ന്നിരിക്കുന്നു. 2002 ല്‍ സ്ഥാപിതമായ ഇന്‍ഫോ പാര്‍ക്ക് സ്പഷ്ടമായ വളര്‍ച്ചാനിരക്കോടെ മുന്‍നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയുമാണ്.
ഐടി പാര്‍ക്കുകള്‍ മുന്‍തൂക്കം നല്കി അതിനായി മാത്രം 1500 ഏക്കര്‍ സ്ഥലം മാറ്റിവെച്ചുകൊണ്ട് സംസ്ഥാനത്തുടനീളമുള്ള പത്ത് സുപ്രധാന കേന്ദ്രങ്ങളില്‍ പ്രസ്തുത പാര്‍ക്കുകള്‍ സ്ഥാപിക്കുവാനാണ് കേരളസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകളില്‍ മാത്രം 65,000 ല്‍ കൂടുതല്‍ പ്രൊഫഷണലുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. സംസ്ഥാനത്ത് ആകമാനമുള്ള ഐടി പ്രൊഫഷണലുകളുടെ എണ്ണം 85,000 ല്‍ അധികമാണ്. സംസ്ഥാനത്തിന്റെ വാര്‍ഷിക ഐടി ഉല്‍പ്പാദനം 10,000 കോടി രൂപയോളവും കയറ്റുമതി വരുമാനം 6,000 കോടി രൂപയ്ക്ക് മുകളിലുമാണ്. കയറ്റുമതിയിലുള്ള ഈ വന്‍ കുതിപ്പ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് കേരളം നേടിയെടുത്തത്. 2012-13 കാലഘട്ടത്തില്‍ ടെക്നോപാര്‍ക്ക് 1320 കോടി രൂപയുടേയും ഇന്‍ഫോപാര്‍ക്ക് 340 കോടിയുടേയും കയറ്റുമതി വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.
മൂന്നാമത്തെ ഐടി പാര്‍ക്കായ സൈബര്‍ പാര്‍ക്ക് കോഴിക്കോട് നിലവില്‍ വരുന്നതോടെ മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്കുള്ള ബീജാവാപമാണ് സാധ്യമാകുന്നത്. ഇതോടെ കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള വിസ്തൃതമായ ഭൂപ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി മേഖലയായി കോഴിക്കോട് മാറുകയാണ്. സൈബര്‍ പാര്‍ക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ വസ്തുത കോര്പ്പറേഷന് പരിധിക്കുള്ളിലായിരിക്കുമ്പോള്‍ തന്നെ നിര്‍ദ്ദിഷ്ട നാലുവരി പാതയുടെ സാമീപ്യമുള്ള നഗരപരിസരത്തു തന്നെയാണ് അതിന്റെ സ്ഥാനം എന്നതാണ്. നഗരജീവിതത്തെ തെല്ലും ബാധിക്കാത്ത തരത്തിലുള്ള വികസനമാണ് സൈബര്‍പാര്‍ക്ക് ലക്ഷ്യമിടുന്നത്. മറ്റൊരു സവിശേഷത ധാരാളം വായു സഞ്ചാരമുള്ളതും ആരോഗ്യകരവും വെള്ളം കെട്ടിനില്‍ക്കാത്തതുമായ അതിന്റെ ഭൂപ്രദേശമാണ്. ഇടറോഡുകള്‍, ചുറ്റുമതില്‍, തടശിലകള് എന്നിവ പൂര്‍ത്തീകരിച്ച് മികച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുളള പദ്ധതിയാണ് സൈബര്‍പാര്‍ക്കില്‍ നടന്നുവരുന്നത്. 20 എംവി, 110 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്, രണ്ടാമത്തെ ഐടി കെട്ടിടം എന്നിവയുടെ നിര്‍മാണം കേരള സംസ്ഥാന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് നടപ്പാക്കുന്നത്. ഇതോടെ അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ സൈബര്‍ പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക 250 കോടി രൂപയ്ക്ക് മുകളിലാകും.
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന മറ്റു പ്രധാന നിര്‍മാണ പദ്ധതികളായ ടെക്നോളജി ഇനവേഷന്‍ സോണ്‍, ഐസിടി അക്കാദമി എന്നിവ ഭാവിയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുദ്ദേശിച്ചുള്ളതാണ്. പരിശീലകരെ പരിശീലിപ്പിക്കുന്ന ഐസിടി അക്കാദമിയുടെ ബൃഹദ് പദ്ധതി കേരളത്തിലെ ബിരുദധാരികള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ നല്കുന്നതുമാണ്.
3600 കോടി രൂപ ചെലവില്‍ ടിസിഎസ് ആരംഭിക്കാനുദ്ദേശിക്കുന്ന ഗ്ലോബല്‍ ലേണിംഗ് സെന്റര്‍ നിലവില്‍ വരുന്നതോടെ തിരുവനന്തപുരത്ത് ടെക്നോസിറ്റിയും പ്രവര്‍ത്തനക്ഷമമാകുന്നതാണ്. ഇന്‍ഫോസിസ് അതിന്റെ രണ്ടാമത്തെ വികസന പദ്ധതിയും ടെക്നോസിറ്റിയിലാണ് നടപ്പിലാക്കുന്നത്. 4.5 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിയും പുരോഗമനപാതയിലാണ്.
ഇവയില്‍ ഭൂരിഭാഗവും സ്പെഷ്യല്‍ എക്കണോമിക് സോണുകള്‍ ആണ്. ഈ സ്പെഷ്യല്‍ എക്കണോമിക് സോണിനുവേണ്ട അനുമതികള്‍ തരാനും അവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുവാനും ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വളരെ അധികം സഹായസഹകരണങ്ങള്‍ ആണ് നല്കിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: