കോട്ടയം: ഇതിഹാസങ്ങള്‍ക്ക് ജീവിതത്തില്‍ വളരെയധികം പ്രാധാന്യമാണുള്ളതെന്ന് കാവാലം നാരായണപ്പണിക്കര്‍. ഇതിഹാസമെന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ഇതാണ് സൂചിപ്പിക്കുന്നത്. ഇത്തരം പ്രമേയങ്ങള്‍ നാടകത്തിനായി സ്വീകരിക്കുമ്പോള്‍ സമീപനരീതിയില്‍ വ്യത്യസ്തത പുലര്‍ത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണനെ അടിസ്ഥാനമാക്കി നാടകം ചെയ്തപ്പോള്‍ കര്‍ണ്ണനിലൂടെ ആധുനിക മനുഷ്യന്റെ മാനസികമായ വിഭ്രാന്തിയെ വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞു. പരിചയമുള്ള കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ ശക്തിയേറുകയും ചെയ്യും. കോട്ടയത്ത് നടത്തുന്ന ദേശീയ നാടകോത്സവത്തിനോടനുബന്ധിച്ച് നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 13-മത് ദേശീയ നാടകോത്സവത്തിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ കൂടിയാണ് കാവാലം.
കേരളത്തില്‍ നാടകവും നാടക കലാകാരന്മാരും വേണ്ടവിധത്തില്‍ അംഗീകരിക്കപ്പെടുന്നുന്നില്ലെന്നും എന്നാല്‍ രാജസ്ഥാന്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേരളത്തില്‍നിന്നുള്ള നാടകങ്ങള്‍ക്കു നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നും നാരായണപ്പണിക്കര്‍ പറഞ്ഞു. സി.എം.എസ് കോളേജിലെ പഠനകാലത്തിനു ശേഷമാണ് നാടകരംഗത്ത് സജീവമായത്. ജന്മഗ്രാമമായ കാവാലമാണ് ഏറെ പ്രചോദനമായതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തെരുവ് നാടകങ്ങള്‍ക്ക് എക്കാലത്തും പ്രസക്തിയുണ്ടെന്നും നാടകം സംസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശയവിനിമയത്തിലെ നൈരന്തര്യമാണ് പ്രധാനം. ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം ശരിയായ രീതിയില്‍ ഉണ്ടാകണമെങ്കില്‍ അരങ്ങിന്റെ സാന്നിധ്യം അത്യാവശ്യമാണ്.
കഥാപാത്രത്തിന്റെ ഭാവപരിണാമങ്ങള്‍ ജനങ്ങളുടെയുള്ളില്‍ രസങ്ങളാകുന്നതും, അവന്റെ ചിന്തകളെ ഉദാത്തമാക്കുന്നതും ഇങ്ങനെയുള്ള അരങ്ങുകളും നാടകങ്ങളിലൂടെയുമാണെന്നും കാവാലം വ്യക്തമാക്കി.
സമകാലിക കേരളത്തിലും ഭാവികേരളത്തിലും നാടകത്തിന് പ്രസക്തിയുണ്ട്. നാടകത്തെ നശിപ്പിക്കാനാവില്ല. നാടകം ജനകീയമാണ്. ജനാധിപത്യമില്ലാതിരുന്നൊരു കാലത്തുപോലും നാടകങ്ങള്‍ സജീവമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ആളുകള്‍ അന്ന് നാടകത്തിനുവേണ്ടി ഒത്തുചേരുകയും ചെയ്തിരുന്നു. നാടകത്തെ കൂടുതല്‍ ജനകീയമാക്കുവാന്‍ കൊമേഴ്സ്യലായുള്ള ഒരു സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിലും മറ്റും നാടകവേദികളില്‍ ആളുകളുടെ, പ്രത്യേകിച്ച് യുവാക്കളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. ഇത്തരം മനോഭാവം നാടകത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിക്കുമെന്നും നാരായണപ്പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: