കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അസീമാനന്ദ തന്നെ കണ്ടു എന്ന വാര്‍ത്ത അടിസ്ഥന രഹിതമാണെന്ന് ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സി.കെ.ജാനു ജന്മഭൂമിയോട് പറഞ്ഞു. ചില വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ്. വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്നറിയില്ല. വാര്‍ത്ത കൊടുത്തവരുടെ ലക്ഷ്യം എന്താണെന്നും അറിയില്ല. തനിക്ക് നേരിട്ടോ അല്ലാതെയോ അസീമാനന്ദയെ അറിയില്ല. പത്രവാര്‍ത്തകള്‍ വന്നപ്പോള്‍ മാത്രമാണ് ഇത്തരമൊരു പേര് ശ്രദ്ധയില്‍പ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസീമാനന്ദ തന്നെ വന്നു കണ്ടു എന്ന പത്രവാര്‍ത്ത തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്നും ജാനു പറഞ്ഞു.
പനവല്ലി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 1995 മാര്‍ച്ച് 14 മുതല്‍ 14 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. പ്രസ്തുത കേസില്‍ 102 പേരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 68 പേര് സ്ത്രീകളായിരുന്നു. മുഴുവനാളുകളും സ്വന്തം ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ജയിലില്‍ കഴിയുന്ന സമയത്ത് പരിചയമില്ലാത്ത ഒരാളും തന്നെ വന്ന് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. തന്റെ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രമാണ് ജയിലില്‍ തന്നെ വന്ന് കണ്ടത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് 2003 ല്‍ കോഴിക്കോട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. അവിടെയും പരിചയമില്ലാത്ത ആരെയും കണ്ടതായോ സംസാരിച്ചതായോ ഓര്‍മ്മയില്ലെന്നും ജാനു പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സി.കെ.ജാനുവിനെയും മറ്റ് ചിലരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്ന് കണ്ടതായി അസീമാനന്ദ പറഞ്ഞതായാണ് വാര്‍ത്ത വന്നത്. എന്നാല്‍ താന്‍ ഇത്തരമൊരു അഭിമുഖം നല്‍കിയിട്ടില്ലെന്നായിരുന്നു അസീമാനന്ദ ഇതിനോട് പ്രതികരിച്ചത്. കേരളത്തിലെത്തി സി.കെ.ജാനുവിനെ പോലെ ഒരാളെ വന്ന് കാണുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ പേരെടുത്ത് അസീമാന്ദ പരാമര്‍ശിച്ചുവെന്നതും സംശയം ജനിപ്പിക്കുന്നതാണ്. സി.കെ.ജാനു അത് നിഷേധിക്കുക കൂടി ചെയ്തതോടെ വാര്‍ത്തയുടെ വിശ്വാസ്യതയും നഷ്ടപ്പെടുകയാണ്.
കെ. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: