തിരുവനന്തപുരം: 16 ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനു 40 ലക്ഷത്തോളം സ്ത്രീകളെത്തുമെന്ന് ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍. സംസ്ഥാനത്തിന് അകത്തു നിന്നുള്ളവര്‍ക്ക് പുറമേ, അയല്‍ സംസ്ഥാനങ്ങിളില്‍ നിന്നുള്ള മലയാളികളും തമിഴ് നാട്ടില്‍ നിന്നുള്ള ക്ഷേത്ര വിശ്വാസികളും പൊങ്കാല അര്‍പ്പിക്കാനെത്തും. ഏറ്റവും കൂടുതല്‍ സത്രീകള്‍ പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പൊങ്കാലയ്ക്ക് ഓരോ വര്‍ഷവും സ്ത്രീകളുടെ പങ്കാളിത്തത്തില്‍ വര്‍ദ്ധനവാണുണ്ടാകുന്നത്. പൊങ്കാലയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കേ, തലസ്ഥാന നഗരം ആഘോഷത്തിമിര്‍പ്പിലായി. പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ഭഗതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പൊലീസ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, ആരോഗ്യം,വാട്ടര്‍ അതോറിറ്റി, റെയില്‍വെ എന്നീ വകുപ്പുകളുടെ മേലധികാരികളുമായി ചര്‍ച്ചകള്‍ നടത്തി വേണ്ട ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി,ആരോഗ്യമന്ത്രി, സ്ഥലം എംഎല്‍എ, കോര്പ്പറേഷന് മേയര്‍ എന്നിവരും ക്രമീകരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
മകരം കുഭം മാസങ്ങളിലായി 10 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന്റെ ഒമ്പതാം ദിവസമാണ് പൊങ്കാല സമര്‍പ്പണം.കാര്‍ത്തിക നക്ഷത്രനാളില്‍ കാപ്പുകെട്ടികുടിയിരുത്ത് ചടങ്ങുകളോടെയാണ് ഉത്സവത്തിന്റെ തുടക്കം.
തലസ്ഥാന നഗരിയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് പൊങ്കല അടുപ്പുകള്‍ തയ്യാറാക്കുന്നത്. 16 ന് രാവിലെ 10.30 ന് അടുപ്പുവെട്ടും പൊങ്കാലയും തുടങ്ങും. 2.30 നാണ് പൊങ്കാല നിവേദ്യം. ഇഷ്ടിക അടുപ്പുകളും മണ്‍കലങ്ങളും മാത്രമെ പൊങ്കാലയ്ക്ക് ഉപയോഗിക്കാവൂ. ഇരുമ്പ് അടുപ്പുകള്‍ അനുവദിക്കില്ല. 5 കിലോമീറ്ററിനുള്ളിലായി 2000 ത്തോളം കുടിവെള്ള ടാപ്പുകള്‍ സജ്ജമാക്കും. ഐരാണിമുട്ടം ടാങ്കില്‍ നിന്നാവും ശുദ്ധജല വിതരണം. ക്രമസമാധാന പാലനത്തിന് 5000 പൊലീസുകാരെയാണ് നിയോഗിക്കുക. ഇതില്‍ 1000 വനിതകളാണ്. 25 സ്കൂളുകളിലായാണ് പൊലീസുകാര്‍ക്ക് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ഒരു ഡെപ്യൂട്ടി കളക്ടറുടെ ചുമതലയില്‍ ക്ഷേത്ര പരിസരത്ത് കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
പൊങ്കാല കഴിഞ്ഞാല്‍ നാലു മണിക്കൂറിനുള്ളില്‍ നഗരം വെടിപ്പാക്കും. കോര്‍പ്പറേഷന്റെ ചുമതലയില്‍ 1500 തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. 35 ടോയ്ലറ്റുകള് നിലവിലുണ്ട്. പറമെ 50 എണ്ണം കൂടി താല്‍ക്കാലികമായി സ്ഥാപിക്കും. 30 മൊബെയില്‍ ടോയ്ലറ്റുകളും തയ്യാറാക്കും. പൊങ്കാല ദിവസം ക്ഷേത്രത്തിന്റെ 5 കിലോ മീറ്റര്‍ ചുറ്റളവില്‍ ജാതി,മത, ആചാര ഭേദമന്യേ എല്ലാ വീടുകളും ഭക്തജനങ്ങള്‍ക്കായി തുറന്നിടും. 16 ന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാന സ്റ്റേഷനുകളിലും പ്രധാന ട്രെയിനുകള്‍ നിറുത്തുമെന്നു റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നടപ്പന്തലിനു മുന്നില്‍ അന്നേദിവസം മൂന്നു ബ്ലോക്കുകളിലായി കുടിവെള്ള വിതരണമുണ്ടാവും. എ ബ്ലോക്കില്‍ അയ്യപ്പസേവാ സംഘവും ബി യില്‍ സായി ഭക്തജനസംഘവും സി യില്‍ ട്രസ്റ്റിന്റെ മേല്‍ നോട്ടത്തിലുമാവും കുടിവെള്ള വിതരണം. കിഴക്കേകോട്ട, വികാസ് ഭവന്, ഈഞ്ചക്കല്‍ എന്നിവിടങ്ങലിലേക്ക് കെ.എസ്.ആര്.ടി.സി ചെയിന്‍ സര്‍വ്വീസ് നടത്തും.
രാത്രി 10.30 ന് നടക്കുന്ന പുറത്തെഴുന്നള്ളിപ്പിനൊപ്പം പല്ലാവൂര്‍ ശ്രീധരനും സംഘവും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം അകമ്പടി സേവിക്കും. അമ്മയുടെ തിടമ്പേറ്റുന്നത് നാട്ടാനകളുടെ പ്രജാപതി ഗജരാജന്‍ പാമ്പാടി രാജനാണ്. ക്ഷേത്രം ട്രസ്റ്റ് ചെയര്മാന് കെ.പി.രാമചന്ദ്രന് നായര്‍, പ്രസിഡന്റ് എം.രാധാകൃഷ്ണന് നായര്‍, സെക്രട്ടറി എസ്.ജ്യോതിഷ് കുമാര്‍,പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ബി.മുരളീധരന് നായര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: