ന്യൂദല്‍ഹി: വടക്കന്‍ കര്‍ണ്ണാടകത്തിലെ ഉത്തരംഗ മല ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നടന്നുവരുന്ന വിവാദമായ ‘ദേവദാസിയാക്കല്‍’ ചടങ്ങ് അവസാനിപ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ചടങ്ങ് നടത്താന്‍ അനുവദിക്കരുതെന്നും തടയണമെന്നും കര്‍ണ്ണാടക സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും നല്കിയ ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി.
ക്ഷേത്രസേവകയായി ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുന്ന ദേവദാസികളായി പെണ്‍കുട്ടികളെ മാറ്റുന്ന വിചിത്രമായ ചടങ്ങ് ഉത്തരംഗ മല ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഇന്നാണ് നടക്കുന്നത്. ദേവനഗര്‍ ജില്ലയിലെ ഹരപ്പനഹള്ളി താലൂക്കില്‍ പെടുന്ന പ്രദേശത്താണ് ക്ഷേത്രം. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ഇവിടേക്ക് പെണ്‍കുട്ടികളെ എത്തിച്ച് ദേവദാസികളാക്കാറുണ്ട്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. രാജ്യത്തിനാകെ നാണക്കേടായ ദേവദാസി സമ്പ്രദായം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ചടങ്ങ് തടയുന്നതിനായി പോലീസിനെ വിന്യസിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍ജിഒ ആയ എസ്എല്‍ ഫൗണ്ടേഷനാണ് ചടങ്ങിനെതിരെ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: