ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ രണ്ട് ലോകകപ്പുകളാണ് ഇതുവരെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഫിഫയുടെ സ്ഥാപകരിലൊരാളായ യൂള്‍ റിമെയുടെ ഓര്‍മ്മക്കായുള്ള യൂള്‍ റിമെ കപ്പും, പുതിയതായി നിര്‍മ്മിച്ച ഇപ്പോഴത്തെ കപ്പും. മുന്‍പ് മൂന്നു തവണ ലോക ചാമ്പ്യന്മാരായാല് അവര്‍ക്ക് കപ്പ് സ്വന്തമാകുമെന്നായിരുന്നു വ്യവസ്ഥ. 1970-ല്‍ മൂന്നാം തവണയും ലോകചാമ്പ്യന്മാരായി ബ്രസീല്‍ ഈ കപ്പ് സ്വന്തമാക്കി. ഇതോടെയാണ് 1974-ലെ ലോക ജേതാക്കള്‍ക്ക് സമ്മാനിക്കാനായി പുതിയ കപ്പ് നിര്‍മിച്ചത്.
1914ല്‍ ആരംഭിച്ച് 1918ല്‍ അവസാനിച്ച ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് ലോകം മുക്തി നേടുന്നതിന് മുമ്പ് 1929-ലാണ് ആദ്യത്തെ ലോകകപ്പ് പ്രഖ്യാപിച്ചത്. അന്നത്തെ ഫിഫ പ്രസിഡന്റായിരുന്ന ജൂള്‍സ് റിമറ്റായിരുന്നു സംഘാടകന്‍. ഒളിമ്പിക്സ് ഫുട്ബോളിന്റെ വിജയത്തെ തുടര്‍ന്ന് അന്നത്തെ ഫിഫ പ്രസിഡന്റായിരുന്ന യൂള്‍റിമെ ഒളിമ്പിക്സിന് പുറത്ത് ഒരു ഫിഫക്ക് സ്വന്തമായി ഒരു ടൂര്‍ണമെന്റ് വേണമെന്ന് തീരുമാനിച്ചു. അങ്ങനെ 1928 മെയ് 28ന് ആംസ്റ്റര്‍ഡാമില്‍ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസ് ലോക ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിക്കുകയും 1929-ല്‍ വേദി പ്രഖ്യാപിക്കുകയും ചെയ്തു. ഉറുഗ്വെയായിരുന്നു ആദ്യ ലോകകപ്പിന്റെ വേദി. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് മുക്തരാകുന്നതിന് മുമ്പ് ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവരുടെ തീരുമാനം.
‘ഫുട്ബോള്‍ ലോകസമാധാനത്തിന്’ എന്ന ആശയവുമായി, യൂറോപ്പിലെ എല്ലാ രാജ്യങ്ങളോടും ലോകകപ്പില്‍ പങ്കെടുക്കാന്‍ റിമെ അഭ്യര്‍ത്ഥിച്ചു. ഇതിന് ഫലമുണ്ടായി. യൂറോപ്പില്‍നിന്ന് നാല് രാജ്യങ്ങളടക്കം മൊത്തം പതിമൂന്ന് രാജ്യങ്ങള്‍ പങ്കെടുത്ത ആദ്യത്തെ ലോകകപ്പ് 1930-ല്‍ ഉറുഗ്വെയില്‍ അരങ്ങേറി.
ഫ്രഞ്ചുകാരനായ പ്രസിദ്ധ ശില്‍പ്പി ആബേല്‍ ലാഫ്ലേവറാണ് സ്വര്‍ണ്ണം കൊണ്ടുള്ള ഈ കപ്പ് രൂപകല്പന ചെയ്തത്. 35 സെന്റീമീറ്റര്‍ ഉയരവും 3.8 കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന ഈ കപ്പ് ഇന്ദ്രനീലക്കല്ലും സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്താണ് ഉണ്ടാക്കിയത്. ആദ്യമായി ഈ കപ്പ് നേടിയത് ആതിഥേയരായ ഉറുഗ്വേ തന്നെയായിരുന്നു. വിക്റ്ററി എന്നായിരുന്നു ഈ കപ്പിനെ ആദ്യം വിളിച്ചിരുന്നത്. പിന്നീട് ഫുട്ബാളിനും ഫിഫയ്ക്കും യൂള്‍റിമെ നല്കിയ സംഭാവനകളെ കണക്കിലെടുത്ത് 1946-ല്‍ ഈ കപ്പിന് യൂള്‍റിമെ കപ്പ് എന്ന പേരിട്ടു.
ഈ കപ്പിനെ ചുറ്റിപ്പറ്റി രസകരമായ കഥകള്‍ ഏറെയുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫിഫ പ്രസിഡന്റായിരുന്ന ഒട്ടോറിനോ ബറാസി അക്രമികളുടെ കയ്യില്‍നിന്ന് ഈ കപ്പിനെ രക്ഷിച്ച കഥ പ്രസിദ്ധമാണ്. പാദരക്ഷകള്‍ സൂക്ഷിക്കുന്ന പെട്ടിയിലിട്ട് സ്വന്തം കിടക്കയുടെ അടിയിലൊളിപ്പിച്ചാണ് ബറാസി കപ്പ് അക്രമികളുടെ കയ്യില്‍പ്പെടാതെ സൂക്ഷിക്കുകയായിരുന്നു.
1966-ല്‍ ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ഹാളില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന കപ്പ് കാണാതായി. എന്നാല്‍ പിക്കിള്‍സ് എന്ന പേരുള്ള ഒരു പോലീസ് നായയുടെ സഹായത്തോടെ പോലീസ് കപ്പ് കണ്ടെത്തി. കപ്പ് ഒരു മരത്തിനടിയില്‍ കുഴിച്ചിട്ടിരിക്കയായിരുന്നു.
1970ല്‍ മൂന്നാം വട്ടം ലോകകപ്പ് നേടി, ബ്രസീല്‍, യൂള്‍ റിമേ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. റിയോ ഡീ ജെനീറോയിലെ ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ഈ കപ്പ് 1983 ഡിസംബര്‍ 19ന് മോഷ്ടിക്കപ്പെട്ടു. പിന്നീട് ഈ കപ്പ് കണ്ടെടുക്കാനായില്ല. കൈക്കലാക്കിയവര്‍ കപ്പ് ഉരുക്കി സ്വര്‍ണ്ണമാക്കി മാറ്റുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നിരാശരായ ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന് റിമെ കപ്പിന്റെ മാതൃകയില്‍ വേറൊന്നുണ്ടാക്കി പ്രശ്നം പരിഹരിച്ചു.
1970ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ ബ്രസീല്‍ റിമെ കപ്പ് സ്വന്തമാക്കിയതിനെത്തുടര്‍ന്ന്, ഫിഫ പുതിയ കപ്പ് ഉണ്ടാക്കാനാരംഭിച്ചു. ഏഴ് രാജ്യങ്ങളില്‍നിന്നായി 53 ശില്‍പ്പികളാണ് കപ്പ് ഡിസൈനുമായി ഫിഫയെ സമീപിച്ചത്. ഇറ്റലിക്കാരനായ ശില്‍പ്പി സില്‍വിയോ ഗസാനികയെയാണ് കപ്പുണ്ടാക്കുന്നതിനായി ഫിഫ തിരഞ്ഞെടുത്തത്.
വിജയാനന്ദത്തിന്റെ ആഹ്ലാദത്തില്‍ സര്‍പ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട് കായികതാരങ്ങളെയാണ് ശില്‍പ്പി സില്‍വിയോ ഗസാനിക കാപ്പില്‍ കൊത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്തിരിക്കുന്ന ഈ കപ്പിന് 36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്.
ഇപ്പോഴത്തെ കപ്പ് ഫിഫയ്ക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പില്‍ വിജയിക്കുന്ന രാജ്യങ്ങള്‍ക്ക് ഈ കപ്പ് അടുത്തലോകകപ്പ് വരെയേ കൈവശം വെക്കാന്‍ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേല്പ്പിക്കുന്ന കപ്പിന് പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങള്‍ക്ക് ലഭിക്കും. സ്വര്‍ണ്ണം പൂശിയ ഈ മാതൃക വിജയികള്‍ക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: