വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യം ദക്ഷിണാഫ്രിക്കയിലും പിന്നീട് ന്യൂസിലാന്റിലുമായി ഏറ്റ പരാജയ പരമ്പരകള്‍ക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 40 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
407 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ ഉജ്ജ്വല പോരാട്ടം നടത്തി കിവീസിനെ വിറപ്പിച്ചുവെങ്കിലും സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയാതെയാണ് പരാജയം ഏറ്റുവാങ്ങിയത്. ബാറ്റ്സ്മാന്മാര് ഫോമിലേക്കുയരാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ധവാനും അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും 39ഉം 26ഉം റണ്‍സെടുത്ത ധോണിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ആദ്യ ടെസ്റ്റില്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യക്ക് അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങളും തിരിച്ചടിയായി.
ഫാസ്റ്റ് ബൗളര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന വെല്ലിംഗ്ടണിലെ ബേസിന് റിസര്‍വിലാണ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം കുറിക്കുന്നത്. ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് ബൗളര്‍മാരുടെ മികച്ച ഫോമിലാണ് ടീം ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ട് ഇന്നിംഗ്സില്‍ നിന്നുമായി 9 വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയായിരുന്നു ബൗളര്‍മാരില്‍ മികച്ചുനിന്നത്. മുഹമ്മദ് ഷാമിയും സഹീര്‍ഖാനും മികച്ച പിന്തുണ നല്‍കുകയും ചെയ്തു.
അതേസമയം ഇന്ത്യന്‍ ബാറ്റിംഗ്നിര കുറേ നാളുകളായി ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. രണ്ടാം ഇന്നിംഗ്സില്‍ ശിഖര്‍ ധവാന് സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ന്യൂസിലാന്റിനെതിരായ ഏകദിനത്തിലും സമ്പൂര്‍ണ്ണ പരാജയമാണെന്ന് പറയുന്നതാവും ശരി. മറ്റൊരു ഓപ്പണറായ മുരളി വിജയും മധ്യനിരയിലെ കരുത്തരായ ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്ലിയും രഹാനെയും ഇനിയും അവസരത്തിനൊത്തുയര്‍ന്നിട്ടില്ല.
ഇന്ന് ആരംഭിക്കുന്നരണ്ടാം ടെസ്റ്റിലും ഇവരുടെ പ്രകടനം ഈ രീതിയില്‍ തന്നെയാണെങ്കില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങാനായിരിക്കും ടീം ഇന്ത്യയുടെ വിധി. കഴിഞ്ഞ മത്സരത്തിലെ അതേ ടീം തന്നെയാകും രണ്ടാം ടെസ്റ്റിലും ഇറങ്ങുക.
അതേസമയം ന്യൂസിലാന്റാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും മധ്യനിരയിലെ കരുത്തന് വില്ല്യംസണും കോറി ജെ. ആന്‍ഡേഴ്സണും മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ഫുള്‍ട്ടണും റൂതര്‍ഫോര്‍ഡും ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നത് മാത്രമാണ് അവരെ അലട്ടുന്ന ഘടകം. കൂടാതെ റോസ് ടെയ്ലറും ഇന്ന് കളിക്കാനിറങ്ങില്ല. ടെയ്ലര്‍ക്ക് പകരം ടോം ലാതം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. കൂടാതെ ഇഷ് സോധിക്കു പകരം ഫാസ്റ്റ് ബൗളറായ ജിമ്മി നീഷാമും ഇന്ന് ഇറങ്ങാനാണ് സാധ്യത. ടിം സൗത്തി നേതൃത്വം നല്കുന്ന ബൗളിംഗ് പടയും ഉജ്ജ്വല ഫോമിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: