മലയാളി എന്നും ഓര്‍ക്കുന്ന മനോഹര ചലച്ചിത്രങ്ങളാണ് യാത്ര, ഊമക്കുയില്‍, ഓളങ്ങള്‍ എന്നിവ. കവിത പോലെ മനോഹരമായ മികച്ച സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാലുമഹേന്ദ്രയുടെ മലയാളചിത്രങ്ങളാണവ. വേറിട്ട ശൈലിയും സമീപനവും ബാലുമഹേന്ദ്രയുടെ പ്രത്യേകതകളായിരുന്നു. അതത്രത്തോളം തന്നെ ഓരോ സിനിമയില്‍ നിന്നും പ്രേക്ഷകന് അനുഭവിച്ചറിഞ്ഞു.
1982ലാണ് ഓളങ്ങള്‍ സിനിമ പുറത്തു വരുന്നത്. 80കള്‍ മലയാള സിനിമയുടെ സുവര്‍ണ്ണകാലമായിരുന്നു. നിരവധി നല്ല സിനിമകള്‍ ഉണ്ടായി. എണ്‍പതുകളിലെ സിനിമാ വസന്തത്തെക്കുറിച്ച് വാനോളം വാഴ്ത്തുന്നവരുടെ പട്ടികയില്‍ ബാലുമഹേന്ദ്രയുടെ ചലച്ചിത്രങ്ങളുമുണ്ട്. അന്ന് മലയാളത്തില്‍ നിരവധി നല്ല അഭിനേതാക്കളുണ്ടായിരുന്നിട്ടും ബാലുമഹേന്ദ്ര ഓളങ്ങളില്‍ നായകനാക്കിയത് മഹാരാഷ്ട്രക്കാരന് അമോല്പലേക്കറെയാണ്. മലയാളിക്ക് അദ്ദേഹത്തിന്റെ മുഖവും അഭിനയവും പെട്ടെന്ന് ഇഷ്ടപ്പെടുകയും ചെയ്തു. ഓളങ്ങളില്‍ താന്‍ അന്വേഷിച്ച നായകമുഖം അമോലില്‍ കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ നായകനാക്കിയതെന്ന് പിന്നീട് ബാലുമഹേന്ദ്ര പറഞ്ഞിട്ടുമുണ്ട്. നമുക്കിടയിലുള്ള ഒരാള്‍ എന്ന രൂപമായിരുന്നു ഓളങ്ങളിലെ നായകനു വേണ്ടിയിരുന്നത്. മോഹന്‍ലാല്‍ സിനിമയില്‍ സജീവമായി വരുന്നകാലമായിരുന്നു അത്. മോഹന്‍ലാലിനെ നായകനാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും അമോല്‍പലേക്കര്‍ മനസ്സില്‍ ഉറച്ചു പോയതിനാലാണ് ഓളങ്ങളില്‍ അമോലിനെ നായകനാക്കിയത്. ഭാര്യാ,ഭര്‍തൃ ബന്ധത്തിന്റെ വൈകാരിക തലങ്ങള്‍ പ്രതിപാദിക്കുന്ന മനോഹര സിനിമയായിരുന്നു ഓളങ്ങള്‍.
1983 ലാണ് ഊമക്കുയില്‍ എന്ന സിനിമ തീയറ്ററുകളിലെത്തുന്നത്. തമിഴ് നടന് വൈ.ജി.മഹേന്ദ്രയും പൂര്‍ണ്ണിമാ ജയറാമുമായിരുന്നു അഭിനയിച്ചത്. വ്യത്യസ്തതയുള്ള നല്ല ചലച്ചിത്രമെന്ന ഖ്യാതി ഊമക്കുയില്‍ നേടിയെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ട സിനിമയായിരുന്നു അത്.
1985ലാണ് എക്കാലത്തെയും മികച്ച ചലച്ചിത്രമെന്ന് വിശേഷിക്കപ്പെടുന്ന യാത്ര പുറത്തുവന്നത്. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദുരന്ത പ്രണയകഥയാണ് യാത്രയില്‍ പറഞ്ഞത്. സ്കൂള്‍ കുട്ടികളുടെ വിനോദയാത്രക്കിടയില്‍ ഒരു അപരിചിതന് വണ്ടിയില്‍ കയറുന്നു. അയാള്‍ ആരാണ് എന്ന സ്കൂള്‍ അധികൃതരുടെ ചോദ്യത്തിന് മറുപടിയായി അയാളുടെ ജീവിത കഥ അവരുമായി പങ്കുവെയ്ക്കുന്നു. മലയാള സിനിമാ പ്രേമികള്‍ അതുവരെ കാണാത്ത അവതരണ ശൈലിയായിരുന്നു യാത്രയുടെ പ്രത്യേകത. മമ്മൂട്ടിയും ശോഭനയും തകര്‍ത്തഭിനയിച്ച സിനിമ. ഹൃദയത്തില്‍ തട്ടുന്ന നൊമ്പരമുയര്‍ത്തുന്ന ക്ലൈമാക്സ് മാത്രമല്ല യാത്രയുടെ വിജയം. ജീവിതവുമായി ഇത്രയധികം അടുത്തുനില്ക്കുന്ന, സ്വാഭാവികമായ ചലച്ചിത്രം എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
ജോണ്‍ പോളിന്റെ കഥയ്ക്ക്, ബാലു മഹേന്ദ്ര തന്നയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഛായാഗ്രഹണവും ബാലു മഹേന്ദ്ര നിര്‍വഹിച്ചു. യാത്രയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ഫിലിം ഫെയര്‍ അവാര്‍ഡും, കേരള സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. 1985 ല്‍ കേരള സംസ്ഥാന അവാര്‍ഡും യാത്രക്ക് ലഭിച്ചു.
മലയാളത്തില്‍ തന്നെയാണ് ബലുമഹേന്ദ്ര തന്റെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത്. 1974ല്‍ രാമുകാര്യാട്ടിന്റെ നെല്ല് എന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച് ദേശീയ പുരസ്കാരവും അദ്ദേഹം നേടി. പിന്നീട് നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനെന്ന നിലയില്‍ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. ശങ്കരാഭരണം, ചട്ടക്കാരി, ഉള്‍ക്കടല്‍, രാഗം, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയിലെ മികച്ച ഛായാഗ്രാഹകനായി ബാലുമഹേന്ദ്ര പേരെടുത്തു. ഛായാഗ്രാഹണ വിദ്യയിലെ പുത്തന്‍ സങ്കേതങ്ങളിലൂടെ ഛായാഗ്രഹണത്തിന്റെ സര്‍ഗ്ഗാത്മകത എന്തെന്ന് സിനിമാപ്രേക്ഷനെ അനുഭവിപ്പിക്കുകയായിരുന്നു അദ്ദേഹം.
കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ കാമ്പസ് സിനിമ എന്നു വിശേഷിക്കപ്പെടാവുന്ന ചലച്ചിത്രമായിരുന്നു ഉള്‍ക്കടല്‍. എത്ര കണ്ടാലും മതിവരാത്ത കടലിന്റെ സൗന്ദര്യം പോലെയും എത്ര കേട്ടാലും മതിവരാത്ത സംഗീതത്തിന്റെ മാധുര്യം പോലെയും മനോഹരമായിരുന്നു ഉള്‍ക്കടലിലെ ഓരോ രംഗവും. കടലും സൂര്യനും ചക്രവാളത്തിന്റെ ചുവപ്പും…..ഓരോ ഫ്രെയിമിലും കവിത വിരിയിച്ചു, ബാലുമഹേന്ദ്ര ഉള്‍ക്കടലില്‍. ഉള്‍ക്കടലിന്റെ രചയിതാവ് ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു, “എഴുത്തുകാരന്റെ മനസ്സിലേക്ക് ഇറങ്ങിയിരുന്ന് ബാലുമഹേന്ദ്ര ക്യാമറ ചലിപ്പിക്കുകയായിരുന്നു.”
ജന്മംകൊണ്ട് ശ്രീലങ്കക്കാരനാണ് ബാലുമഹേന്ദ്ര എന്ന ബെഞ്ചമിന്‍ ബാലുമഹേന്ദ്ര. ബത്തിക്കൊലാവയിലാണ് ജനനം. പിതാവ് ശ്രീലങ്കയില്‍ ഊര്‍ജ്ജതന്ത്രം അധ്യാപകനായിരുന്നു. കഥയെഴുത്തിലായിരുന്നു ആദ്യ താല്പര്യം. ചില ശ്രീലങ്കന്‍ പ്രസീദ്ധീകരണങ്ങളില്‍ തമിഴില്‍ കഥകളെഴുതി. അപ്പോഴും നല്ലൊരു ഊര്‍ജ്ജ തന്ത്ര പണ്ഡിതനാകണമെന്നതായിരുന്നു പിതാവിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ ബിരുദം ഉയര്‍ന്ന മാര്‍ക്കോടെ പാസായി. പിന്നീട് ബിരുദാനന്തര ബിരുദം സിനിമയില്‍ ചെയ്യണമെന്ന് തീരുമാനിച്ചു. സംവിധാനമായിരുന്നു ഇഷ്ടമേഖല. അമേരിക്കയിലെ പ്രമുഖ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്ക് അപേക്ഷ അയച്ചു. ചിലസ്ഥലങ്ങളില്‍ സീറ്റു കിട്ടി. പക്ഷേ, അവിടെ പഠിക്കാന്‍ കെട്ടിവയ്ക്കേണ്ട തുകയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു. അങ്ങനെയാണ് വിദേശ പഠനസ്വപ്നം ഉപേക്ഷിച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരുന്നത്. സംവിധാനം പഠിക്കാനായിരുന്നു അപേക്ഷ അയച്ചിരുന്നതെങ്കിലും ഫോട്ടോഗ്രഫിയിലുള്ള കമ്പം കണ്ടിട്ടാകും സിനിമാട്ടോഗ്രഫിക്കാണ് പ്രവേശനം ലഭിച്ചത്.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡിപ്ലോമ ചിത്രം കണ്ടിട്ടാണ് രാമുകാര്യാട്ട് നെല്ലിന്റെ ഛായാഗ്രഹണം ചെയ്യാന്‍ ക്ഷണിക്കുന്നത്. അന്നുവരെ കളര്‍ ഫിലിമില്‍ ഛായാഗ്രഹണം ബാലു ചെയ്തിരുന്നില്ല. ബുദ്ധിമുട്ട് കാര്യാട്ടിനോട് പറഞ്ഞുവെങ്കിലും ബാലുവിന് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കുകയാണ് രാമുകാര്യാട്ട് ചെയ്തത്. ഒരു പക്ഷേ, അന്ന് രാമുകാര്യാട്ട് ഉറച്ച ഒരു തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ മലയാളത്തിലൂടെ ഒരു തുടക്കം ബാലുമഹേന്ദ്രയ്ക്ക് ഉണ്ടാകുമായിരുന്നില്ല.
കന്നട ചിത്രമായ ‘കോകില’ യാണ് ആദ്യ സംവിധാന സംരംഭം. സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രമായിരുന്നു ‘കോകില’. കമലഹാസനും ശോഭയും റോജാമണിയും മനസ്സറിഞ്ഞ് അഭിനയിച്ച ചിത്രം എല്ലാ അര്‍ഥത്തിലും ശ്രദ്ധിക്കപ്പെട്ടു. നിരവധി അവാര്‍ഡുകള്‍ ‘കോകില’ നേടി.
തമിഴിലെ നിരവധി ചിത്രങ്ങളിലൂടെയാണ് സംവിധായകനെന്ന നിലയില്‍ ബാലുമഹേന്ദ്ര പ്രശസ്തനാകുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് കമലഹാസന്റെ ‘മൂന്നാംപിറ’. തമിഴ് സിനിമയുടെ പരമ്പരാഗത ശൈലികളാകെ മാറ്റിമറിച്ചു ആ ചിത്രം. പ്രണയ ചിത്രങ്ങള്‍ക്കു പുതു ശൈലി ‘മൂന്നാം പിറൈ’ സൃഷ്ടിച്ചു. അഴിയാത്ത കോലങ്കള്‍, നീങ്കള് കേട്ടവൈ, ഉന്‍ കണ്ണില്‍ നീര് വിഴുന്താല്‍, ഇരട്ടൈ വാല് കുരുവി, വീട്, വണ്ണ വണ്ണ പൂക്കള്‍, മറുപടിയും, സന്ധ്യാരാഗം, സതി ലീലാവതി, രാമന് അബ്ദുല്ല, ജൂലി ഗണപതി, അത് ഒരു കനാ കാലം തുടങ്ങി തമിഴില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് 1983ല്‍ മൂന്നാംപിറയിലൂടെയും അദ്ദേഹത്തിനു ലഭിച്ചു. വീട് എന്ന ചിത്രം 1988ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. സന്ധ്യാരാഗം 1990ല്‍ മികച്ച കുടുംബക്ഷേമചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. 1992ല്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയത് വണ്ണവണ്ണപൂക്കള് എന്ന ചിത്രമായിരുന്നു.
വിവാദങ്ങളിലും നായകനായിരുന്നു ബാലുമഹേന്ദ്ര. കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ എന്ന സിനിമ ബാലുമഹേന്ദ്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ശോഭ എന്ന നടിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധവും പിന്നീടത് ദുരന്ത പര്യവസായിയായതുമെല്ലാം ഒരിക്കലും അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിക്കാതിരുന്ന കാര്യങ്ങളാണ്. ആ ബന്ധത്തെക്കുറിച്ച് അടുത്ത കാലത്ത് ബാലു തന്നെ പറഞ്ഞിങ്ങനെയാണ്….
“ശോഭയുമായുള്ള എന്റെ ബന്ധം തെറ്റായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ശോഭയെ ഞാന്‍ ഒന്നിനും നിര്‍ബന്ധിച്ചിരുന്നില്ല. അവള്‍ക്കായിരുന്നു എന്നോട് പ്രണയം. അത് ആദ്യം പറയുമ്പോഴുള്ള അവളുടെ മുഖം ഞാനിന്നും ഓര്‍ക്കുന്നു. അവളേക്കാള്‍ വളരെയധികം പ്രായക്കൂടുതലുള്ള എന്നോട് തോന്നിയ ഇഷ്ടം, അപ്പോള്‍ ഞാന്‍ എതിര്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ എന്റെ മനസാക്ഷി അത് തെറ്റല്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു. അവളൊരു പാവം ആയിരുന്നു. എനിക്കിപ്പോഴും അറിഞ്ഞുകൂടാ അവളെന്തിനാണ് ആത്മഹത്യ ചെയ്തതെന്ന്…”
ശോഭയുടെ മരണശേഷം ഒരുപാട് പഴി ബാലുവും അതിന്റെ പേരില്‍ കേട്ടു. ഇപ്പോള്‍ വെള്ളിത്തിരക്ക് പിന്നിലേക്ക് ബാലു യാത്രയായിരിക്കുന്നു. സിനിമാ പ്രേക്ഷകന്റെ മനസ്സിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞോടുന്നത് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളാണ്.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: