കൊച്ചി: കുപ്രസിദ്ധ കാര്‍ മോഷ്ടാവ് ബാബു വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്.ഷിബു, എഎസ്ഐ വി.ഗോപകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ ഇന്നലെ പുലര്‍ച്ചെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്. 1998കളിലെ കുപ്രസിദ്ധ കാര്‍ മോഷ്ടാവായിരുന്ന ഇയാള്‍ക്കെതിരെ തൃശൂര്‍, വാടാനപ്പള്ളി പോലീസ്സ്റ്റേഷനുകളിലും തമിഴ്നാട്ടില്‍ ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കേസുകള്‍ നിലവിലുണ്ട്. 2012 ജൂണ്‍ 20ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ മോഷണക്കേസിലാണ് ബാബു വര്‍ഗീസ് പിടിയിലായത്. തേവരയിലുള്ള ഷിബു എന്നയാളുടെ കാര്‍ വര്ക്ഷോപ്പില്നിന്നാണ് വാഗണ്‍ ആര് കാര്‍ മോഷണം പോയത്. എളമക്കര സ്വദേശിയായ സബീര്‍ എന്നയാളുടേതായിരുന്നു മോഷണം പോയ കാര്‍.
തൃശൂര്‍ കരിയിച്ചിറ സ്വദേശിയായ ബാബു വര്‍ഗീസ് കരിയിച്ചിറയിലെ അറിയപ്പെടുന്ന കുടുംബാംഗമാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ തേവരയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ആ സമയം കോയമ്പത്തൂരില്‍നിന്നും മോഷ്ടിച്ച ഒരു ഓമ്നി കാറുമായി തേവരയിലെ ഷിബുവിന്റെ വര്‍ക്ഷോപ്പില്‍ റിപ്പയറിംഗിനായി എത്തി. ഈ സമയം അവിടെ വര്‍ക്ഷോപ്പിലുണ്ടായിരുന്ന കാറുകളെല്ലാം ഇയാള്‍ നിരീക്ഷിച്ചു. ഇവയുടെ താക്കോല്‍ വയ്ക്കുന്ന സ്ഥലം കണ്ടുപിടിച്ച ശേഷം കെ.എല്‍-7 ബിഇ-5972-ാം നമ്പര്‍ വാഗണ്‍ ആര് കാറുമായി കടന്നുകളയുകയായിരുന്നു. കാറുമായി ഇയാള്‍ കോയമ്പത്തൂരിലേക്ക് കടന്നു.
എട്ട് മാസങ്ങള്‍ക്കുശേഷം ഈ കാര്‍ പാലക്കാട്, കോയമ്പത്തൂര്‍ ഹൈവേയില്‍ വച്ച് ഒരു ലോറിയുമായി കൂട്ടിയിടിച്ച് പൂര്‍ണ്ണമായി തകര്‍ന്നുവെങ്കിലും കാറോടിച്ചിരുന്ന ബാബു വര്‍ഗീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ അപകടത്തില്‍പ്പെട്ട കാര്‍ കോയമ്പത്തൂരിലുള്ള ഒരു വര്ക്ഷോപ്പിലേയ്ക്ക് റിപ്പയറിംഗിനായി മാറ്റി. പിന്നീട് ഇയാള്‍ വര്‍ക്ഷോപ്പിലേക്ക് ചെന്നില്ല. പലവട്ടം വര്‍ക്ഷോപ്പ് ജീവനക്കാര്‍ ഇയാളെ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ അവിടെനിന്നും സ്ഥലം വിട്ടു. മൂന്ന് മാസം കഴിഞ്ഞ് ആര്.സി ഓണര്‍ക്ക് വര്‍ക്ഷോപ്പില്‍നിന്നും നോട്ടീസ് വന്നപ്പോഴാണ് തന്റെ മോഷണം പോയ കാര്‍ അപകടത്തില്‍പ്പെട്ട് കോയമ്പത്തൂരിലുള്ള ഒരു വര്ക്ഷോപ്പിലുണ്ടെന്ന വിവരം കാറുടമയായ സബീര്‍ അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ വിവരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീഖിനെ അറിയിക്കുകയും അദ്ദേഹം സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ചാര്‍ജെടുത്ത പി.എസ്.ഷിജുവിനോട് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വാഹനത്തില്‍നിന്നും ലഭിച്ച ഒരു ഡോക്ടറുടെ കുറിപ്പടിയില്നിന്നാണ് പ്രതിയെ തിരിച്ചറിയുവാന്‍ സഹായിച്ചത്. ഡോക്ടറെ കണ്ട് ചോദിച്ച പോലീസ് സംഘത്തിന് ബാബു വര്‍ഗീസിനെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചു. ഇയാളെ അന്വേഷിച്ച് പോലീസ് സംഘം ഈറോഡിലെത്തിയെങ്കിലും അയാള്‍ അവിടെനിന്നും കടന്നുകളയുകയായിരുന്നു. പിന്നീട് ഇയാള്‍ കര്‍ണാടകയിലേയ്ക്കും അവിടെനിന്ന് മഹാരാഷ്ട്രയിലേക്കും കടന്നു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒരു സുഹൃത്തിനെ കാണാനായി എറണാകുളത്തെത്തിയ ബാബു വര്‍ഗീസിനെ എറണാകുളം ടൗണ്‍ സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: