പാലക്കാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നൂറു സീറ്റുകള്‍ നേടി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് യോഗഋഷി ബാബാ രാംദേവ് പറഞ്ഞു. കിണാശേരിയില്‍ നടക്കുന്ന ധര്മ്മസൂയമഹായാഗത്തില് പങ്കെടുക്കാനെത്തിയ അദ്ദേഹം മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു. രാജ്യത്തെ നയിക്കാന്‍ കഴിവുള്ള ശക്തനായ നേതാവാണ് മോദി. അദ്ദേഹം പ്രധാനമന്ത്രി ആകുന്നതോടെ അഴിമതിരഹിതമായ ഭാരതമായിമാറും. വിദേശബാങ്കുകളില്‍ കിടക്കുന്ന കള്ളപ്പണം തിരിപിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നു പറഞ്ഞ രാംദേവ് അവരുടെ സീറ്റ് നൂറില്‍ ഒതുങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നാം മുന്നണിക്കും നൂറില്‍ താഴെ സീറ്റുമാത്രമേ ലഭിക്കുകയുള്ളൂ. ആം ആദ്മിക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. അരാജകത്വപാര്ട്ടിയാണ് ഇത്. കോണ്‍ഗ്രസ്സിന്റെ സൃഷ്ടിയാണ് ആം ആദ്മി, മോദിയെ തോല്‍പ്പിക്കുക എന്നലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. ഭാരതം മുന്നേറുന്നതിന് തടസ്സമായി നില്‍ക്കുന്നത് നാല്വിഭാഗക്കാരാണ്-വിദേശപണം സ്വീകരിക്കുന്നവര്‍, അമേരിക്കന്പക്ഷക്കാര്, ചൈനാപക്ഷക്കാര്, ദേശവിരുദ്ധര്‍ എന്നിവര്‍. എന്നാല്‍ ഇവര്വിചാരിച്ചാല് ഭാരതത്തെ തകര്‍ക്കാന്‍ സാധിക്കില്ല. പുതിയരാഷ്ട്രീയപാര്ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും അനിവാര്യമായ സമയത്ത് അതേക്കുറിച്ച് ആലോചിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു.
താന്‍ രാഷ്ട്രീയഗുരുവല്ല, എന്നാല്‍ കലിയുഗത്തിലെ താടകമാരെയും പൂതനകളെയും ഇല്ലായ്മചെയ്യുക എന്നതാണ് തന്റെ ലക്ഷ്യം . രാഷ്ട്രീയവും ശക്തിയും ധര്മ്മനിഷ്ഠമാവണം. 2014 മാറ്റത്തിന്റെ സമയമാണ്. ഭാരതത്തില്‍ വലിയൊരുമാറ്റം വരുമെന്നും രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: