തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് സ്വീകരണം നല്കാന് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച പരിപാടിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. സുധീരനെ പ്രസിഡന്റാക്കിയതില്‍ പ്രതിഷേധമുള്ള ഉമ്മന്‍ചാണ്ടി സുധീരന് സ്ഥാനമേറ്റെടുത്ത ചടങ്ങിലും വിട്ടു നിന്നിരുന്നു. ഇന്നലെ തിരുവനന്തപുരം ഡിസിസി രക്തസാക്ഷി മണ്ഡലപത്തില്‍ സംഘടിപ്പിച്ച സ്വീകരണയോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ രാവിലെ തിരുവനന്തപുരത്തുണ്ടായിരുന്ന മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനു ശേഷം കോട്ടയത്തിനു പോകുകയായിരുന്നു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തിയത് മന്ത്രി കെ.സി.ജോസഫാണ്. വൈകുന്നേരത്തെ സ്വീകരണ പരിപാടിക്ക് മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പങ്കെടുത്തേക്കും എന്ന മറുപടിയാണ് കെ.സി.ജോസഫ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി യോഗത്തിനെത്തിയില്ല.
ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ രമേശ് ചെന്നിത്തലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഉമ്മന്‍ചാണ്ടിയുടെ നടപടി ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നിലപാട് സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഹൈക്കമാന്റിനെ അറിയിച്ചു. ഹൈക്കമാന്റ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ വേരറുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടികളുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: