നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ജീവനക്കാരി കൊലചെയ്യപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടന് മുഹമ്മദ് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ചില നടപടികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന സംശയം വര്‍ദ്ധിപ്പിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ കൊലചെയ്യപ്പെട്ട രാധയുടെ വീട്ടില്‍ മൊഴിയെടുക്കാനെത്തിയപ്പോള്‍ പ്രദേശിക കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നെന്നകാര്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മൊഴിയെടുക്കാനെത്തിയ നിലമ്പൂര്‍ സിഐയെ സസ്പെന്റ് ചെയ്യണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയെ കാണാതായിട്ടും മന്ത്രി ആര്യാടന് എന്ത് നടപടിയാണ് സ്വീകരിച്ചിരുന്നതെന്ന് വ്യക്തമാക്കണം. യുവതിയെ അവസാനമായി കണ്ട കോണ്‍ഗ്രസ് ഓഫീസിലെത്തി പരിശോധന നടത്താനോ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ലയെന്നകാര്യം സംശയം വര്‍ദ്ധിപ്പിക്കുകയാണ്. ഈ കൊലപാതക കേസും തേച്ചുമാച്ചു കളയാനുള്ള ശ്രമം അണിയറയില്‍ നടക്കുകയാണ്. ആര്യാടന് മുഹമ്മദ് മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ സ്വതന്ത്രമായ അന്വേഷണം സാധ്യമല്ല. അതുകൊണ്ട് ആര്യാടന് രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് സുധീരനും ഈ വിഷത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. രാമചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി.കെ. അശോക് കുമാര്‍, കെ.സി. വേലായുധന്, വി.എസ്. രാധാകൃഷ്ണന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം കൊലചെയ്യപ്പെട്ട രാധയുടെ വീട് ഇന്നലെ സന്ദര്‍ശിച്ചു. നിലമ്പൂരില്‍ ഇന്നലെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: