സംഘടനാപരമായി സ്വതന്ത്രമാണെങ്കിലും ബിജെപിയുടെയും നരേന്ദ്രമോദിയുടേയും മുന്നേറ്റത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൊതുവായ തിരിച്ചറിവാണ്. നരേന്ദ്രമോദിയെ നേരിടണമെങ്കില്‍ ബിജെപിയെ മാത്രമല്ല ആര്‍എസ്എസിനേയും നേരിടണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഐതിഹാസികമാനമുള്ള ജനപിന്തുണയില്‍ നിലനില്‍പ്പുപോലും അപകടത്തിലായിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് വളരെ നന്നായറിയാം. ഇക്കാരണത്താല്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം വ്യക്തമായ ഒരു വൈദേശിക ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുമുതല്‍ തുടങ്ങിയതാണിത്. ജനാധിപത്യത്തിന്റെ സംരക്ഷണവും സമഗ്രമായ സാമൂഹ്യമാറ്റവും അഴിമതി വിമുക്ത ഭരണവും ദേശസുരക്ഷയും ഉറപ്പുവരുത്താന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് തുടര്‍ച്ചയായി ജനങ്ങളെ ആഹ്വാനം ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുകയുണ്ടായി. വോട്ട് ചെയ്യലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും വോട്ട് ചെയ്യിക്കലും ജനാധിപത്യപരമായ കടമയാണെന്ന് 2013 ലെ വിജയദശമി സന്ദേശത്തില്‍ സര്‍സംഘചാലക് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തുകകൂടി ചെയ്തത് പല കോണ്‍ഗ്രസ് നേതാക്കളുടേയും മനസ്സില്‍ തീകോരിയിട്ടു. ബിജെപി അധികാരത്തിലേറിയ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലേയും പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ദല്‍ഹിയിലേയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് ഓര്‍മിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുകയാണ്.
രാഷ്ട്രീയ പ്രതിയോഗികളെ ഒരുകാലത്തും ജനാധിപത്യപരമായി നേരിടാത്ത കോണ്‍ഗ്രസ് അധികാരത്തിന്റെ ബലത്തില്‍ വളഞ്ഞ വഴിയാണ് അതിന് സ്വീകരിക്കാറുള്ളത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷി സിബിഐ ആണെന്ന് പറയുന്നത്. സിബിഐ കഴിഞ്ഞാല്‍ ചില മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയുമാണ് എതിരാളികളെ നേരിടാന്‍ കോണ്‍ഗ്രസ് ആശ്രയിക്കാറുള്ളത്. എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയപ്പോള്‍ ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്കും ഗുജറാത്തിനും നരേന്ദ്രമോദിക്കുമെതിരെ നിരന്തരം പ്രചാരവേല ചെയ്തുകൊണ്ടിരുന്ന തെഹല്‍കയെ സംബന്ധിച്ച ഒരു സത്യം വെളിപ്പെടുകയുണ്ടായി. തെഹല്‍കയെയും തരുണ്‍ തേജ്പാലിനെയും ഒന്നാം യുപിഎ സര്‍ക്കാര്‍ വന്‍ തോതില്‍ സാമ്പത്തികമായി സഹായിച്ചു എന്നതാണത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രി മന്മോഹന്സിംഗിന് അയച്ച നിരവധി കത്തുകളാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. അടല്‍ബിഹാരി വാജ്പേയി നേതൃത്വം നല്കിയ എന്‍ഡിഎ ഭരണത്തിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തിയതിന്റെ പ്രത്യുപകാരമായിരുന്നു തെഹല്ക്കക്കുള്ള സോണിയയുടെ സാമ്പത്തിക സഹായം.
ആര്‍എസ്എസിനും ബിജെപിക്കുമെതിരെ വിഷംചീറ്റാന്‍ സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് നിയോഗിച്ച മാധ്യമങ്ങളിലൊന്നുമാത്രമായിരുന്നു തെഹല്‍ക. ഈ നിരയില്‍പ്പെടുന്ന മറ്റൊന്നാണ് മലയാളിയായ വിനോദ് കെ.ജോസ് എക്സിക്യൂട്ടീവ് എഡിറ്ററായ ‘കാരവന്’ മാസിക. ചില സ്ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വാമി അസീമാനന്ദയുടേതെന്ന വ്യാജേന പ്രസിദ്ധീകരിച്ച അഭിമുഖമാണ് കാരവന്റെയും വിനോദ് കെ.ജോസിന്റെയും തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. “ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഭീകരാക്രമണത്തിന് അനുമതി നല്‍കിയെന്ന് സ്വാമി അസീമാനന്ദ” എന്ന തലക്കെട്ട് നല്‍കിയാണ് അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ‘കാരവന്’ ഔദ്യോഗിക പത്രക്കുറിപ്പിറക്കിയത്. അതേസമയം, 2014 ഫെബ്രുവരി ഒന്നിലെ ലക്കം ‘കാരവന്’ ‘ദ ബിലീവര്‍'(വിശ്വാസി) എന്നപേരിലാണ് അസീമാനന്ദയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.
ആര്‍എസ്എസും അസീമാനന്ദയും അദ്ദേഹത്തിന്റെ അഭിഭാഷകനും തള്ളിക്കളഞ്ഞ അഭിമുഖത്തിലെ ആരോപണങ്ങളില്‍ വിനോദ് കെ.ജോസ് ഉറച്ചുനില്‍ക്കുകയാണ്! അഭിമുഖത്തിന്റെയും ഒപ്പം പ്രസിദ്ധീകരിച്ച ഓഡിയോ ടേപ്പിന്റെയും ആധികാരികത ആര്‍ക്കും പരിശോധിക്കാമെന്നാണ് ജോസ് അവകാശപ്പെടുന്നത്. അസീമാനന്ദ ‘കാരവന്’ ലേഖികയോട് സംസാരിച്ചതിന്റെ ഓഡിയോ ടേപ്പ് തന്റെ പക്കലുണ്ടെന്ന് പറഞ്ഞാല്‍ അഭിമുഖത്തിലെ ആരോപണങ്ങളെല്ലാം വായനക്കാര്‍ മുഖവിലക്കെടുത്തുകൊള്ളുമെന്ന ധാരണ ജോസിനുണ്ടെന്ന് തോന്നുന്നു. എന്നാല്‍ അഭിമുഖത്തിന്റെ കള്ളത്തരം വ്യക്തമാവാന്‍ 11200 വാക്കുകള്‍ വരുന്ന അതിന്റെ പൂര്‍ണരൂപം വായിക്കുകയോ ഓഡിയോ ടേപ്പ് കേള്‍ക്കുകയോ വേണ്ട. ‘കാരവന്’ പ്രസിദ്ധീകരണത്തിന് നല്കിയ പത്രക്കുറിപ്പില്‍ നിന്നുതന്നെ പൊള്ളത്തരം വ്യക്തമാണ്.
ഭീകരപ്രവര്ത്തനത്തെക്കുറിച്ചോ അതിന് അനുകൂലമായോ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് എന്തെങ്കിലും പറഞ്ഞതായി അസീമാനന്ദയുടെതെന്ന് അവകാശപ്പെട്ട് കാരവന് പ്രസിദ്ധീകരിച്ച അഭിമുഖത്തിലില്ല. “അത് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതുമായി നിങ്ങള്‍ സംഘത്തെ ബന്ധപ്പെടുത്താന്‍ പാടില്ല” എന്നാണ് സര്‍സംഘചാലക് പറഞ്ഞതായി ഒരിടത്തുള്ളത്. “നിങ്ങള്‍ക്ക് അത് ചെയ്യാനാവും” എന്ന് മറ്റൊരിടത്തും പറയുന്നു. “നിങ്ങള്‍ക്ക് സുനിലുമായി ചേര്‍ന്ന് ഇത് ചെയ്യാം. ഞങ്ങളെ അതില്‍ ഉള്‍പ്പെടുത്താനാവില്ല, എന്നാല്‍ നിങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ കൂടെയുണ്ടെന്ന് കരുതാം” എന്ന് മറ്റൊരു ആര്‍എസ്എസ് നേതാവായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞതായും അഭിമുഖം അവകാശപ്പെടുന്നു. മോഹന്‍ ഭാഗവതും ഇന്ദ്രേഷ് കുമാറും ഭീകരപ്രവര്ത്തനത്തെക്കുറിച്ചാണ് പറയുന്നതെന്ന് അവരുടേതാണെന്ന് പറയപ്പെടുന്ന ഈ വാക്കുകളില്‍ ഒരിടത്തുപോലുമില്ല. അത്, ഇത് എന്നൊക്കെയുള്ള വാക്കുകള്‍ ഭീകരവാദത്തെക്കുറിച്ചാണെന്ന് അവകാശപ്പെടുക മാത്രമാണ് ‘കാരവന്’ ചെയ്യുന്നത്.
മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഒരു ആഖ്യാനതന്ത്രമാണ് കാരവന് ഇവിടെ പയറ്റുന്നത്. ഏതെങ്കിലും ഒരു ചോദ്യത്തിന് അനുകൂലമായി ലഭിക്കുന്ന ഉത്തരം നിഷേധാത്മകമായ മറുപടി ലഭിക്കാവുന്ന മറ്റൊരു ചോദ്യത്തിന്റെ ഉത്തരമാക്കിമാറ്റുക എന്നതാണത്. സംശയമുള്ളവര്‍ക്ക് ഓഡിയോ ടേപ്പ് പരിശോധിക്കാമെന്ന് അഭിമുഖത്തെ വിമര്ശിക്കുന്നതിനോട് ‘കാരവന്’ പത്രാധിപര്‍ ചാടിക്കേറി പ്രതികരിക്കുന്നതിന്റെ കാരണമിതാണ്. ദീര്‍ഘമായ സംഭാഷണങ്ങളിലെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ‘ചോദ്യങ്ങളും ഉത്തരങ്ങളും’ ഉപോഗിച്ചുകൊണ്ടുള്ള ‘കട്ട് ആന്റ് പേസ്റ്റ്’ അഥവാ വെട്ടിയൊട്ടിക്കല്‍ പരിപാടിയാണിത്. ‘ആധികാരികത’ ഉറപ്പുവരുത്തുന്ന വിധത്തില്‍ ഇത്തരം ഓഡിയോ ടേപ്പുകള്‍ നിര്‍മിക്കാന്‍ ഇക്കാലത്ത് വലിയ പ്രയാസമൊന്നുമില്ല. അധികാരകേന്ദ്രങ്ങളില്‍ സ്വാധീനമുണ്ടെങ്കില്‍ ബന്ധപ്പെട്ട പരിശോധനാ കേന്ദ്രങ്ങളില്‍നിന്ന് ഏതുതരം ഓഡിയോ ടേപ്പുകളും ആധികാരികമാണെന്ന റിപ്പോര്‍ട്ട് ലഭിക്കും.
ആരാണ് ഈ വിനോദ് ജോസ് എന്നറിയുമ്പോള്‍ എന്തുകൊണ്ട് ഇത്തരം അഭിമുഖങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്ന് വ്യക്തമാവും. മാധ്യമ പ്രവര്‍ത്തനത്തെ ദേശവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ഇതിനകംതന്നെ കുപ്രസിദ്ധനാണ് ജോസ്. പാക് ഭീകരര്‍ 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുനേര്‍ക്ക് നടത്തിയ ആക്രമണത്തെക്കുറിച്ച് വിനോദ് കെ.ജോസ് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായെങ്കിലും കാരവന് അത് പ്രസിദ്ധീകരിച്ചില്ല. “ഒരുപാട് വൈരുദ്ധ്യങ്ങള്‍ ഞാന്‍ തന്നെ കണ്ടെത്തിയതിനാല്‍ അത് പ്രസിദ്ധീകരിക്കുകയുണ്ടായില്ല” എന്നാണ് ജോസിന്റെ ഇതേക്കുറിച്ചുള്ള വിശദീകരണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായിട്ടും അതില്‍ വൈരുദ്ധ്യം കണ്ടെത്തുന്ന ആദ്യ പത്രപ്രവര്ത്തകനായിരിക്കും ജോസ്. ഇത്തരമൊരു മാധ്യമപ്രവര്ത്തകന് രാജ്യത്തോടുള്ള കൂറ് എത്രയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കാരവനില്‍ എത്തുന്നതിന് മുമ്പ് ‘ഫ്രീപ്രസ്’ എന്ന ഒരു മലയാളം പ്രസിദ്ധീകരണം വിനോദ് കെ.ജോസ് എഡിറ്റ് ചെയ്തിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയാവുകയും പിന്നീട് കോടതി വിട്ടയക്കുകയും ചെയ്ത സെയ്ദ് അലിഷാ ഗിലാനിയെക്കുറിച്ച് ഫ്രീ പ്രസില്‍ ജോസ് ഒരു ലേഖനം എഴുതുകയുണ്ടായി. ഇതിന്റെ പേരില്‍ ക്രൈബ്രാഞ്ചിന്റെ അന്തര്‍സംസ്ഥാന സെല്‍ ദല്‍ഹിയില്‍ വിളിച്ചുവരുത്തി ജോസിനെ ചോദ്യം ചെയ്തിരുന്നു. 2006 ല്‍ ‘റേഡിയോ പസഫിക്ക’യുടെ ലേഖകനായിരിക്കെ പാര്‍ലമെന്റാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ഇസ്ലാമിക ഭീകരന് മുഹമ്മദ് അഫ്സല് ഗുരുവിന്റെ അഭിമുഖവും വിനോദ് കെ.ജോസ് എടുക്കുകയുണ്ടായി. ‘തെഹല്‍ക’ ഉള്‍പ്പെടെ പല മാസികകളിലും ഇത് പ്രസിദ്ധീകരിച്ചു. ഇത്തരമൊരു ട്രാക്ക് റെക്കോര്‍ഡുള്ള ജോസാണ് ദേശീയ സംഘടനകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള അഭിമുഖവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഇസ്ലാമിക ഭീകരവാദത്തിന് സ്വയം സമര്‍പ്പിക്കപ്പെട്ടതാണ് ഒന്നാമത്തെയും രണ്ടാമത്തെയും യുപിഎ സര്‍ക്കാരുകള്‍. ഒരുപക്ഷേ അല്‍ഖ്വയ്ദയുടെ കൊടുംഭീകരര്‍ക്ക് മാത്രമുള്ള ആരാധനയോടെ ഒസാമ ബിന്‍ലാദനെ ‘അങ്ങ്’ എന്ന് സംബോധന ചെയ്ത ഒരേയൊരു രാഷ്ട്രീയ നേതാവ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ദിഗ്വിജയ് സിംഗാണ്. ‘ഹിന്ദു ഭീകരവാദം’ എന്നത് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഭരണകൂടത്തിന്റെ സൃഷ്ടിയായിരുന്നു. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുന്നതിനായിരുന്നു ഇത്. ആര്‍എസ്എസിനെ ഭീകരവാദവുമായി ബന്ധപ്പെടുത്താന്‍ ഹീനമായ ശ്രമങ്ങളും യുപിഎ സര്‍ക്കാരുകള്‍ നടത്തി. രാജസ്ഥാനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആര്‍എസ്എസിനെ ഭീകരസംഘടനയായി ചിത്രീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് നിയമനടപടി ഭയന്ന് പ്രസ്താവന പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാനും രാഷ്ട്രീയ സദാചാരത്തിന്റെ എല്ലാ സീമകളും കോണ്‍ഗ്രസ് ലംഘിക്കുകയാണ്. ഇതിനായി മാധ്യമ രംഗത്തുനിന്ന് ഒരു ദല്ലാളിനെ അവര്‍ കണ്ടെത്തി. കോണ്‍ഗ്രസിനുവേണ്ടി വിടുപണി ചെയ്യാന്‍ വിനോദ് കെ.ജോസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറപിടിച്ച് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണ് ജോസെന്ന് വ്യക്തമായിട്ടുള്ളതാണ്. മാവോയിസ്റ്റ് ഭീകരരുടെ താവളമായ ഛത്തീസ്ഗഢിലെ ബസ്തറില്‍ അവര്‍ക്കൊപ്പമുള്ള ജോസിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമാണ് കാരവനിലെ അഭിമുഖവും കെട്ടിച്ചമച്ച അതിലെ ആരോപണങ്ങളും.
മുരളി പാറപ്പുറം
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: