പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ അന്തിമ പോരാട്ടം തുടങ്ങി. ജനങ്ങള്‍ക്കു വേണ്ടാത്ത പദ്ധതി പിന്‍വലിക്കും വരെ സമരം തുടരുമെന്ന പ്രഖ്യാപനത്തിനു കേരളത്തിലെ ഭരണമുന്നണി കക്ഷികളൊഴികെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിവിധ മത സംഘടനകളുടെയും ശക്തമായ പിന്തുണയുണ്ട്. പദ്ധതിക്കുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നതുവരെ ജനകീയ സമരം തുടരുമെന്ന് കവയിത്രി സുഗതകുമാരി പ്രഖ്യാപിച്ചു.
ആറന്മുളയില് വീണ്ടും കൊയ്ത്തുപാട്ടുണരണം. നമ്മളെ ചൂഷണം ചെയ്യാന്‍ ആരേയും അനുവദിക്കില്ല. ഈ സമരമുഖത്ത് ജാതിമത രാഷ്ട്രീയഭേദമില്ല. കോണ്‍ഗ്രസ് കാണിക്കുന്ന അനീതിക്കെതിരേ പോരാടാന്‍ അതേപാര്‍ട്ടിയുടെ നേതാക്കള്‍തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രമുഖ ഗാന്ധിയനായ ഗോപിനാഥന്‍നായര്‍ സമരത്തിന് പിന്തുണയുമായുള്ളത് വലിയ അനുഗ്രഹമാണ്. ഈ സമരം വിജയിക്കുന്നതുവരെ ഒരിഞ്ചുപോലും പിന്നോട്ടില്ല, സുഗത കുമാരി പ്രഖ്യാപിച്ചു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ ആരംഭിച്ച അന്തിമ സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവര്‍. ആറന്മുളയിലെ പുഞ്ചപ്പാടങ്ങളേയും പമ്പാ നദിയേയും സാക്ഷിയാക്കി പ്രതിജ്ഞചൊല്ലിക്കൊണ്ടാണ് സുഗതകുമാരി പ്രസംഗം ആരംഭിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ സര്ക്കാരില്നിന്നുമുണ്ടാകുന്നതെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി പറഞ്ഞു. ഈ സ്ഥിതിയ്ക്കൊരു മാറ്റം വേണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം മാറ്റത്തിന്റെ തീരുമാനത്തിലേക്ക് പോകണം. വിമാനത്താവളത്തിനെതിരേയുള്ള ആറന്മുളയുടെ സമരത്തിന് വേണ്ടി ജീവനും ചോരയും നല്കാന് ആറന്മുളയുടെ ബന്ധുകൂടിയായ താന്‍ തയ്യാറാണെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകള്‍ ഏറെ ആവേശത്തോടെയാണ് വന്‍ ജനാവലി ശ്രവിച്ചത്. ഈ സമരം ആറന്മുളയ്ക്ക് വേണ്ടി മാത്രമുള്ളതല്ല, കേരളത്തിന്റെ മൊത്തം വികാരമാണ് പ്രതിഫലിപ്പിക്കുന്നത്. വിമാനത്താവളപദ്ധതി നാളെ വേണ്ടെന്ന് വെച്ചാല്‍ അത് ഭരണത്തിന് ഗുണം ചെയ്യും. ഒരു ജനത വേണ്ട എന്നു പറയുന്ന പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ദല്‍ഹിയിലെ ചില ഏമാന്മാര്ക്ക് വേണ്ടി ദല്ലാള്‍പണി ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ സമരം വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും ജനാധിപത്യം ധനാധിപത്യത്തിന്റെ കൈകളിലേക്ക് എത്തിയിരിക്കുകയാണെന്നും അതിനെതിരേയാണ് സാധാരണക്കാരന്റെ ഈ പ്രമുഖ ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ പറഞ്ഞു. ആരാധനാലയങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉണ്ടെങ്കില്‍ അത് സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് മാത്രമല്ല ഒരു നാട്ടിലെ ജനങ്ങള്‍ക്ക് മൊത്തം ഉത്തരവാദിത്വമുണ്ടെന്നും മാതൃഭൂമിയെ മറന്നുള്ള വികസനമല്ല വേണ്ടതെന്നും ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് മെത്രോപ്പൊലീത്ത പറഞ്ഞു.
തലതിരിഞ്ഞ വികസനത്തിനെതിരേയുള്ള ജനപക്ഷത്തുള്ള സമരമാണിതെന്നും ഇത് വിജയിപ്പിക്കാന്‍ കഴിയുമെന്നും പാളയം ഇമാം സഹീര്‍ മൗലവി പറഞ്ഞു. വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ പച്ചക്കള്ളമാണ് കെജിഎസ് കമ്പനി പ്രചരിപ്പിക്കുന്നതെന്നും ലാന്റ് ബോര്‍ഡിലും കോടതികളിലും നിരവധി കേസുകള്‍ നിലവിലുണ്ടെന്ന കാര്യം അവര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയാണെന്നും ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് പറഞ്ഞു. കോടതിയില്‍ ജനങ്ങളുടെ ഭാഗം പറയേണ്ട അഡ്വക്കേറ്റ് ജനറല്‍ കെജിഎസ് കമ്പനിക്കുവേണ്ടിയാണ് വാദിക്കുന്നത്. ഈ ധര്‍മ്മസമരത്തില്‍ വ്യത്യസ്ഥ മേഖലകളിലുള്ള എല്ലാവരും ഒറ്റക്കെട്ടാമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, മുന്‍ മന്ത്രിമാരായ എംഎബേബി, ബിനോയ് വിശ്വം, എന്‍.കെ.പ്രേമചന്ദ്രന്, എം.വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: