തിരുവനന്തപുരം: ആഴ്ചകളും മാസങ്ങളും നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ വി.എസ്.സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തി. സുധീരനെ പ്രസിഡന്റായി പ്രഖ്യാപിക്കുമ്പോള്‍ അത് കോണ്‍ഗ്രസ്സിനെ കൂടുതല്‍ കുഴപ്പത്തിലാക്കുമോ? പരക്കെ ഉയരുന്ന ചോദ്യമാണിത്. മറിച്ചാകണമെങ്കില്‍ ഒന്നുകില്‍ സുധീരനില്‍ മാറ്റമുണ്ടാകണം. അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ മനംമാറ്റമുണ്ടാകണം. സംസ്ഥാനത്തെ സകല ഗ്രൂപ്പുകളുടെയും എതിര്‍പ്പ് അവഗണിച്ച് കൊണ്ടുള്ള നിയമനം പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കുമെന്നാണ് സകല ഗ്രൂപ്പുകാരും ഇപ്പോള്‍ പറയുന്നത്. എങ്കില്‍പ്പിന്നെ സുധീരന്റെ വരവിനെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒക്കെ ഒറ്റക്കെട്ടായി എന്തിന് എതിര്‍ത്തു. സൂത്രശാലിയായ എ.കെ.ആന്റണിപോലും ജി.കാര്ത്തികേയന് പ്രസിഡന്റാകാന്‍ കരുക്കള്‍ നീക്കി.
സുധീരന് തലവേദനയാകും എന്നതുതന്നെ കാരണം. കോണ്‍ഗ്രസില്‍ ആദര്‍ശവാനായി അറിയപ്പെടുന്ന സുധീരന് മണല്‍, മദ്യ, റിയല്‍ എസ്റ്റേറ്റ് മാഫികളോടൊക്കെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചുവരുന്ന നേതാവാണ്. ആറന്മുള വിമാനത്താവളപ്രശ്നത്തിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും കോണ്‍ഗ്രസിലെ വേറിട്ട ശബ്ദവുമാണ് അദ്ദേഹത്തിന്റേത്.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനുവിരുദ്ധമായ നിലപാടുകളാണ് സുധീരന് പല വിഷയങ്ങളിലും വര്‍ഷങ്ങളായി സ്വീകരിച്ചത്. കരിമണല്‍ ഖാനനത്തിനെതിരെ എം.എ.ബേബിയ്ക്കൊപ്പവും ആറന്മുള വിമാനത്താവളത്തിനെതിരെ കുമ്മനം രാജശേഖരനൊപ്പവും സമരത്തിനിറങ്ങാന്‍ സുധീരനിലെ കോണ്ഗ്രസുകാരന് കഴിഞ്ഞതും ഇതിനാലാണ്. സുധീരന്റെ ഒറ്റപ്പെട്ട ശബ്ദമായി അവഗണിക്കാന്‍ അന്ന് കോണ്‍ഗ്രസ്സിനു കഴിയുമായിരുന്നു. ഇനി അതിനു സാധ്യതയില്ല. പാര്‍ട്ടികളും സര്‍ക്കാരിനും രണ്ടുനിലപാടുകള് വരുമ്പോള്‍ അത് കോണ്‍ഗ്രസിനെ വിഷമത്തിലാക്കി.
കോണ്‍ഗ്രസ്സിലെ സര്‍വപ്രതാപിയായിരുന്ന കെ.കരുണാകരനുപോലും ഏറെ ശല്യം ഉണ്ടാക്കിയ നേതാവായിരുന്നു സുധീരന്. കരുണാകരന് മുഖ്യമന്ത്രിയും സുധീരന് സ്പീക്കറും ആയിരുന്നപ്പോള്‍ പലപ്പോഴും സര്‍ക്കാരിന്റെ ഇഷ്ടത്തിനെതിരെ പ്രവര്‍ത്തിച്ച് കയ്യടി സുധീരന് വാങ്ങി. കരുണാകരന്റെ ഓര്‍ഡിനന്‍സ് ഭരണത്തിനെതിരെ ആഞ്ഞടിച്ച സ്പീക്കര്‍ സുധീരന് കോണ്‍ഗ്രസിന്റെ സ്പീക്കര്മാരില് വേറിട്ടുനില്ക്കുന്നു. ആ നിലപാടിനെയാണ് പൊതുസമൂഹം അംഗീകരിച്ചതും സുധീരന് വേറിട്ട വ്യക്തിത്വം നേടിക്കൊടുത്തതും. ഇന്നത്തെ ഒത്തുകളി രാഷ്ട്രീയത്തില്‍ സുധീരന് അത്തരം കളിക്ക് കാവല്ക്കാരനായിരിക്കാനാകുമോ?
സുധീരന് പ്രസിഡന്റെന്ന നിലയില്‍ പുതിയൊരു അധികാരകേന്ദ്രം തുറക്കപ്പെട്ടിരിക്കുന്നു. നൂല്‍പ്പാലത്തില്‍ പോയ്ക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ വഴി സുഗമമാക്കാന്‍ സുധീരന്റെ ഏകോപനം എങ്ങിനെയാകും? കണ്ടുതന്നെയറിയണം.
കരുണാകരനെ പിണക്കിയതുകൊണ്ട് 1991 ലെ മന്ത്രിസഭയില്‍ സുധീരന് ഇടം കിട്ടിയില്ല. കരുണാകരന് മാറി ആന്റണി വരേണ്ടിവന്നു മന്ത്രിസഭയിലെത്താന്‍. ഇപ്പോള്‍ എ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും ഒക്കെ സുധീരനെതിരായ നിലപാടെടുത്തിട്ടും കെപിസിസി പ്രസിഡന്റാക്കി. ക്ലീന്‍ ഇമേജ് നിലനിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമം നടത്താറുള്ള വി.എം.സുധീരന് കോണ്‍ഗ്രസിനും ബാധ്യതയാകും എന്നുറുപ്പ്. സിപിഎമ്മിന് വി.എസ്.അച്യുതാനന്ദന് ചെയ്തുകൊണ്ടിരിക്കുന്ന ദോഷങ്ങളാകും ഭാവിയില്‍ കോണ്‍ഗ്രസിന് സുധീരനും ചെയ്യാന്‍ പോകുന്നതെന്ന സംശയം ഇപ്പോഴേ ഉയര്‍ന്നിട്ടുണ്ട്. സീറ്റ് വിഭജനത്തിലെ അവകാശവാദങ്ങളും തര്‍ക്കങ്ങളും തലയുയര്‍ത്തി നില്ക്കുമ്പോള് ചുമതലയേല്‍ക്കുന്ന സുധീരനെ കാത്തിരിക്കുന്നത് പുഷ്പകിരീടമാകില്ല. മുള്‍ക്കിരീടം തന്നെയാകും.
തന്റെ ആദര്‍ശവും മുന്നണിയിലെ അധികാരത്തര്‍ക്കങ്ങളും എങ്ങിനെ കൈകാര്യം ചെയ്യുമെന്നുതന്നെയാകും ആദ്യത്തെ പ്രതിസന്ധി. ഉമ്മന്‍ചാണ്ടി കരുണാകരനെക്കാള്‍ സൂത്രശാലി തന്നെയാണ്. അധികാരത്തിന്റെ താക്കോല്സ്ഥാനത്തെന്നത് സുധീരന് അഭിമുഖീകരിക്കാന്‍ പോകുന്ന വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: