കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കണക്കിലെടുത്ത് സംഘടനയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മതഭീകര പ്രവര്‍ത്തനങ്ങളും രാജ്യവിരുദ്ധ പ്രവര്‍ത്തനവുമടക്കമുള്ള കുറ്റങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ സര്‍ക്കാര്‍ സത്യവാങ്മുലത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് 27 വര്‍ഗ്ഗീയ കൊലപാതകങ്ങള്‍, 86 കൊലപാതകശ്രമങ്ങള്‍, 106 വര്‍ഗ്ഗീയ കലാപങ്ങള്‍ എന്നിവ പോപ്പുലര്‍ ഫ്രണ്ട്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയതായാണ് സത്യവാങ്ങ് മൂലത്തില്‍ പറയുന്നത്. ഈ സംഘടനകള്‍ സംസ്ഥാനത്ത് മുസ്ലീം യുവാക്കളെ വര്‍ഗ്ഗീയ കലാപത്തിന് പ്രേരിപ്പിക്കുന്നതായും സര്‍ക്കാര്‍ എടുത്ത്പറയുന്നു. സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ്സാണ് കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് കോടതി ആവശ്യപ്പെട്ടതിനെതുടര്ന്നായിരുന്നു സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫിന്റെ പേരിലാണ് സത്യവാങ്മൂലം.തേജസിന്റെ പേരിലാണ് കലാപത്തിലും കൊലപാതകത്തിലും പങ്കെടുത്തവര്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ നാറാത്ത് നിന്ന് പിടികൂടിയ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും സംഘടനയുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ട്. നിരവധി സ്ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍, ഭീകരവാദ ലഘുലേഖകള്‍, എന്നിവക്കു പുറമേ ഇറാന് പൗരത്വ രേഖകളും കണ്ടെടുത്തിരുന്നു.
എന്നാല്‍ പിടിയിലായവര്‍ നിരപരാധികളാണെന്നാണ് തേജസ്സ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്തു നിന്നും വന്‍തോതില്‍ പണം ലഭിക്കുന്നുണ്ട്. വര്‍ഗ്ഗീയവിദ്വേഷം വളര്‍ത്തുന്ന തരത്തിലാണ് തേജസ്സിലെ ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നത്.
പത്ര പ്രവര്‍ത്തകരുടെയും ഏജന്റുമാരുടെയും പേരില്‍ പ്രവര്‍ത്തിക്കുന്നത് ഏറെയും സംഘടനയുടെ ഭീകരവാദികളായ കേഡര്‍മാരാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യമാണ് വിവിധകോണുകളില്‍ നിന്നുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: