ആലപ്പുഴ: എസ്എന്‍ഡിപി യോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പോഷക സംഘടനയല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നരേന്ദ്രമോദിയുമായി വേദി പങ്കിട്ടതിനെ പിണറായി വിജയന് വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. നികൃഷ്ട ജീവിയെന്നു വിളിച്ചയാളുടെ വീട്ടില്‍ പിണറായി വിജയന് പോയല്ലോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യയില്‍ പിന്നാക്ക സമുദായക്കാരനായ ചായക്കടക്കാരന് പ്രധാനമന്ത്രിയാകാന്‍ വരുന്നുവെന്നു പറഞ്ഞാല്‍ എസ്എന്‍ഡിപി എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ 21 പിന്നാക്ക സമുദായ സംഘടനകള്‍ ചേര്‍ന്നു രൂപീകരിച്ച കേരള പീപ്പിള്‍സ് ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി അറിയിച്ചു. സ്വകാര്യ മേഖലയിലെ സംവരണം, രണ്ടാം ഭൂപരിഷ്കരണ നിയമം തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് സംഘടനയുടെ ലക്ഷ്യം. പിന്നാക്ക സമുദായങ്ങള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നില്ലെന്നും അതിനുവേണ്ടി രാഷ്ട്രീയശക്തിയായി ഉയരാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണം അജണ്ടയിലില്ല. പീപ്പിള്‍സ് ഫ്രണ്ട് ജില്ലാ കമ്മറ്റികള്‍ ഉടന്‍ രൂപീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നു തീരുമാനിച്ചിട്ടില്ല. സംഘടന ഒരു മുന്നണിയുടെയും ഭാഗമല്ല. സമുദായങ്ങളെ തമ്മില്‍ തല്ലിക്കാനാണു സര്‍ക്കാര്‍ ഇപ്പോഴത്തെ ദേവസ്വംബില്ല് പാസാക്കിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്കായി പ്രവര്‍ത്തിക്കാനാണു സംഘടനയുടെ തീരുമാനം. പിന്നാക്ക സമുദായങ്ങളെ സംരക്ഷിക്കുന്നതിനുള്ള അജണ്ട പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നവരെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും. പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹിക്കുന്ന നീതി നല്‍കാത്തവര്‍ക്കു വോട്ടു നല്‍കില്ല. വി.എം. സുധീരന് കെപിസിസി പ്രസിഡന്റ് ആയെങ്കിലും കോണ്‍ഗ്രസില്‍ പ്രസിഡന്റ് എന്നത് അവസാന വാക്കല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ അധികാരം കെപിസിസി പ്രസിഡന്റിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പീപ്പിള്‍സ് ഫ്രണ്ടുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് സി.കെ. വിദ്യാസാഗര്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: