തിരുവനന്തപുരം: നിലമ്പൂരില്‍ കോണ്‍ഗ്രസ്സിന്റെ ഓഫീസും മന്ത്രി ആര്യാടന് മുഹമ്മദിന്റെ എംഎല്‍എ ഓഫീസുമായ സ്ഥലത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടനെയും മകന് ആര്യാടന് ഷൗക്കത്തിനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ പോലീസ് ആസൂത്രിതശ്രമം നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
രാവിലെ 9 മണിക്ക് കൊല നടത്തിയ ശേഷം രാത്രി 9 മണിക്കാണ് 5 കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ കെട്ടിത്താഴ്ത്തുന്നത്. ഇതിനിടയില്‍ അറുപതിലധികം ആളുകള്‍ ഈ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നു പോയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് വൈകിട്ട് 4.30ന് ഇവരെ കാണാനില്ലെന്ന പരാതി പോലീസില്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും പോലീസ് ഓഫീസ് കേന്ദ്രീകരിച്ച് യാതൊരു അന്വേഷണവും നടത്തിയില്ല. അത്തരത്തിലൊരു അന്വേഷണം നടന്നിരുന്നുവെങ്കില്‍ യുവതിയുടെ ജഡം ഓഫീസില്‍ നിന്ന് തന്നെ കണ്ടെടുക്കാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുവാനും പോലീസിന് കഴിയുമായിരുന്നു.
കേസിന്റെ ഗൗരവം കുറയ്ക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. കൊലപാതകത്തെക്കുറിച്ച് ആദ്യം തന്നെ കള്ളക്കഥയാണ് പ്രചരിപ്പിക്കുന്നത്. യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുക മാത്രമാണ് പ്രതികള്‍ ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പോസ്റ്റമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഗുരുതര ലൈംഗിക പീഡനം നടത്തിയതായാണ് വ്യക്തമാക്കിയിട്ടുള്ളത്. ലൈംഗിക പീഡനം നടത്തിയശേഷമാണ് കൊലനടത്തിയതെന്നിരിക്കെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
പരസ്ത്രീബന്ധം പുറത്തുപറയുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തിയതിന് സല്‍പ്പേര് കാക്കുവാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്ന് സ്ഥാപിക്കാനാണ് പോലീസ് വ്യഗ്രത. അങ്ങനെയെങ്കില്‍ ആരുടെ സല്‍പ്പേരാണ് രക്ഷിക്കപ്പെടാന്‍ ശ്രമം നടന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. പ്രതിയായ ബിജു സല്പ്പേരുള്ളയാളല്ല.
യുവതിയെ കാണാതായി 5 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത്തരത്തിലൊരു സംഭവം അറിഞ്ഞിട്ടില്ലെന്ന് മന്ത്രിയും മകനും പറയുന്നത് വിശ്വസനീയമല്ല. അതില്‍ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രന് ആരോപിച്ചു. പരപ്രേരണയാലാണ് കൊല നടന്നതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. പ്രതിയായ ബിജുവിന്റെയും കൊല്ലപ്പെട്ട യുവതിയുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പരിശോധിച്ചിട്ടില്ല. ആര്യാടനെയും മകനെയും കൊലപാതകത്തിനു ശേഷം പ്രതികള്‍ വിളിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പോലീസ് ഇക്കാര്യത്തില്‍ കള്ളക്കളി നടത്തുകയാണ്. കേസിന്റെ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളെ അറിയിക്കണം. വെറുമൊരു കൊലപാതകമല്ല, എംഎല്‍എയുടെ ഓഫീസായി കൂടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഓഫീസിലാണ് സംഭവം നടന്നിരിക്കുന്നത്. ആദര്‍ശശാലിയെന്ന് മാധ്യമങ്ങള്‍ വാഴ്ത്തുന്ന പുതിയ കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റിരിക്കുന്ന അവസരത്തില്‍ ഈ കേസിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് അദ്ദേഹം നിര്‍ദ്ദേശിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: