പയ്യന്നൂര്‍: പള്ളിവളപ്പിലെ മദ്രസ്സയ്ക്കരികില് യുവാവിന്റെ കത്തിക്കരിഞ്ഞ് ചാരമായ മൃതശരീരം കാണപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ കൊലപാതകമാണെന്ന് സൂചന. കൊറ്റി ജുമാ മസ്ജിദ് വളപ്പിലെ മഹദനുല് ഉലും മദ്രസ്സയുടെ പരിസരത്താണ് തെക്കെ മമ്പലത്തെ ഹക്കീമി(45)ന്റെ കത്തിക്കരിഞ്ഞ് ചാരമായ മൃതശരീരം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. 13 വര്‍ഷം മുമ്പ് എം.ദാമോദരന്‍ എന്നയാളാണ് മതംമാറി ഹക്കീം ആയിരുന്നത്. കൊന്നശേഷം ജഡം കത്തിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണിപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്.
ശരീരത്തിലെ അസ്ഥികള്‍ ഉള്‍പ്പെടെ കത്തിചാരമായതും ചിതറിയ മൊബെയില്‍ ഫോണ്‍ കണ്ടെത്തിയതും ധരിച്ചിരുന്ന ഷര്‍ട്ട് ദൂരെ കീറിപ്പറിഞ്ഞ നിലയില്‍ കണ്ടതും ചുറ്റിലും മുളക് പൊടി വിതറിയതുമൊക്കെയാണ് ആസൂത്രിതമായ കൊലപാതകമാണെന്നതിലേക്ക് വിരല്‍ചൂണ്ടുന്നത്. ആത്മഹത്യയാണങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്ന് മാത്രമല്ല ജീവനോടെ തീകൊളുത്തപ്പെട്ടയാള് യാതൊരു അനക്കമോ പിടയലോ ഇല്ലാതെ അതേനിലയില്‍ കത്തിത്തീരാനും സാധ്യതയില്ല.
പഴയ മര ഉരുപ്പടികള്‍ കൂട്ടിയിട്ടിരുന്നതിന്റെ മുകളില്‍ ഹക്കീമിന്റെ ജീവനില്ലാത്ത ശരീരം വെച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതിനു മുമ്പുതന്നെ പള്ളിയുടെ പിറകില്‍ വെച്ച് മര്‍ദ്ദനമോ മല്പിടുത്തമോ നടന്നുവെന്നതിന്റെ സൂചനയാണ് അമ്പത് മീറ്ററോളം അകലെ ഹക്കീമിന്റെ ഫോണ്‍ കഷ്ണങ്ങളായി കണ്ടുകിട്ടിയതിനു പിന്നില്‍ എന്ന് സംശയിക്കുന്നു. പെട്രോളുപയോഗിച്ച് അസ്ഥികള്‍ വരെ ചാരമാകും വിധം കത്തിച്ചവര്‍ മൃതദേഹം പൂര്‍ണമായും കത്തിത്തീരുന്നതുവരെ സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മൃതദേഹം അഗ്നിക്കിരയാക്കി തെളിവുനശിപ്പിക്കുന്നതില് വൈദഗ്ധ്യമുള്ളവരോ അത്തരക്കാരുടെ നിര്‍ദ്ദേശമോ ആണ് പോലീസ് നായ വരാന്‍ സാധ്യതയുള്ള വഴികളില്‍ മുളക് പൊടി വിതറിയതിന്റെ പിന്നിലെന്നും സൂചിപ്പിക്കപ്പെടുന്നു. അര്‍ദ്ധരാത്രികഴിഞ്ഞ് നടന്ന സംഭവത്തിനുശേഷം മുളകുപൊടി വിതറുന്നതിനായി നേരത്തെ കരുതിവെച്ചിരിക്കാമെന്നതാണ് കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്ന് അനുമാനിക്കാന്‍ കാരണം.
മണം പിടിച്ചോടിയ പോലീസ് നായ റെയില്‍വെ സ്റ്റേഷന് സമീപത്തെ മുത്തപ്പന് ക്ഷേത്രത്തിനു മുന്നിലൂടെ റെയില്‍വേ ക്വാര്‍ട്ടേഴ്സ് വരെ ഓടി കിണറിനു സമീപം എത്തി നിന്നതില്‍ നിന്നും കൊലപാതകികള്‍ ഇവിടെ നിന്നും കയ്യും കാലും കഴുകി ട്രെയിനില്‍ കയറിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
മൃതദേഹത്തോടൊപ്പം ഹക്കീമിന്റെ കൈവശമുണ്ടായിരുന്ന ബാഗിലെ കണക്കുകളും അഗ്നിക്കിരയായെന്നതും ദുരൂഹതവര്ദ്ധിപ്പിക്കുന്നു. ശ്രീകണ്ഠപുരം സി.ഐ.ജോഷി ജോസിനാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി വൈകും വരെ പോലീസ് ഏതാനും പേരെ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: