കൊച്ചി: വൈപ്പിന്‍ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ കടവില്‍ കായലില്‍ കെട്ടിയിട്ടിരുന്ന മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. എഴുപത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കന്യാകുമാരി സ്വദേശി മരിയ സേവ്യറുടെ ജെസ്ഫ്രിന്, കൊളച്ചല്‍ ഹൃദയദാസന്റെ ഡിവൈന്‍, തെക്കേമാലിപ്പുറം റസാഖിന്റെ അനുഗ്രഹ എന്നീ ബോട്ടുകളാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ജെസ്ഫ്രിന് എന്ന ഇരുമ്പ് ബോട്ടിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന ഡിവൈന്‍, അനുഗ്രഹ എന്നീ ബോട്ടുകളിലേക്കും തീ പടര്‍ന്നു. അനുഗ്രഹയും ഡിവൈനും മരംകൊണ്ട് നിര്‍മ്മിച്ച ബോട്ടുകളാണ്. തീ പിടിച്ച ബോട്ടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. ബോട്ടിലെ ഡീസല്‍ ടാങ്കും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയില്‍ സമീപത്തെ പള്ളിയുടെ ഓടുകള്‍ തകര്‍ന്നു, കൂടാതെ സമീപത്തെ ചില വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
ബോട്ടുകള്‍ക്ക് തീപിടിച്ചത് പനമ്പുകാടുള്ള മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. തീപിടിച്ച ബോട്ടുകളോട് ചേര്‍ന്ന് കെട്ടിയിട്ടിരുന്ന മറ്റ് ബോട്ടുകള്‍ പൊടുന്നനെ അഴിച്ച് മാറ്റിയതിനാല്‍ വന്‍ തീപിടുത്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: