കൊച്ചി: ധീവരസഭ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ദിനകരന് രാജിവയ്ക്കണമെന്ന് ധീവര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 40 വര്‍ഷമായി ധീവരസമുദായത്തെ ദിനകരന് വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രമം. എന്നാല്‍ ഈ നീക്കത്തിന് അഖില കേരള ധീവരസഭയുടെ പിന്തുണയില്ലെന്നും അവര്‍ അറിയിച്ചു. സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് മുന്നണി പ്രവര്‍ത്തനവുമായി ദിനകരന് മുന്നോട്ട് പോകുന്നതെന്നും ധീവര സംരക്ഷണ സമിതി ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായ മത്സ്യഫെഡ് ചെയര്‍മാനും കെപിസിസിയുടെ ഉന്നത സ്ഥാനവും വഹിക്കുന്ന ദിനകരന് ബദല്‍ പാര്‍ട്ടിയുമായി മുന്നോട്ട് പോകുമ്പോള്‍ ദിനകരനെ കോണ്‍ഗ്രസ് പുറത്താക്കാത്തതെന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.
കഴിഞ്ഞ പാര്‍ലമെന്റ്-നിയമസഭ തെരഞ്ഞെടുപ്പില്‍ ധീവര സമുദായത്തെ പട്ടികജാതിയില്പ്പെടുത്തുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനമനുസരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വോട്ട് നല്കി വിജയിപ്പിച്ച ധീവരസമുദായത്തെ വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ധീവര സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ധീവര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ.വി.ഷണ്മുഖന്, വൈസ് പ്രസിഡന്റ് കെ.പുരുഷോത്തമന്, ടി.എസ്.ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: