തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം പൂര്‍ണ്ണം. ഞായറാഴ്ച അര്‍ധരാത്രി ആരംഭിച്ച സമരം ഇന്നലെ രാത്രി 12 മണിയോടെ അവസാനിച്ചത്. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രെഡേഴ്സാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള സപ്ലൈകോയുടെ പമ്പുകള്‍ക്ക് പുറമേ ചില സ്വകാര്യ പമ്പുകളും തുറന്നു പ്രവര്‍ത്തിച്ചെങ്കിലും നല്ലൊരു ശതമാനം പെട്രോള്‍ പമ്പുകളും സമരത്തില്‍ പങ്കെടുത്തു.
പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക, ബാഷ്പീകരണനഷ്ടം പരിഹരിക്കുക, സാമൂഹികവിരുദ്ധരില്‍നിന്ന് പമ്പുകളെയും ജീവനക്കാരെയും സംരക്ഷിക്കുക, മറ്റ് പുതിയ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, മുടക്കുന്ന തുകയ്ക്ക് ആനുപാതികമായി കമ്മീഷന് നല്‍കുക, ഇന്ധനവില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, എണ്ണക്കമ്പനികളുടെ കണക്ക് പരിശോധിക്കാന്‍ സി.എ.ജി.യെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പമ്പുടമകള്‍ ഉന്നയിച്ചത്.
ഇതുവരെയുള്ള നിവേദനങ്ങളും പ്രക്ഷോഭങ്ങളും സര്‍ക്കാരും എണ്ണക്കമ്പനികളും അവഗണിച്ചതായി സംഘടന ആരോപിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന സമരത്തെ തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച സിവില്‍ സപ്ലൈസ് സെക്രട്ടറിയുടെയും ഓയില്‍ കമ്പനികളുടെയും നിഷേധാത്മക നിലപാടുകള്‍ക്കെതിരെയാണ് സംഘടന വീണ്ടും സമരരംഗത്തിറങ്ങിയതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രക്ഷോഭത്തിന്റെ ഭാഗമായി വരുന്ന 18നും 19നും പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: