കൊച്ചി: കെ.കെ.രമയ്ക്ക് മാനസിക വിഭ്രാന്തിയാണെന്ന സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇ.പി. ജയരാജന്റെ പ്രസ്താവന കേരള സമൂഹത്തിന് സഹിക്കാവുന്നതും പൊറുക്കാവുന്നതുമല്ലെന്ന് ഇടതുപക്ഷ ചിന്തകന്‍ അപ്പുക്കുട്ടന് വള്ളിക്കുന്ന്.
അമ്മയും സഹോദരിയുമെന്ന ആദരവും സ്നേഹവും സഹാനുഭൂതിയും ഉള്‍ക്കൊള്ളുന്ന സ്ത്രീത്വത്തോടുള്ള സാംസ്ക്കാരികബോധത്തെ അവഹേളിക്കുന്ന അഹങ്കാരമാണ് സിപിഎം നേതാവ് പ്രകടിപ്പിച്ചത്.
രാഷ്ട്രീയ പകയും അസഹിഷ്ണതയും കൊണ്ട് ഗൂഢാലോചന നടത്തി വധിച്ചതാണ് ടി.പി. ചന്ദ്രശേഖരനെ എന്ന് കോടതി വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ഉപകരണമായി പ്രവര്‍ത്തിച്ച കൊലയാളികളെയും സിപിഎം നേതാക്കളെയും ജീവപര്യന്തം തടവിന് കല്‍ത്തുറുങ്കില്‍ അടച്ചിരിക്കുകയാണ്. രമയുടെ സമരം സിപിഎം സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ക്കാണ് മാനസിക വിഭ്രാന്തി ഉണ്ടാക്കിയിട്ടുള്ളത്. അവരുടെ ഭാവവും സംസാരവും പ്രസ്താവനകളും അടിയന്തര മനോരോഗ ചികിത്സ ആവശ്യപ്പെടുന്നതാണ്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയവരാണ് വി.എസ്സിന്റെ പേരില്‍ മുഖ്യമന്ത്രിക്കു കള്ളക്കത്തയച്ചത്, പിണറായിയെ തൊട്ടാല്‍ കേരളം കത്തും തുടങ്ങിയുള്ള പ്രതികരണങ്ങള്‍ അതിന്റെ പ്രകടനമാണ്, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: