തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിക്കത്ത്. മര്ദനവീരന്മാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പെന്ന വിധത്തിലും ആക്രമണം നടത്തുമെന്ന ഭീഷണിയുമാണ് കത്തിലെ പരാമര്‍ശം. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സാം തങ്കയ്യനാണ് കത്ത് ലഭിച്ചത്. കത്ത് പൂജപ്പുര പോലീസിന് കൈമാറി അന്വേഷണം ആരംഭിച്ചു. കത്ത് എവിടെ നിന്നാണ് അയച്ചതെന്നുള്ള തപാല്‍ സീല്‍ വ്യക്തമായി പതിഞ്ഞിട്ടില്ല.
സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരോട് വിരോധമുള്ള തടവുകാരുടെ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു തുടങ്ങി. കത്ത് എഴുതിയിരിക്കുന്നത് ഇടത് കൈപ്പടയിലാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ നിരവധി അക്ഷരത്തെറ്റുകളും കത്തിലുണ്ട്.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദ്ദനമേറ്റതിന്റെ വിരോധമാണോ ഭീഷണിക്കത്തിന് ആധാരമെന്നും സംശയമുയരുന്നുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ ഭീതിയിലായിലാണ്. ജയില്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: