നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് ചൊവ്വാഴ്ച സമാപനമാകും. അപൂര്‍വ്വങ്ങളായ 167 തെയ്യങ്ങളാണ് ക്ഷേത്രപരിസരത്ത് കെട്ടിയാടുന്നത്. കാല്‍ചിലമ്പണിഞ്ഞ് പനയോലയും ചായില്യവും കൊണ്ടുള്ള മുഖത്തെഴുത്തുമായി തെയ്യങ്ങള്‍ കെട്ടിയാടുമ്പോള്‍ പതിനായിരങ്ങളാണ് അനുഗ്രഹം തേടി ക്ഷേത്രമുറ്റത്തേയ്ക്ക് എത്തുന്നത്. ചൊവ്വാഴ്ച നിലമംഗലത്ത് ഭഗവതിയുടെയും പുന്നക്കാല്‍ ഭഗവതിയുടെയും തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തുന്നതോടെ പെരുങ്കളിയാട്ടത്തിന് സമാപനമാകും. രാവിലെ 8.30 നും 8.47 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രധാന ആരാധനാ മൂര്‍ത്തികളായ നിലമംഗലത്ത് ഭഗവതിയുടെയും, പുന്നക്കല്‍ ഭഗവതിയുടെയും തിരുമുടി ഉയരുക.
നിലമംഗലത്ത് ഭഗവതി, പുന്നക്കാല്‍ ഭഗവതി എന്നീ പ്രധാന ആരാധനാമൂര്‍ത്തികള്‍ കൂടാതെ പൂമാരുതന്‍, വിഷ്ണു മൂര്‍ത്തി, ചെറിയ ഭഗവതി, പടക്കത്തി ഭഗവതി, ഉച്ചൂളികടവത്ത് ഭഗവതി,കോടോത്ത് ഭഗവതി, പുതിയ ഭഗവതി, ചെരളത്ത് ഭഗവതി, ചെമ്പിലോട്ടു ഭഗവതി, നരമ്പില്‍ ഭഗവതി, ആയിറ്റി ഭഗവതി, പടവീരന്‍, തൂവക്കാളി, ഗുളികന്, പൊട്ടന് തെയ്യം, മടയില്‍ ചാമുണ്ടി, രക്ത ചാമുണ്ടി, ഭൈരവന്, മന്ത്രമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളും അരങ്ങിലെത്തും മുന്നില്‍ കരംകൂപ്പി മനംനൊന്ത് വിളിക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയാനെത്തും.
12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കളിയാട്ടമാണ് പെരുങ്കളിയാട്ടം. വലിയ പണച്ചെലവുണ്ട് പെരുങ്കളിയാട്ടത്തിന്. ഒട്ടേറെ ചടങ്ങുകളും അന്നദാനവും നിരവധി തെയ്യക്കോലങ്ങളും പെരുങ്കളിയാട്ടത്തില്‍ ഉണ്ടാവും. കളിയാട്ടം നടത്താന്‍ തീയതി നിശ്ചയിച്ചാല്‍ നടത്തുന്ന ആദ്യത്തെ ചടങ്ങാണ് ‘അടയാളം കൊടുക്കല്‍’. ഓരോ തെയ്യക്കോലവും കെട്ടാന്‍ നിശ്ചിത കോലക്കാരെ ഏല്പിക്കുന്ന ചടങ്ങാണിത്. അവര്‍ കാവിലോ സ്ഥാനങ്ങളിലോ തറവാടുകളിലോ എത്തി വാദ്യമേളം നടത്തുന്നതോടെ തെയ്യം തിറകളുടെ അനുഷ്ഠാനങ്ങള്‍ ആരംഭിക്കുകയായി. തെയ്യം/തിറ നടക്കുന്നതിനു തലേന്ന് കോലക്കാരന് സ്ഥാനത്തു വന്ന് ചെറിയ തോതില്‍ തെയ്യവേഷമിട്ട് വാദ്യമേളത്തോടെ പാട്ടുപാടി ഉറഞ്ഞു തുള്ളുന്നു. തോറ്റം എന്നാണ് ഈ വേഷത്തിന്റെ പേര്, അയാള്‍ പാടുന്ന പാട്ട് തോറ്റം പാട്ടും. തോറ്റത്തിന് മുഖത്ത് ചായം തേയ്ക്കില്ല. തോറ്റമില്ലാത്ത തെയ്യം തിറകള്‍ക്ക് പകരമുള്ളത് വെള്ളാട്ടമാണ്. തോറ്റത്തെപ്പോലെ തലേന്നു പുറപ്പെടുന്ന വേഷമാണ് വെള്ളാട്ടം. വെള്ളാട്ട് എന്നും ഇതിനു പറയാറുണ്ട്.
തെയ്യക്കലാകാരന്മാര്ക്കു വേഷമണിയാന്‍ ചില കാവുകളില്‍ സ്ഥിരം അണിയറകള്‍ ഉണ്ടാവും. ഇല്ലാത്തിടങ്ങളില്‍ താത്കാലികമായി മറകെട്ടി അണിയറ നിര്‍മിക്കും. ഇവിടെവച്ചാണ് കോലങ്ങള്‍ക്ക് മുഖത്തെഴുത്തു നടത്തുന്നത്. ചെറിയ മുടിയുള്ള തെയ്യങ്ങള്‍ അണിയറയില്‍ വച്ചു തന്നെ വേഷം പൂര്‍ത്തിയാക്കും. വലിയ മുടിയുള്ളവ മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലും കഴിഞ്ഞ് ദേവതാസ്ഥാനത്തു വന്നശേഷം മുടി അണിയും. ചമയവും മുടിയണിയലും കഴിഞ്ഞാണ് തെയ്യം നൃത്തമാരംഭിക്കുന്നത്.
ഓല, വാഴപ്പോള, പൂങ്കുല തുടങ്ങിയവകൊണ്ട് അലങ്കരിച്ച കള്ളു നിറച്ച ഓട്ടു പാത്രമായ കലശം എഴുന്നള്ളിക്കുന്നതുള്‍പ്പെടെ ഒട്ടേറെ അനുഷ്ഠാനങ്ങള്‍ തെയ്യം നിര്‍വഹിക്കും. കളിയാംബള്ളി എന്ന ബലി, കുരുതി തര്‍പ്പണം, പാരണ തുടങ്ങിയവ ഇത്തരം അനുഷ്ഠാനങ്ങളാണ്. തെയ്യത്തിന് ഇലയില്‍ അവല്, മലര്, പഴം, അപ്പം, ഇളനീര്, കല്‍ക്കണ്ടം തുടങ്ങിയവ നിവേദിക്കുന്നതാണ് പാരണ. ചില കാവുകളില്‍ തെയ്യത്തിന് മീനും നല്‍കും. (മീനമൃത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: