കൊച്ചി: നരേന്ദ്രമോദിയുടെ വരവും കാത്ത് ഒരു മണിക്കൂറോളം എറണാകുളം ഗസ്റ്റ് ഹൗസിന് മുന്നില്‍ കാത്തുനില്ക്കുമ്പോള് കത്തുന്ന വെയിലൊന്നും ആര്‍ക്കുമൊരു പ്രശ്നമായി തോന്നിയില്ല. ഉച്ചയ്ക്ക് ഒന്നേകാലോടെ ഗസ്റ്റ് ഹൗസില്‍ എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ അവിടെ നിലയുറപ്പിച്ചിരുന്നു. അതീവ സുരക്ഷ മോദിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ നേതാക്കന്മാര്ക്ക് മാത്രമായിരുന്നു അകത്തേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു. മറ്റാര്‍ക്കും പ്രവേശനം പാടില്ല എന്ന് എന്‍ ഐ എയുടെ കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പുറത്ത് നില്‍ക്കേണ്ടി വന്നു. ചാനല്‍ ക്യാമറകള്‍ ഏതുനിമിഷവും മോദി എത്തിയെത്തുമെന്ന് പ്രതീക്ഷിച്ച്് കണ്ണുതുറന്നിരുന്നു. ഗസ്റ്റ് ഹൗസിന് ചുറ്റും മഫ്തി പോലീസുകാര്‍ അടക്കമുള്ള പോലീസ് സംഘം അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. ഔദ്യോഗിക വാഹനങ്ങള്‍ അല്ലാതെ മറ്റു വാഹനങ്ങള്‍ക്കൊന്നും അകത്തേയ്ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഏപ്പോള്‍ എത്തും എന്ന ആകാക്ഷയായിരുന്നു പലര്‍ക്കും. അകത്തേയ്ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ മോദി വാഹനത്തില്‍ നിന്നിറങ്ങുന്ന വിഷ്വല്‍സ് ഒന്നും കിട്ടില്ല, വാഹനം കടന്ന് പോകുന്നതിന്റെ വിഷ്വല്‍ മാത്രമേ കിട്ടുകയുള്ളുവെന്ന് ചാനലുകാര് പരിഭവം പറഞ്ഞു. എങ്കിലും ഒരു പ്രതീക്ഷ, മധ്യമപ്രവര്‍ത്തകരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമ്മതിച്ചാലോ? അകലെ നിന്നും അദ്ദേഹത്തിന്റെ വരവറിയിച്ചുകൊണ്ട് പെയിലറ്റ്് വാഹനം അലാം മുഴക്കി പാഞ്ഞു. തൊട്ടുപിന്നില്‍ ഡിസിപിയുടെ വാഹനവും അതിന് പിന്നില്‍ ബ്ലാക് ക്യാറ്റുകളുടെ വാഹനവും. തൊട്ടു പിന്നിലായി ആകാക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് മോദിയുടെ വാഹനം ഗസ്റ്റ്് ഹൗസില്‍ എത്തി. ഗേറ്റ് കടക്കും മുന്നേ വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒന്നു കൈവീശി ഒരു മിന്നായം പോലെ കടന്നുപോയി. കൂടെ ഉണ്ടായിരുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് മാത്രം.
ഗസ്റ്റ് ഹൗസിനുള്ളിലേക്ക് മോദി കടന്നപ്പോള്‍ പുറത്ത് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും നിരാശ. മോദിയെത്തുന്നതറിഞ്ഞ് ഗസ്റ്റ് ഹൗസിന് മുന്നില്‍ നിരവധി പേര് ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒരു വിഷ്വല്‍ കിട്ടുന്നതിന് വേണ്ടി ഗസ്റ്റ് ഹൗസിന്റെ മട്ടുപ്പാവില്‍ ഒന്നുവന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യണമെന്ന ആവശ്യം നേതാക്കളെ ചിലര്‍ ഫോണില്‍ അറിയിച്ചു. ക്യാമറക്കണ്ണുകള്‍ ബാല്‍ക്കണിയെ ഫോക്കസ് ചെയ്ത് കാത്തിരുന്നു. ഗസ്റ്റ് ഹൗസില്‍ അല്പനേരം വിശ്രമം. ഇതിനിടയില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസും അഹമ്മദാബാദ് മെത്രാന് ഗീവര്‍ഗീസ് മാര്‍ യൂലിയോസും മോദിയെ സന്ദര്‍ശിക്കാന്‍ എത്തി. തടിയില്‍ തീര്‍ത്ത ശില്പവും നിലവിളക്കും അവര്‍ ഉപഹാരമായി കൊണ്ടുവന്നിരുന്നു. മെത്രാന്മാര് മോദിയുമായി കൂടിക്കാഴ്ച നടത്തില്ലയെന്ന പ്രസ്താവനയും ഇതോടെ അപ്രസക്തമായി.
മോദിയെ ഒന്നു അടുത്തുകാണുകയെന്ന ആഗ്രഹം അപ്പോഴും മനസ്സില്‍ ബാക്കിയായി കിടന്നു. പുറത്തേക്ക് വന്ന നേതാക്കളോട് ഒന്നു മോദിയെ കാണാന്‍ പറ്റുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ടായിരുന്നു. കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ആയിരുന്നതിനാല്‍ ആരും ഉറപ്പ് പറഞ്ഞില്ല. എങ്കിലും ഒരു നിമിത്തം പോലെ അദ്ദേഹത്തെ അടുത്തുകാണാന്‍ അവസരം കിട്ടി. ഗസ്റ്റ് ഹൗസിന്റെ ഉള്ളിലേക്ക് പ്രത്യേക അനുമതിയോടെ കടന്ന് ചെല്ലുമ്പോള്‍ ഒന്ന് അടുത്ത് കാണണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ചെന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സമ്മേളന വേദിയിലേക്ക് പോകുന്നതിനായി അദ്ദേഹം മുകള്‍ നിലയില്‍ നിന്നും താഴേക്ക് വന്നു. ബ്ലാക് ക്യാറ്റുകള്‍ കൈകള്‍ കോര്‍ത്ത് സുരക്ഷാ വലയം തീര്‍ത്തു. ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത വ്യക്തിത്വത്തിന് ഉടമയെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെ ആരേയും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
മുഖത്ത് ആരേയും ഭയമില്ലെന്ന ഭാവം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും ഇല്ലാത്ത തേജസ്. തീക്ഷ്ണമായ കണ്ണുകള്‍. എതിര്ക്കുന്നവന് പോലും മോദിയോട് ആരാധന തോന്നുന്നത് എന്തുകൊണ്ടാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി. ഇന്ത്യയ്ക്ക് വേണ്ടത് ഒരു പാവ പ്രധാനമന്ത്രിയെയല്ലെന്നും വാക്കിലും നോക്കിലും നടത്തത്തിലും വരെ ഊര്‍ജ്ജസ്വലതയുള്ള നേതാവിനെയാണെന്നും മോദിയുടെയുടെ സന്ദര്‍ശനത്തിലൂടെ ജനം മനസ്സിലാക്കുമെന്നതില്‍ സംശയമില്ല. അതിന് തെളിവായിരുന്നു എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരിലേക്കും ആവേശം അഗ്നിയായി പകര്ന്നുനല്കുന്ന പോല്‍ മോദി നടത്തിയ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: