തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ആയുഷ് കേന്ദ്രം പൂന്തുറയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കും. പൂന്തുറ മദര്‍ തെരേസ കോളനി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എസ്.ശിവകുമാറിന്റെ എം.എല്‍.എ.ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. പൂന്തുറയില്‍ ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുന്നതിനായി പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. 52 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.
30 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന മത്സ്യവല ഫാക്ടറി ഈ മാസം 18-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നും പദ്ധതി തീരദേശമേഖലയിലെ ജനങ്ങള്‍ക്ക് ഏറെ തൊഴില്‍സാധ്യത നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍ മുട്ടത്തറയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മുട്ടത്തറയില്തന്നെ കെ.എസ്.ഇ.ബിയുടെ 110 കെ.വി. സബ്സ്റ്റേഷന് ഉടന്‍ ഉദ്ഘാടനം ചെയ്യും. പ്രദേശത്ത് വൈദ്യുതി തടസ്സം പൂര്‍ണ്ണതോതില്‍ ഒഴിവാക്കാന്‍ ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂന്തുറയിലെ ശുദ്ധജലവിതരണ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രദേശത്ത് പട്ടയമില്ലാത്ത പാവപ്പെട്ട ജനങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: