പാലക്കാട് : ജ്ഞാനവും ശക്തിയും സമ്മേളിക്കുന്ന രാഷ്ട്ര നേതൃത്വം ഉയര്‍ന്നുവന്നാല്‍ മാത്രമേ ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരമാവുകയുള്ളുവെന്ന് വണ്ടിത്താവളം തപോവരിഷ്ഠാശ്രമം സ്ഥാപകനും ധര്‍മ്മസൂയ യാഗത്തിന്റെ മുഖ്യ ആചാര്യനുമായ തഥാതന് പറഞ്ഞു. ധര്‍മസൂയ യാഗവേദിയില്‍ നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികള്‍ ജിതേന്ദ്രിയരും വിശാല കാഴ്ച്ചപ്പാടുള്ളവരുമായാല് മാത്രമേ രാഷ്ട്രം ഔന്നിത്യത്തിലേക്ക് ഉയരൂ. ഭരണാധികാരികള്‍ വ്യക്തിഭാവത്തില്‍ നില്‍ക്കുന്നതുകൊണ്ടാണ് അഴിമതിയും സ്വജന പക്ഷപാതവും വരുന്നത്. വൈയക്തിക ഭാവത്തില്‍ നിന്ന് സമൂഹഭാവത്തിലേക്ക് ഇറങ്ങിയപ്പോഴാണ് സിന്ദാര്ത്ഥന് ബുദ്ധനായത്. പ്രജകള്‍ക്കു വേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ചണ്ഡാലനായ ഹരിശ്ചന്ദ്രനാണ് ആര്‍ഷ ഭാരതത്തിന്റെ മാതൃക. ദേവന്റെ ജ്ഞാനവും, അസുരന്റെ ശക്തിയും ആര്‍ജ്ജിച്ച രാഷ്ട്ര നേതൃത്വമാണ് നമുക്ക് വേണ്ടത്. നമ്മുടെ ഭരണാധികാരികള്‍ അധ:പതിച്ചത് നമ്മുടെ സംസ്കാരത്തിന്റെ ജീവനാഡിയായ വൈദിക ധര്‍മങ്ങളില്‍ നിന്നും അകന്നുപോയതുകൊണ്ടാണ്. ധര്‍മ വ്യവസ്ഥയെകുറിച്ച് തിരിച്ചറിവില്ലാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം. വൈദിക ധര്മത്തില് പറയുന്ന രാജനൈതിക വ്യവസ്ഥയിലേക്ക് നാം തിരിച്ചുപോകേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ ദുരവസ്ഥ മാറി ഭാരതം ലോകത്തിന് വഴികാട്ടുന്ന സുവര്‍ണ്ണ കാലഘട്ടത്തിന് നേതൃത്വം നല്കാന് പുതിയ ഭരണാധികാരികള്‍ ഉയര്‍ന്നുവരുമെന്ന പ്രത്യാശയും സ്വാമി പ്രകടിപ്പിച്ചു. 6 മുതല്‍ ആരംഭിച്ച യാഗം ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
യഞ്ജശാലയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ന് പ്രാസാദ പരാവിദ്യോപാസന, പ്രാഥമിക യാഗക്രമങ്ങള്, ധര്‍മ സ്വീകരണവിതാനം, രുദ്രാദി നിത്യയജ്ഞക്രമങ്ങള് തുടര്‍ന്ന് 10 മണിക്ക് തഥാതന്റെ ധര്‍മ പ്രബോധനവും, സംഘ പ്രാര്‍ത്ഥനയും. രാവിലെ 11.30 ന് പ്രവേശന വിളംബരം രാമന് അക്കതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് ഉച്ചക്ക് 2 മണിക്ക് മതം മാനവപുരോഗതിക്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍.സുരേഷ് അദ്ധ്യക്ഷത വഹിക്കും. പാലക്കാട് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ സാന്നിദ്ധ്യത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. പി.എന്‍.ദാസ്, പി.ആര്. നാഥന്, മുന്‍മന്ത്രി വി.സി.കബീര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: