ചെറുകോല്‍പ്പുഴ : കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ അമ്മമാര്‍ക്കുള്ള പങ്ക് വലുതാണെന്നും ഉപഭോഗസംസ്കാരത്തിന് കീഴ്പ്പെടാതെവേണം അമ്മമാര്‍ കുട്ടികളെ വളര്‍ത്തേണ്ടതെന്നും വനിതാകമ്മീഷനംഗം ഡോ.ജെ.പ്രമീളദേവി പറഞ്ഞു. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലെ വനിതാസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കപടലോകത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് വീടുകള്‍ തോറും ഭക്തിയുടെ പ്രതിരോധസേനകള്‍ ഉണ്ടാകണം. ആത്മീയ അടിത്തറ ഇല്ലാത്തതുമൂലമാണ് പ്രലോഭനങ്ങളില്‍ വശംവദരായി യുവതലമുറ വഴിതെറ്റിപോകുന്നത്. ഭൗതീക സുഖങ്ങള്‍ ഏതുസമയത്തും ഒഴിഞ്ഞുപോകുമെന്നും ആത്മീയ സമ്പത്ത് മാത്രമേ നിലനില്ക്കുകയുള്ളുവെന്നും യുവതലമുറയെ പഠിപ്പിക്കേണ്ട ബാദ്ധ്യതയും അമ്മമാരുടേതാണ്.
സ്ത്രീവിരുദ്ധതയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ലോകരാജ്യങ്ങളില്‍ നാലാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇതിന്റെ കാരണം മഹത്ത് വചനങ്ങളും ഉപനിഷത്ത് ദര്‍ശനങ്ങളും മനസ്സിലാക്കാത്തതുമൂലമാണെന്ന തിരിച്ചറിവ് ഉണ്ടാവണം. വൈദേശിക ആക്രമണങ്ങളും സംസ്കാരവുമാണ് ഭാരതീയ മൂല്യതകര്‍ച്ചയ്ക്ക് കാരണമായതെന്നും ഡോ പ്രമീളാദേവി പറഞ്ഞു.
സ്വന്തം പ്രസവം സിനിമയിലൂടെ കാണിക്കുന്നത് സ്ത്രീ സ്വാത്രന്ത്യമല്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കേരള ക്ഷേത്രസംരക്ഷണസമിതി വനിതാവേദി പ്രസിഡന്റ് പ്രഫ. വി.ടി.രമ പറഞ്ഞു. സ്വവര്‍ഗ്ഗരതിയെ പ്രേത്സാഹിപ്പിക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സാമൂഹ്യ മനസാക്ഷി ഉണരണമെന്നും അവര്‍ പറഞ്ഞു.
ബി.കെ ഗീത, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, കേരള ബ്രാഹ്മണസഭ വനിതാവിഭാഗം പ്രസിഡന്റ് ഡോ കെ വി സരസ്വതി, രത്നമ്മ വി പിള്ള എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പത്തനംതിട്ട സത്യസായി സമിതിയുടെ ഭജനയും സ്വാമി പ്രഭാകരാനന്ദ സരസ്വതിയുടെ പ്രഭാഷണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: