കണ്ണൂര്‍/ഇരിട്ടി: ഇരിട്ടി ഡിവൈഎസ്പി സുകുമാരനെ മണല്‍ കയറ്റിയ ടിപ്പര്‍ ലോറിയിടിച്ചു വധിക്കാന്‍ ശ്രമിച്ച അക്രമികളെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഇരിക്കൂര്‍ മാമാനത്തുവെച്ചു മണല്‍ മാഫിയകള്‍ ഡിവൈഎസ്പിയെയും രണ്ട് പോലീസുകാരെയും ടിപ്പര്‍ ലോറി കയറ്റി വധിക്കാന്‍ ശ്രമിച്ചത്.
ഹരിത ട്രിബ്യൂണലിന്റെ നടപടിയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും മണല്‍ വാരല്‍ നിരോധനം നിലവില്‍ വന്നിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ രാജമാണിക്യത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മേയ് മാസം വരെ നിരോധനം നീക്കാനുള്ള തീരുമാനം വ്യാഴാഴ്ചയോടെയാണ് നിലവില്‍ വന്നത്. ബാവലിപ്പുഴയില്‍ സ്ഥിതിചെയ്യുന്ന പഴശ്ശി പദ്ധതിയുടെ ഭാഗമായ പൂവം, ഇരിക്കൂര്‍ ഭാഗങ്ങളില്‍ മണല്‍ മാഫിയ വളരെ ക്കാലമായി സജീവമായിരുന്നു. പൊലീസുകാരടക്കം ഇതിന്നു ഒത്താശ ചെയ്യുന്നതായും പല കോണില്‍ നിന്നും ആക്ഷേപമുയര്‍ന്നിരുന്നു.
പ്രാദേശിക പോലീസ് നേതൃത്വത്തിന്നെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നതുകൊണ്ട് തന്നെ ഇരിക്കൂര്‍ പോലീസിന്റെ പരിധിയില്‍ വരുന്ന ഈ മണലൂറ്റ് കേന്ദ്രത്തില്‍ പോലീസിന്നിടയില് തന്നെ ഒറ്റുകാരുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ പോലും വിവരമാറിയിക്കാതെ സ്വകാര്യ വാഹനത്തില്‍ മണലൂറ്റുകാരെ തേടി ഡിവൈഎസ്പി പോവുകയായിരുന്നു. കൂടെ സിവില്‍ പോലീസുകാരായ രണ്ടുപേരും ഉണ്ടായിരുന്നു.
ഇരിക്കൂര്‍ പാലത്തിന്നു സമീപം മാമാനിക്കുന്നില്‍ മണല്‍ കയറ്റി വരികയായിരുന്ന ടിപ്പര്‍ലോറി കൈകാണിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വണ്ടി നിര്‍ത്താതെ മുന്നോട്ടെടുക്കുകയായിരുന്നു. ലോറിയെ പിന്തുടര്ന്ന് ഓവര്‍ടെക്ക് ചെയ്തു മുന്നില്‍ കയറിയ ഡിവൈഎസ്പിയുടെ വാഹനത്തെ ലോറി ഇടിച്ചു തെറിപ്പിച്ചു. അവിടെനിന്നും മുന്നോട്ടെടുക്കാന്‍ ശ്രമിച്ച ലോറി അടുത്തുള്ള മതിലില്‍ ഇടിച്ചു നിന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ജീവന് വേണമെങ്കില്‍ മാറിപ്പോയ്ക്കൊള്ളാന് ലോറിയിലുണ്ടായിരുന്നവര്‍ വിളിച്ചു പറഞ്ഞതായി ഡിവൈഎസ്പി പറഞ്ഞു. ടിപ്പര്‍ ലോറിക്ക് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. നിസ്സാര പരിക്കുകളോടെ തലനാരിഴക്കാണു ഡിവൈഎസ്പിയും സംഘവും രക്ഷപ്പെട്ടത്.
ടിപ്പറിന്റെ ചെയ്സ് നമ്പര്‍ നോക്കി വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം പോലീസിന്നു കിട്ടിയതായാണ് അറിയാന്‍ കഴിയുന്നത്.
ജില്ലയില്‍ മണല്‍ നിരോധനം നീക്കയതിനെ തുടര്‍ന്ന് മമല്‍ മാഫിയകള്‍ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലയുടെ പല ഭാഗത്തും പട്ടാപ്പകല്‍ പോലും ചിലര്‍ സംഘടിതമായി മണല്‍ കടത്തുകയാണ്. ഇന്നലെ മുഴപ്പിലങ്ങാട് ബീച്ചില്‍ മണല്‍ കടത്താന്‍ ലോറിയുമായെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഒരു സംഘം സിപിഎമ്മുകാരാണ് മണല്‍ കടത്താനെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ലോറി കേസെടുക്കാതെ എടക്കാട് പോലീസ് വിട്ടയച്ചതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: