കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിനു സമീപം സൈബര്‍ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി കുടില്‍ കെട്ടിയ എന്‍സിപി പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചു. പുറമ്പോക്കാണെന്ന വാദവുമായി കയ്യേറിയ ഭൂമിയില്‍ നിന്നാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. സ്ഥലം കയ്യേറി കെട്ടിയിരുന്ന ആയിരത്തോളം കുടിലുകളാണ് പൊളിച്ചു നീക്കിയത്. കയ്യേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയശേഷമായിരുന്നു ഇത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണര്‍ ബിജോ അലക്സാണ്ടറിന്റെ നേതൃത്വത്തില്‍ മുന്നോറോളം വരുന്ന പോലീസ സംഘമാണ് കയ്യേറ്റക്കാരെ നീക്കിയത്. ഒരു മണിക്കൂര്‍ കൊണ്ട് എല്ലാ കുടിലുകളും പൊളിച്ചു നീക്കിയെന്നും ഏകദേശം ആയിരത്തോളം കുടിലുകള്‍ കയ്യേറ്റക്കാര്‍ ഇവിടെ കെട്ടിയിരുന്നതായും ബിജോ അലക്സാണ്ടര്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രമുപയോഗിച്ചായിരുന്നു കുടിലുകള്‍ പൊളിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊണ്ണൂറോളം എന്‍സിപി പ്രവര്‍ത്തകര്‍ ബുധനാഴ്ചയാണ് സൈബര്‍ സിറ്റിയുടെ 70 ഏക്കര്‍ സഥലം കയ്യേറിയത്. 90 ഏക്കര്‍ സ്ഥലം സൈബര്‍ സിറ്റിയുടെ കൈവശമുണ്ടെന്നും ഇതില്‍ 20 ഏക്കര്‍ പുറമ്പോക്കാണെന്നും അവകാശപ്പെട്ടായിരുന്നു എന്‍സിപി പ്രവര്‍ത്തകരുടെ കയ്യേറ്റം. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടില്‍കെട്ടി സമരം നടത്തിയതെന്നും ജില്ലാ, നിയോജക മണ്ഡലം കമ്മറ്റികളില്‍ ഇത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്‍സിപി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുള്‍ അസീസ് പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ക്കായി നിയോജക മണ്ഡലം പ്രസിഡന്റിനെ ബന്ധപ്പെട്ടിട്ടുണ്ട്. 20 ഏക്കര്‍ പുറമ്പോക്ക് സൈബര്‍ സിറ്റിയുടെ കൈവശമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. 70 ഏക്കര്‍ മാത്രമേ സൈബര്‍ സിറ്റിയുടെ കൈവശമുള്ളുവെന്ന് തെളിഞ്ഞാല്‍ അത് പാര്‍ട്ടി അംഗീകരിക്കും.
70 ഏക്കര്‍ സ്ഥലം മാത്രമേ തങ്ങളുടെ പക്കലുള്ളുവെന്ന് സൈബര്‍സിറ്റി ലീഗല്‍ അസിസ്റ്റന്റ് രാജഗോപാല്‍ പറഞ്ഞു. 2006ല്‍ ആഗോള ടെണ്ടര്‍ വഴി എച്ച്എംടിയില്‍ നിന്നാണ് സൈബര്‍ സിറ്റിക്ക്് ഈ ഭൂമി ലഭിച്ചത്. താലൂക്ക് സര്‍വെയര്‍ അളന്നു തിട്ടപ്പെടുത്തിയ ഭൂമി ബന്ധപ്പെട്ട തഹസില്‍ദാര്‍ പരിശോധിച്ചിരുന്നു. അതുകൊണ്ട് എന്‍സിപി ഉയര്‍ത്തുന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: