കോട്ടയം: ബംഗളുരു സെന്റ് പീറ്റേഴ്സ സെമിനാരി റെക്ടറും ഏറ്റുമാനൂര്‍ സ്വദേശിയുമായ ഫാ. കെ.ജെ തോമസ് പഴേമ്പള്ളി (62) സെമിനാരിക്കുള്ളില്‍ വധിക്കപ്പെട്ട സംഭവത്തില്‍ സഭയുടെ നിലപാടുകളില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന് കെ.ജെ മാത്യുവും സഹോദരപുത്രന് അഡ്വ. ജോസഫ് മാത്യുവും പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഫാ.തോമസ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബംഗളുരു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തത് സഭയിലെ ചില ഉന്നതരുടെ ഇടപെടലുകള്‍ മൂലമാണെന്ന് അവര്‍ ആരോപിച്ചു. വധത്തില്‍ സെമിനാരിയിലെ സഹവൈദികരുടെ പങ്ക് സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നാല് വൈദികരെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഭാധികൃതര്‍ സെമിനാരിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ശാസ്ത്രീയ പരിശോധനകളില്‍ വൈദികരുടെ പങ്ക് വെളിപ്പെട്ടെങ്കിലും ഉന്നത ഇടപെടലുകള്‍ മൂലം അറസ്റ്റ് മാത്രം നടക്കുന്നില്ല.
സഭാസ്ഥാപനത്തില്‍ വച്ച് വൈദികന് കൊല്ലപ്പെട്ടിട്ടും സഹവൈദികര്‍ സംശയത്തിന്റെ നിഴലിലായിട്ടും സഭ കാനോനികമായ ആഭ്യന്തര അന്വേഷണത്തിന് പോലും തയ്യാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതിക്രൂരമായാണ് ഫാ. തോമസ് കൊല്ലപ്പെട്ടത്. അടിയേല്‍ക്കാത്ത ഒരു ഭാഗവും ശരീരത്തില്ലായിരുന്നു. തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും 17 ബിഷപ്പുമാര്‍ അടങ്ങിയ ബോര്‍ഡാണ് സെമിനാരിയുടെ ഭരണം നടത്തുന്നത്. കൊലപാതകം നടന്ന ശേഷം മൂന്ന് ബിഷപ്പുമാര്‍ മാത്രമാണ് വീട്ടുകാരെ അനുശോചന സന്ദേശമെങ്കിലും അറിയിച്ചത്. സംസ്കാര ചടങ്ങുകളിലും മെത്രാന്മാര് പങ്കെടുത്തില്ല. സഭയ്ക്കുള്ളിലെ സംഘര്‍ഷം മരണകാരണമായിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിന്നീട് വെളിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.
സെമിനാരിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്കും സ്വത്തുതര്ക്കത്തിനും എതിരെ ഫാ. തോമസ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതായിരിക്കാം കൊലപാതകത്തിനിടയാക്കിയതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. മാര്‍പാപ്പാ മുതലുള്ള സഭാധികാരികള്‍ക്കും കേരള, കര്‍ണ്ണാടക, മുഖ്യമന്ത്രിമാര്‍, ആഭ്യന്തരമന്ത്രിമാര്‍ എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല.
ഇത് സംബന്ധിച്ച് പാലായില്‍ നടക്കുന്ന അഖിലേന്ത്യാ മെത്രാന് സമ്മേളനത്തിലും പരാതി നല്കി. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് സഭ ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: